Administrator
Administrator
സ്മാര്‍ട്ട് ഫോണ്‍ അത്ര സ്മാര്‍ട്ടല്ല
Administrator
Thursday 31st March 2011 4:38pm

ആദ്യമൊക്കെ എല്ലാവരുടേയും സ്വപ്‌നം ഒരു മൊബൈല്‍ സ്വന്തമാക്കുക എന്നതായിരുന്നു. എന്നാല്‍ ഇന്ന് ഒരു സ്മാര്‍ട്ട് ഫോണെങ്കിലും വേണമെന്നാണ് ഓരോരുത്തരുടേയും ആഗ്രഹം. മൂന്ന് സ്മാര്‍ട്ട് ഫോണ്‍വരെ കൈവശം വച്ചു നടക്കുന്നവരുമുണ്ട്. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ അധികം ഉപയോഗിക്കുന്നത് അത്ര സ്മാര്‍ട്ടാക്കില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‌ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്‌ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ഈ പ്രശ്‌നങ്ങളുമായി ഡോക്ടറെ സമീപിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

ത്വക്കിന് മാത്രമല്ല സ്മാര്‍ട്ട് ഫോണുകള്‍ പ്രശ്‌നമുണ്ടാക്കുന്നത്. സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ ഇതിലും പ്രശ്‌നമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എംഎം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‌ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എംഎം എങ്കിലും അകലെയാവണമെന്നാണ്.

Advertisement