ഹിസ്ബുള്ള-അമാല്‍ ഗ്രൂപ്പുകള്‍ നടത്തിയ റാലിയില്‍ വെടിവെപ്പ്; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്
World News
ഹിസ്ബുള്ള-അമാല്‍ ഗ്രൂപ്പുകള്‍ നടത്തിയ റാലിയില്‍ വെടിവെപ്പ്; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th October 2021, 6:40 pm

ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ട് തുറമുഖത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സ്‌ഫോടനത്തിന്റെ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തീവ്രവാദ സംഘങ്ങളായ ഹിസ്ബുള്ളയും അമാല്‍ ഗ്രൂപ്പും നടത്തിയ റാലിയില്‍ വെടിവെയ്പ്പ്. വെടിവെപ്പില്‍ ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ആഭ്യന്തര മന്ത്രിയായ ബസ്സാം മവ്‌ലാവിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. 30ലധികം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്ന് ലെബനീസ് റെഡ് ക്രോസ് വ്യക്തമാക്കുന്നു.

എ.എഫ്.പിയാണ് വെടിവെപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്. പലര്‍ക്കും നെറ്റിയിലാണ് വെടിയേറ്റിട്ടുള്ളതെന്ന് ബെയ്‌റൂട്ടിലെ തെക്കന്‍ പ്രവിശ്യയിലെ സഫേല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എ.എഫ്.പിയോട് പറഞ്ഞു.

റാലിയില്‍ ഹിസ്ബുള്ള പ്രവര്‍ത്തകര്‍ തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. നിരവധി തവണ ഹിസ്ബുള്ള-അമാല്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടന്‍ തന്നെ സൈന്യം സ്ഥലത്തെത്തുകയും, അന്തരീക്ഷം ശാന്തമാക്കുകയും ചെയ്തു.

‘ വെടിവെപ്പ് നടന്നയുടന്‍ സൈന്യം പ്രദേശം വളയുകയും സൈനികരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടത്തിയവരെ ഉടന്‍ പിടികൂടും,’ സൈനിക മേധാവികള്‍ അറിയിച്ചു.

ലെബനനെ അക്രമത്തിലേക്ക് വലിച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളണമെന്നും സമാധാനം പുനസ്ഥാപിക്കണമെന്നും പ്രധാനമന്ത്രി നജീബ് മികാതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Six Dead In Beirut Deadly Shooting During Protest Over Port Blast Probe