എനിക്ക് ഒട്ടും താല്‍പര്യമില്ലാതെ ചെയ്ത സിനിമയായിരുന്നു അത്, ചിലരുടെ നിര്‍ബന്ധമായിരുന്നു കാരണം: എസ്.എന്‍ സ്വാമി
Entertainment news
എനിക്ക് ഒട്ടും താല്‍പര്യമില്ലാതെ ചെയ്ത സിനിമയായിരുന്നു അത്, ചിലരുടെ നിര്‍ബന്ധമായിരുന്നു കാരണം: എസ്.എന്‍ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th January 2023, 9:45 am

എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി കെ.മധു സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഇരുപതാം നൂറ്റാണ്ട്. സിനിമയും സിനിമയിലെ ജാക്കി എന്ന മോഹന്‍ലാല്‍ കഥാപാത്രവും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പിന്നീട് ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു. എസ്.എന്‍.സ്വാമി തന്നെയായിരുന്നു സിനിമക്ക് തിരക്കഥയെഴുതിയത്.

എന്നാല്‍ തനിക്ക് ഒട്ടും താല്‍പര്യമില്ലാതെയാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമ ചെയ്തതെന്ന് പറയുകയാണ് എസ്.എന്‍ സ്വാമി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധം കൊണ്ട് മാത്രമാണ് ആ സിനിമ ചെയ്തതെന്നും സ്വാമി പറഞ്ഞു. ആദ്യ ഭാഗത്തില്‍ തന്നെ ജാക്കിയുടെ കഥ പറഞ്ഞ് കഴിഞ്ഞിരുന്നുവെന്നും രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഗര്‍ ഏലിയാസ് ജാക്കി എന്ന പേരില്‍ ഞങ്ങളൊരു സിനിമ ചെയ്യുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സിനിമ ചെയ്യാനും അതിന് കഥ എഴുതാനും എനിക്ക് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. ആന്റണി പെരുമ്പാവൂരിന്റെ ഒറ്റ നിര്‍ബന്ധം കൊണ്ടാണ് അങ്ങനെയൊരു സിനിമ സംഭവിക്കുന്നത്.

ആന്റണിയുടെ നിര്‍ബന്ധം കൊണ്ട് എഴുതിയ സിനിമ വിചാരിച്ചത് പോലെ എവിടെയും എത്തിയില്ല. അത് എഴുതാന്‍ എനിക്കത്ര താല്‍പര്യവുമില്ലായിരുന്നു. ശരിക്കും പറഞ്ഞാന്‍ ആ തിരക്കഥയില്‍ ഞാന്‍ തൃപ്തനായിരുന്നില്ല. ആദ്യത്തെ പുതുമയൊന്നും പിന്നീട് വന്നപ്പോള്‍ ആ സിനിമക്കില്ല. എന്തൊക്കെ പറഞ്ഞാലും അത് അങ്ങനെ തന്നെയാണ്.

കാര്യം അമല്‍ നീരദ് ഒരു സംവിധായകന്‍ എന്ന നിലയില്‍ ആ സിനിമ നന്നായി തന്നെ എടുത്ത് വെച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. ബാക്കിയുള്ള ഘടനയൊന്നും പോരായിരുന്നു. ഇരുപതാം നൂറ്റാണ്ട് പോലെയൊരു സിനിമയുടെ രണ്ടാം ഭാഗമായി സാഗര്‍ ഏലിയാസ് ജാക്കി പോലെയൊരു സിനിമയെ നമുക്ക് പ്ലെയിസ് ചെയ്യാന്‍ കഴിയില്ല.

ജാക്കിക്ക് പറയാന്‍ ഒരു കഥ മാത്രമെയുള്ളു. ആദ്യ ഭാഗത്തില്‍ തന്നെ ആ കഥ കഴിഞ്ഞു. പിന്നെ നമ്മള്‍ എത്ര കഥ പറഞ്ഞാലും ആളുകള്‍ വിശ്വസിക്കില്ല. ജയിലില്‍ പോയ ആളുകള്‍ എങ്ങനെയാടാ പുറത്ത് വന്നതെന്ന് പ്രേക്ഷകര്‍ ചോദിക്കും. ഒരിക്കല്‍ പറഞ്ഞ് അവസാനിപ്പിച്ച കഥ നമ്മള്‍ എത്ര ശ്രമിച്ചാലും പിന്നെ ചെയ്യാന്‍ കഴിയില്ല.

ഞാന്‍ അത്ര ആത്മാര്‍ത്ഥമായിട്ടൊന്നുമല്ല അതിന്റെ തിരക്കഥ എഴുതിയത്. എത്ര ശ്രമിച്ചിട്ടും എന്നെ കൊണ്ട് കഴിയുന്നില്ലായിരുന്നു.ഇരുപതാം നൂറ്റാണ്ടിന് രണ്ടാം ഭാഗം എന്ന ചിന്ത എനിക്ക് ഉള്‍കൊള്ളാന്‍ പോലും സാധിച്ചില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.

content highlight: sn swamy talks about sagar alias jacky movie