മരിച്ചപ്പോഴാണ് യെച്ചൂരിക്ക് മകനുണ്ടെന്നറിഞ്ഞത്
Discourse
മരിച്ചപ്പോഴാണ് യെച്ചൂരിക്ക് മകനുണ്ടെന്നറിഞ്ഞത്
ബിബിത്ത് കോഴിക്കളത്തില്‍
Thursday, 22nd April 2021, 2:26 pm

മരിച്ചുകഴിഞ്ഞപ്പോഴാണ്, സഖാവ് സീതാറാം യെച്ചൂരിക്ക് മകനുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. എസ്.എഫ്.ഐയില്‍ വന്നതുമുതല്‍ കേള്‍ക്കുന്ന പേരാണത്. എന്നും പിന്തുടരുന്ന പേരുകളിലൊന്ന്. കേരളത്തിന് പുറത്തുനിന്ന് ആദ്യമായി എസ്.എഫ്.ഐ പ്രസിഡണ്ടായി വന്ന ആന്ധ്രക്കാരന്‍.
പഠനത്തില്‍ മിടുമിടുക്കനായി പരീക്ഷകള്‍ പാസായൊരാള്‍. ‘ജീവിതസൗഭാഗ്യങ്ങളുടെ’ അനേകം മേച്ചില്‍പ്പുറങ്ങളില്‍നിന്നും മാറി തൊഴിലാളിവര്‍ഗത്തിനുവേണ്ടി മാത്രം ജീവിച്ച ജീവിതങ്ങളിലൊന്ന്.

ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ കേന്ദ്ര സെക്രട്ടറിയറ്റിലേക്ക് തുടര്‍ന്ന് പി.ബി യിലേക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോഴും കുടുംബബന്ധങ്ങളെക്കുറിച്ചന്വേഷിച്ചിരുന്നില്ല. ജയില്‍വാസമനുഷ്ഠിച്ചതിന് അമ്മയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാവാതെ മാറിനിന്ന സഖാവ് ഇ.എം.എസിനെക്കുറിച്ച് കേട്ടിരുന്നു. ആദ്യമുണ്ടായ മകനെക്കാണാന്‍, പാര്‍ട്ടി അനുവാദമില്ലാതെ, കൊല്ലം കടപ്പുറത്തൂടെ ഏഴുനാഴിക ഓടിക്കിതച്ചുവന്ന മറ്റൊരഛനേയും കേട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രസിഡണ്ടായിരിക്കെ മകന്റെ ജീവന്‍വെച്ച് വിലപേശിയിട്ടുപോലും വിട്ടുകൊടുക്കാതിരുന്ന സ്റ്റാലിനെപ്പറ്റിയും വായിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സംഘപരിവാര ഫാസിസത്തിനെതിരായുയര്‍ന്ന ഏറ്റവും തീക്ഷ്ണവും ശക്തവുമായ ശബ്ദങ്ങളില്‍ ഏറ്റവുമുച്ചത്തില്‍ മുഴങ്ങിയത് യെച്ചൂരിയുടേതായിരുന്നു. ഹിന്ദുത്വഫാസിസത്തെ സൈദ്ധാന്തികമായും പ്രായോഗികമായും എങ്ങനെ നേരിടണമെന്നു കൃത്യമായും പതിറ്റാണ്ടുകള്‍ക്കു മുമ്പേ പറഞ്ഞൊരാള്‍.

മഹാമാരിയായി കോവിഡ് പെയ്തിറങ്ങിയപ്പോഴും അതു സംബന്ധിച്ച പ്രതികരണങ്ങളില്‍ കോടിക്കണക്കിനാളുകളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി നടത്തിയ ഇടപെടലുകളില്‍ ശ്രദ്ധേയമായത് യെച്ചൂരിയുടേതായിരുന്നു. ഇന്നലെപ്പോലും കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുസംബന്ധിച്ച്, കേന്ദ്രസര്‍ക്കാരിന്റെ കുത്തകപ്രീണന നയം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങള്‍ നമ്മളെല്ലാം ഷെയര്‍ചെയ്തതാണ്.
ഈ പോരാട്ടമെല്ലാം നടത്തുമ്പോള്‍ പോലും തന്റെ മകന്റെ അടുത്ത് പോകാനോ അവനെ കാണാനോ ഈ പിതാവിന് കഴിഞ്ഞിരുന്നോ എന്ന് ദുഖത്തോടെ ഓര്‍ത്തുപോവുകയാണ്.

ലോകതൊഴിലാളിവര്‍ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ തന്റെ മൂന്നുമക്കളെ നഷ്ടപ്പെട്ട പിതാവാണ് മാര്‍ക്‌സ്. മരുന്നുപോലും വാങ്ങാനാവാതെ ലണ്ടന്‍തെരുവില്‍ വിറങ്ങലിച്ച അനേകം പിതാക്കളിലൊരാള്‍ മാത്രമായിരിക്കാം മാര്‍ക്‌സ്. അതേ വേദനയനുഭവിച്ച അനേകം മാതാപിതാക്കളിലൊരാള്‍ മാത്രമായിരിക്കും യെച്ചൂരി. സമൂഹത്തിന്റെ വേദനകള്‍ക്ക് പരിഹാരം തേടിയലയുന്ന കമ്യണിസ്റ്റുകള്‍ക്ക് വ്യക്തിഗതദുഃഖങ്ങള്‍ അന്യമല്ല.

ഇനിയുമെത്ര കുട്ടികള്‍ മരിച്ചാലാണ് മൂലധനത്തിന്റെ ആര്‍ത്തിയവസാനിക്കുക എന്ന് ആലോചിച്ചുപോവുകയാണ്. സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെയും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മറ്റി അംഗമായ സഖാവ് ഇന്ദ്രാണി മജൂംദാറിന്റെയും മകനും മാധ്യമ പ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചതായി അറിയാന്‍ കഴിയുന്നു.
സഖാവ് യെച്ചൂരിയുടേയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitaram Yechury – Ashish Yechury