സുപ്രീംകോടതിയില്‍ പോയില്ല; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു
kERALA NEWS
സുപ്രീംകോടതിയില്‍ പോയില്ല; ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 10th January 2019, 9:41 pm

കൊച്ചി: ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിധിച്ച പിഴ സംഖ്യ ശോഭാ സുരേന്ദ്രന്‍ കോടതിയില്‍ അടച്ചു. അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞെന്ന് ചൂണ്ടിക്കാട്ടി 25000 രൂപയായിരുന്നു ഹൈക്കോടതി ശോഭാ സുരേന്ദ്രന് പിഴ വിധിച്ചിരുന്നത്.

പിഴയൊടുക്കാതെ മേല്‍ക്കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്‍ നിലപാട്. എന്നാല്‍ പിഴയൊടുക്കി പ്രശ്‌നം അവസാനിപ്പിച്ചിരിക്കുകയാണ് ശോഭാസുരേന്ദ്രന്‍.

ശബരിമലയില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപ്പച്ചത്. എന്നാല്‍, ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹരജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹരജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു.

കോടതി വിമര്‍ശനം വന്നതോടെ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറായ ശോഭയുടെ അഭിഭാഷകന്‍ നിരുപാധികം മാപ്പുപറഞ്ഞു. എന്നാല്‍, അനാവശ്യ വ്യവഹാരങ്ങള്‍ക്കുള്ള സന്ദേശം കൂടിയാണിതെന്ന് വ്യക്തമാക്കിയാണ് 25,000 രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചത്. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തണമെന്നും കോടതി ഉത്തരവിട്ടിരുന്നു.