'തൃപ്തിയില്ല'; സമരം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം; സമിതിക്കെതിരെ സി.പി.ഐ.എം
national news
'തൃപ്തിയില്ല'; സമരം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം; സമിതിക്കെതിരെ സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 4:46 pm

ന്യൂദല്‍ഹി: കര്‍ഷകരുടെ പ്രശ്‌നപരിഹാരത്തിന് സുപ്രീം കോടതി നിയോഗിച്ച സമിതിയ്‌ക്കെതിരെ സി.പി.ഐ.എം. സമിതിയില്‍ സംതൃപ്തിയില്ലെന്നാണ് സി.പി.ഐ.എം അറിയിച്ചത്.

സര്‍ക്കാര്‍ എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും നിയമം പിന്‍വലിക്കണമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സമരത്തെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് തെളിഞ്ഞെന്നും യെച്ചൂരി പറഞ്ഞു.

കാര്‍ഷിക നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി.

കര്‍ഷകര്‍ രൂക്ഷ വിമര്‍ശനമാണ് സമിതിക്കെതിരെ ഉയര്‍ത്തിയിരിക്കുന്നത്.

അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. പഞ്ചാബ് കര്‍ഷകരുടെ കോര്‍ കമ്മിറ്റിയിലും സമിതിക്കെതിരെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. അശോക് ഗുലാത്തി, ഭൂപീന്ദര്‍ സിംഗ് മാന്‍, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയില്‍.

കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി നിലപാട് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sitaram Yechury against expert committee by Supreme court