സ്കൂളിൽ പോകേണ്ട പ്രായത്തിൽ ​റെക്കോഡ് ​ഗോൾ; തരം​ഗമായി പി.എസ്.ജിയുടെ യുവതാരം
Football
സ്കൂളിൽ പോകേണ്ട പ്രായത്തിൽ ​റെക്കോഡ് ​ഗോൾ; തരം​ഗമായി പി.എസ്.ജിയുടെ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd February 2023, 12:22 pm

കഴിഞ്ഞ ദിവസം ലീ​ഗ് വണ്ണിൽ നടന്ന മത്സരത്തിൽ മോണ്ട്പെല്ലിയറിനെ പി.എസ്.ജി കീഴ്പ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു പി.എസ്.ജിയുടെ ജയം.

പി.എസ്.ജിക്കായി ലയണൽ മെസി ഒരു ഗോൾ നേടിയപ്പോൾ ഫാബിയാൻ റൂയിസ്, വാറൻ സെറെ എമരി എന്നിവരാണ് മറ്റുഗോളുകൾ സ്വന്തമാക്കിയത്. മോണ്ട്‌പെല്ലിയറിന്റെ ഗോൾ അർനോഡ് നോർഡിന്റെ വകയായിരുന്നു.

മത്സരത്തിൽ പി.എസ്.ജിയുടെ യുവതാരം എമരിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. പകരക്കാരനായിറങ്ങി ഇഞ്ച്വറി ടൈമിൽ ​ഗോൾ നേടിയ എമരിക്ക് വെറും 16 വയസാണ് പ്രായം.

ഹക്കിമിയിൽ നിന്നും പന്ത് സ്വീകരിച്ച താരം വലത് വിങ്ങിലൂടെ വേഗത്തിൽ മുന്നേറി ബോക്‌സിലെത്തുകയും നേരിട്ട് ഷോട്ടെടുത്ത് വലകുലുക്കുകയുമായിരുന്നു. പി.എസ്‌.ജിക്ക് വേണ്ടി ലീഗിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് എമരി.

ലീ​ഗിലെ ആദ്യ ​​ഗോൾ നേടാനായതിൽ സന്തോഷവാനാണെന്നും പി.എസ്.ജിക്കായി കൂടുതൽ​ ​ഗോൾ നേടാനാകുമെന്നും എമരി പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

​ലീ​ഗിലെ ആദ്യത്തെ ​ഗോൾ നേടാനായത് അവിശ്വസനീയമായ അനുഭവം ആണ്. ഇനിയും ഗോളുകൾ നേടാൻ കഴിയുമെന്ന് കരുതുന്നു. ഞാൻ സന്തോഷവാനാണ്. മെസി ഉണ്ടായിരുന്നെങ്കിലും ഷൂട്ട് ചെയ്യുകയാണ് നല്ലതെന്ന് തോന്നിയത് കൊണ്ട് അവസരം ഉപയോഗിച്ചു. ആദ്യഗോൾ ഞാൻ മെസിക്കൊപ്പമാണ് ആഘോഷിച്ചത്. വിശ്വസിക്കാൻ കഴിയുന്നില്ല, എമരി പറഞ്ഞു.

ഈ സീസണിൽ പി.എസ്‌.ജിക്കായി എമരി കളത്തിലിറങ്ങുന്ന പതിനൊന്നാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പി.എസ്‌.ജി ഒരു താരത്തെയും സ്വന്തമാക്കിയിട്ടില്ലെന്നരിക്കെ യുവതാരങ്ങളെ അവർക്ക് കൂടുതൽ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

മത്സരത്തിൽ ആദ്യ പകുതിയിൽ സ്‌കോർ ചെയ്യാൻ പി.എസ്.ജിക്ക് സാധിച്ചിരുന്നില്ല. മത്സരത്തിന്റെ 55ാം മിനിട്ടിലാണ് ഫ്രഞ്ച് വമ്പൻ ക്ലബ്ബിന്റെ ആദ്യ ഗോൾ പിറന്നത്. എക്കിറ്റിക്കെയുടെ അസിസ്റ്റിൽ നിന്ന് ഫാബിയാൻ റൂയിസാണ് ലീഡ് ചെയ്തത്.

72ാം മിനിട്ടിൽ റൂയിസിന്റെ അസിസ്റ്റിൽ ലയണൽ മെസിയും ഗോൾ നേടി. 89ാം മിനിട്ടിലാണ് മോണ്ട്‌പെല്ലിയറിന്റെ ഗോൾ പിറന്നത്. എന്നാൽ 92ാം മിനിട്ടിൽ എമരി പി.എസ്.ജിയുടെ മൂന്നാം ഗോൾ തൊടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. പരിക്കിനെ തുടർന്ന് നെയ്മർ മത്സരത്തിനിറങ്ങിയിരുന്നില്ല.

പോയിന്റ് പട്ടികയിൽ 51 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് പി.എസ്.ജി. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്സെലിയെയുമായിട്ടാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Sixteen year old Warren Zaïre Emery kicks his first goal for PSG