എഡിറ്റര്‍
എഡിറ്റര്‍
‘ശവത്തില്‍ കുത്തരുത് പിള്ളേച്ചാ’: കോഹ്‌ലിയുടെ പരുക്കിനെ കളിയാക്കി സ്മിത്തും മാക്‌സ്‌വെല്ലും, വീഡിയോ കാണാം
എഡിറ്റര്‍
Saturday 18th March 2017 3:52pm

റാഞ്ചി: ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് ഏറ്റ പ്രഹരമായിരുന്നു നായകന്‍ വിരാട് കോഹ്‌ലിയ്‌ക്കേറ്റ പരുക്ക്. തോളെല്ലിന് പരുക്കേറ്റതോടെ ആദ്യ രണ്ട് ദിവസവും ഡ്രസ്സിംഗ് റൂമിലിരിക്കാനായിരുന്നു ഇന്ത്യന്‍ നായകന് വിധി.

മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയെങ്കിലും ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ കോഹ്‌ലിയ്ക്കായില്ല. വെറും ആറു റണ്‍സുമായി കളിക്കളം വിടാനായിരുന്നു യോഗം. കുമ്മിന്‍സിന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്. അതും സ്മിത്തിന്റെ കൈകളില്‍ തന്നെ.

ഔട്ടായ കോഹ്‌ലിയെ പരിഹസിച്ചായിരുന്നു ഓസീസ് താരങ്ങള്‍ യാത്രയാക്കിയത്. പരമ്പരയില്‍ നേരത്തെ തന്നെ വിരാടുമായി കോര്‍ത്ത സ്മിത്തായിരുന്നു പരിഹാസത്തിലും നായകന്‍. തോളെല്ലിന് പരുക്കേറ്റ സമയത്ത് വേദന സഹിക്കാന്‍ വയ്യാതെ പുളഞ്ഞ കോഹ്‌ലിയുടെ ഭാവം അനുകരിച്ചായിരുന്നു സ്മിത്തിന്റെ പരിഹാസം.

സ്മിത്തിന് കൂട്ടായി ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെല്ലും ചേര്‍ന്നതോടെ പരിഹാസം അതിരു വിട്ടു. ബംഗളൂരു ടെസ്റ്റിലെ ഡി.ആര്‍.എസ് വിവാദത്തിന്റെ തുടര്‍ച്ചായായാണ് പുതിയ സംഭവത്തേയും വിലയിരുത്തുന്നത്. അതേസമയം ഓസീസ് താരങ്ങളുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. പക്വതയില്ലായ്മയാണെന്നാണ് പരക്കെ ഉയര്‍ന്ന വിമര്‍ശനം.

ഓസീസിനെതിരായ പരമ്പരയില്‍ പരുക്കും ഫോമും വിരാടിനെ വേട്ടയാടുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്നും വിരാട് നേടിയത് വെറും 40 റണ്‍സ് മാത്രമാണ്. പരമ്പരയിലെ കോഹ്‌ലിയുടെ പെരുമാറ്റവും വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Advertisement