എഡിറ്റര്‍
എഡിറ്റര്‍
അഞ്ച് വര്‍ഷം കൊണ്ട് പ്രസിഡന്റാവുമെന്ന് സ്മൃതി ഇറാനിയോട് ജോത്സ്യന്‍
എഡിറ്റര്‍
Monday 24th November 2014 8:32pm

Smriti_Irani_astrologer_650

ന്യൂദല്‍ഹി: ഭാവി അറിയാനായി ജോത്സ്യനെ സമീപിച്ച കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത് താന്‍ അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യന്‍ പ്രസിഡന്റ് പദവിയില്‍ എത്തുമെന്ന മഹാസത്യം. ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പമാണ് രാജസ്ഥാനിലെ പ്രശസ്ത ജോത്സ്യനായ നാഥുലാല്‍ വ്യാസിനെ സമീപിച്ചത്.

കഴിഞ്ഞ ദിവസം ഒരു ഹിന്ദി ദിനപത്രത്തിലാണ് ജോത്സ്യനു മുന്‍പില്‍ കൈ മലര്‍ത്തി നില്‍ക്കുന്ന ചിത്രം വന്നത്. ജയ്പൂരില്‍ നിന്നും 280 കാലോമീറ്റര്‍ അകലെയുള്ള സ്ഥലമായ നാഥ്ദ്വാരയില്‍ എത്തിയാണ് ഇറാനി വ്യാസിനെ സന്ദര്‍ശിച്ചത്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ എസ്.പി നേതാവ് അമര്‍സിംഗ് തുടങ്ങിയവരെല്ലാം വ്യാസിന്റെ സ്ഥിരം സന്ദര്‍ശകരാണ്.

നേരത്തെ സ്മൃതി ഇറാനി മന്ത്രിയാവുമെന്ന് താന്‍ പ്രവചിച്ചിരുന്നതാണെന്ന് വ്യാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേ സമയം സ്മൃതിയുടെ സന്ദര്‍ശനം വിവാദമായിരിക്കുകയാണ്. മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി എന്ന നിലക്ക് ശാസ്ത്ര മനോഭാവം വളര്‍ത്തിയെടുക്കേണ്ടത് സ്മൃതിയുടെ കടമയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചത്.

സന്ദര്‍ശനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സ്മൃതി ഇറാനി മാധ്യമങ്ങളോട് പ്രതികരിച്ചത് ‘തന്റെ സ്വകാര്യ ജീവിതത്തില്‍ താനെന്ത് ചെയ്യുന്നുവെന്നത് നോക്കുന്നത് മാധ്യമങ്ങളുടെ ധര്‍മമല്ലെന്നും, നിങ്ങളുടെ ടെലിവിഷന്‍ റേറ്റ് വര്‍ധിക്കുമെങ്കില്‍ നിങ്ങള്‍ക്കെന്റെ മതത്തെയും വിശ്വാസത്തെയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാം’ എന്നുമാണ്.

അതേ സമയം സ്മൃതി ഇറാനിക്ക് പിന്തുണയുമായി കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹിബത്തുള്ള രംഗത്തെത്തി. ജോത്സ്യത്തില്‍ ശാസ്ത്രമുണ്ടെന്നും തനിക്ക് ഇതില്‍ വിശ്വാസമുണ്ടെന്നുമാണ് നജ്മ ഹിബത്തുള്ള പറഞ്ഞത്.

Advertisement