എഡിറ്റര്‍
എഡിറ്റര്‍
ഒരു ഫ്‌ളാറ്റ് സമുച്ചയത്തിന് വര്‍ഷം സബ്‌സിഡി നിരക്കില്‍ ആറ് പാചകവാതക സിലിണ്ടറുകള്‍ മാത്രം
എഡിറ്റര്‍
Monday 8th October 2012 12:40am

കൊച്ചി: ഒരു ഫ്‌ളാറ്റ് സമുച്ചയത്തെ ഒറ്റ കണക്ഷനായി കണക്കാക്കി ഒരു വര്‍ഷം സബ്‌സിഡി നിരക്കില്‍ ആറ് പാചകവാതക സിലിണ്ടറുകള്‍ മാത്രമേ നല്‍കൂ എന്ന്  എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.  പാചകവാതക വില കുത്തനെ വര്‍ധിപ്പിക്കുകയും ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം, കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം സ്ഥാപിച്ചിട്ടുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ ഉപയോക്താക്കളെ ദുരിതത്തിലാഴ്ത്തുകയാണ്.

Ads By Google

ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഫ്‌ളാറ്റുടമകള്‍. ഒരു ലക്ഷത്തോളം കുടുംബങ്ങളാണ് സംസ്ഥാനത്ത് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നത്.

കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനമുള്ള (റെറ്റിക്യുലേഷന്‍ സമ്പ്രദായം) ഫ്‌ളാറ്റ് സമുച്ചയത്തില്‍, എത്ര കുടുംബങ്ങളുണ്ടെങ്കിലും ആറ് സബ്‌സിഡി സിലിണ്ടറേ നല്‍കൂ എന്നാണ് തീരുമാനം. കേന്ദ്രീകൃത സംവിധാനത്തെ ഒറ്റ കണക്ഷനായേ പരിഗണിക്കൂ. ഫ്‌ളാറ്റുകള്‍ നിറഞ്ഞ മുംബൈപോലുള്ള വന്‍നഗരങ്ങളില്‍ തീരുമാനം കടുത്ത പ്രത്യാഘാതമുണ്ടാക്കും. ഒരു കുടുംബത്തിന് വര്‍ഷം സബ്‌സിഡിയോടെ ആറ് സിലിണ്ടറുകളേ നല്‍കൂ എന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, ഒരു ഫ്‌ളാറ്റില്‍ ശരാശരി 200 മുതല്‍ 300 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഫലത്തില്‍ ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറുകള്‍ തന്നെ വാങ്ങേണ്ടി വരും. സബ്ഡിഡിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 437 രൂപയാണ് വില. ഇല്ലാത്തവയ്ക്ക് 931 രൂപയും. ഇത് കുടുംബ ബജറ്റുകള്‍ താളം തെറ്റിക്കും. സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തോടെയാണ് പുതിയ തീരുമാനം. അതായത് 2013 മാര്‍ച്ച് 31 വരെ ഇനി മൂന്ന് സബ്‌സിഡി സിലിണ്ടര്‍ മാത്രമേ ഒരു ഫ്‌ലാറ്റ് സമുച്ചയത്തിന് ലഭിക്കൂ.

ഒരു കുടുംബത്തിന് ആറ് സബ്‌സിഡി സിലിണ്ടറുകള്‍ അനുവദിച്ചിരിക്കെ തങ്ങളെ അതില്‍ നിന്ന് ഒഴിവാക്കിയത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഫ്‌ളാറ്റ് നിവാസികള്‍ പറയുന്നു. തങ്ങളെ കുടുംബങ്ങളായി സര്‍ക്കാര്‍ കണക്കാക്കിയിട്ടില്ലേ എന്നാണ് അവരുടെ ചോദ്യം. എത്ര പണം മുടക്കിയാലും സിലിണ്ടര്‍ കിട്ടാനില്ലാത്ത സ്ഥിതി കൂടിയായതോടെ കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഫ്‌ളാറ്റുകളില്‍ വീട്ടമ്മമാര്‍ കൂടുതലും ആശ്രയിക്കുന്നത് പാചകവാതകത്തെയാണ്. അത് പ്രതിസന്ധിയിലായതോടെ ഇന്‍ഡക്ഷന്‍ കുക്കറുകളും മൈക്രോവേവ് അവനുമാണ് ആശ്രയം. എന്നാല്‍, ഇവ ഉപയോഗിക്കുന്നത് വൈദ്യുതി ഉപഭോഗം ഇരട്ടിയാക്കും. പഴയ വിറകടുപ്പിലേക്ക് തിരിച്ചുപോകേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക.

പുതിയ ഫ്‌ളാറ്റുകള്‍ സുരക്ഷ മുന്‍നിര്‍ത്തി കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്. താഴെ നിലയിലെ സിലിണ്ടര്‍ ചേംബറില്‍ സിലിണ്ടറുകള്‍ ഒരുമിച്ച് വെച്ചിരിക്കും. ഇവിടെ നിന്ന് പൈപ്പ്‌ലൈന്‍ വഴി ഓരോ ഫ്‌ളാറ്റിലേക്കും വാതകമെത്തിക്കുന്നു. മീറ്റര്‍ റീഡിങ് അനുസരിച്ച് വാതകത്തിന് വില ഈടാക്കുന്നു. കേന്ദ്രീകൃത സംവിധാനം നിര്‍മിക്കാന്‍ വേണ്ട ചെലവ് താമസക്കാര്‍ വീതംവെച്ച് നല്‍കുകയാണ് പതിവ്. ശരാശരി 20,000 രൂപ ഇങ്ങനെ ഓരോ താമസക്കാരനും ചെലവാകുന്നുണ്ട്. നിര്‍മാണ കമ്പനിയുടെ പേരിലായിരിക്കും കണക്ഷന്‍. സ്വന്തം കണക്ഷന്‍ സറണ്ടര്‍ ചെയ്ത് കേന്ദ്രീകൃത സംവിധാനത്തെ ആശ്രയിച്ചവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

Advertisement