എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ഗതി എല്‍.കെ അദ്വാനിയെപ്പോലെയായി’ പാര്‍ട്ടിയ്‌ക്കെതിരെ പരോക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് എക്‌നാഥ് കദ്‌സെ
എഡിറ്റര്‍
Monday 28th August 2017 8:43am

മുംബൈ: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെപ്പോലെയായി തന്റെ ഗതിയുമെന്ന് മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ എക്‌നാഥ് കദ്‌സെ. ജല്‍ഗൗണില്‍ കഴിഞ്ഞദിവസം നടന്ന ബി.ജെ.പി ലോക്കല്‍ യൂണിറ്റിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു.

‘ എനിക്കു തോന്നുന്നത് നമ്മുടെ ദേശീയ നേതാവ് എല്‍.കെ അദ്വാനിയുടേതിനു സമാനമായി പാര്‍ട്ടിയിലെ എന്റെ സ്ഥാനവുമെന്നാണ്. മുതിര്‍ന്നവര്‍ക്ക് വഴികാട്ടിയെന്ന റോള്‍ മാത്രമേയുള്ളൂ, പ്രവര്‍ത്തിക്കുന്നതെല്ലാം പുതിയ നേതാക്കളാണ്.’ എന്നാണ് അദ്ദേഹം പറഞ്ഞത്.


Don’t Miss: ‘ആദ്യം അവിടുത്തെ മലയാളികളുടെ സുരക്ഷ ഉറപ്പാക്കൂ’ ഹരിയാനയിലെ മലയാളികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച പിണറായി വിജയനോട് ബി.ജെ.പി നേതാവ്


അദ്ദേഹം ഇതു പറഞ്ഞതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ സംസ്ഥാന മന്ത്രിസഭയില്‍ തിരികെ കൊണ്ടുവരാന്‍ ജില്ലാ യൂണിറ്റ് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ അദ്ദേഹം നിബന്ധനകള്‍ ഉയര്‍ത്തരുതെന്ന്  പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ‘ ഞാന്‍ വര്‍ഷങ്ങളോളം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയെ വളരാന്‍ സഹായിച്ചു. ദേശീയ തലത്തില്‍ ഇതേ കാര്യം തന്നെയാണ് അദ്വാനിയും ചെയ്തത്. പക്ഷെ നമ്മള്‍ ഇപ്പോള്‍ കാണുന്ന രീതി മുതിര്‍ന്നവരെ വഴികാട്ടികളായി നിര്‍ത്തി പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കുന്നതാണ്.’ അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ദേവേന്ദ്ര ഫദ്‌നവിസ് സര്‍ക്കാറിലെ മുതിര്‍ന്ന നേതാക്കന്മാരിലൊരാളായിരുന്ന കദ്‌സെ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷമാണ് മന്ത്രിസഭയില്‍ നിന്നും പുറത്തായത്.

Advertisement