ആ കത്തുകള്‍ അവരിലേക്കെത്തി; അവള്‍ക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായുള്ള കത്തുകള്‍ വായിച്ച് സിസ്റ്റര്‍മാര്‍
Kerala News
ആ കത്തുകള്‍ അവരിലേക്കെത്തി; അവള്‍ക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായുള്ള കത്തുകള്‍ വായിച്ച് സിസ്റ്റര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th January 2022, 3:56 pm

കോഴിക്കോട്: കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്നുണ്ടായത്.

വിധി പ്രതികൂലമായെങ്കിലും അതിജീവതയും ഒപ്പം സമരം ചെയ്ത അഞ്ച് കന്യാസ്ത്രീകള്‍ക്കും വലിയ പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്നും ലഭിച്ചത്.

കന്യാസ്ത്രീയെ പിന്തുണച്ചുകൊണ്ട് #അവള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്. കന്യാസ്ത്രീക്ക് പിന്തുണ അറിയിയിച്ച് കത്തെഴുതണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് ഹാഷ്ടാഗ് വൈറലാകുന്നത്.

ഇപ്പോഴിതാ ക്യാമ്പയിനിന്റെ ഭാഗമായി എഴുതിയ ആ കത്തുകള്‍ കന്യാസ്ത്രീളിലേക്ക് എത്തിയിരിക്കുകയാണ്. കത്തുകള്‍ അവര്‍ വായിക്കുന്ന ചത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

ആയിരത്തിലേറെ കത്തുകളാണ് ഒരൊറ്റ ദിവസം കൊണ്ട് കന്യാസ്ത്രീകളെ തേടി എത്തിയത്. കത്തുകള്‍ക്ക് പുറമേ ഇ-മെയ്‌ലുകളായും അവര്‍ക്ക് പിന്തുണയുമായി സന്ദേശങ്ങള്‍ എത്തുന്നുണ്ട്.

‘പ്രിയപ്പെട്ടവരേ, ആയിരത്തിലേറെ കത്തുകളാണ് ഒരൊറ്റ ദിവസം കൊണ്ട് അവരെ തേടി എത്തിയത്, കത്തുകള്‍ അവര്‍ വായിക്കുകയാണ്. നമ്മുടെ സ്‌നേഹവും കരുതലും സാഹോദര്യവും അവരിലേക്കെത്തുന്നു. അവര്‍ എല്ലാവരും വളരെ സന്തോഷത്തിലാണ്,’ സിസ്റ്റര്‍മാര്‍ കത്തുകള്‍ വായിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ ക്യാമ്പയിന് നേതൃത്വം നല്‍കുന്ന കെ.ക. ഷാഹിന ഫേസ്ബുക്കില്‍ എഴുതി.

നേര

ത്തെ നിടിയം സംവിധായകയുമായ ഗീതു മോഹന്‍ദാസ്, നടി പാര്‍വതി തിരുവോത്ത്, എഴുത്തുകാരായ കെ.ആര്‍. മീര, സുനില്‍ പി. ഇളയിടം, സംവിധായകന്‍ ജിയോ ബേബി, ആക്ടിവിസ്റ്റ് ഐഷ,
മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പേര്‍ ക്യാമ്പയിനിന്റെ ഭാഗമായിരുന്നു.

2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. 105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണന്‍ സെഷന്‍ കോടതി വിധി പുറപ്പെടുവിച്ചത്.

സമാനതകളില്ലാത്ത നിയമ പോരാട്ടമായിരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകള്‍ക്ക് തെരുവില്‍ വരെ ഇറങ്ങേണ്ടി വന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലായിരുന്നു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.