പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പ, ഇനിയെങ്കിലും കോണ്‍വെന്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട് ?
FB Notification
പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പ, ഇനിയെങ്കിലും കോണ്‍വെന്റിലെ കിണറുകളറിയുമോ വിധിയുടെ ചൂട് ?
ലിജീഷ് കുമാര്‍
Tuesday, 22nd December 2020, 2:47 pm

കൊല്ലം 1987, എനിക്കന്ന് ഒരു വയസ്സാണ്. പടത്തില്‍ പോലും കണ്ടിട്ടില്ല ലിന്‍ഡ സിസ്റ്ററെ. മരിച്ച് കിടന്നത് മഠത്തിലെ വാട്ടര്‍ ടാങ്കിലാണെന്ന് മാത്രമറിയാം. പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറില്‍ അഭയ സിസ്റ്ററുടെ ശവം കാണുന്നത് പിന്നെയും 5 കൊല്ലം കഴിഞ്ഞാണ്. ഓര്‍മ്മയിലെ ആദ്യത്തെ സിസ്റ്റര്‍ അഭയ സിസ്റ്ററാണ്. ലിന്‍ഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റര്‍ മഗ്‌ദേലയുണ്ട്. 1990ല്‍ മഗ്‌ദേല സിസ്റ്റര്‍ മരിക്കുമ്പോഴും ഞാന്‍ മരണമെന്തെന്നറിഞ്ഞു കൂടാത്ത കുഞ്ഞാണ്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള എന്റെ കുഞ്ഞോര്‍മ്മകള്‍ തുടങ്ങുന്നത് അഭയ സിസ്റ്ററിലാണ്.

സിസ്റ്റര്‍ അഭയയുടെ മരണം വലിയ കോളിളക്കങ്ങളുണ്ടാക്കി, പക്ഷേ അതൊന്നും മേഴ്‌സി സിസ്റ്ററെ രക്ഷിച്ചില്ല. അഭയ കൊല്ലപ്പെട്ട് ഒരു കൊല്ലം തികയും മുമ്പാണ് സിസ്റ്റര്‍ മേഴ്സിയുടെ മരണം. കന്യാസ്ത്രീകള്‍ മരിക്കുന്നത് കാക്കകള്‍ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവില്‍ മരിച്ച നിലയില്‍ കണ്ടെത്തപ്പെടുകയാണ്.

1993 ലാണ് സിസ്റ്റര്‍ മേഴ്സി, കൃത്യം ഒരു കൊല്ലം കഴിഞ്ഞ് 1994 ല്‍ പുല്‍പള്ളിയിലെ മരകാവ് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ ആനീസിന്റെ ശവം പൊന്തി. അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ആരും മരിച്ചില്ല അക്കണക്ക് തീരുന്നത് 1998 ലാണ്. രണ്ടു മരണങ്ങള്‍, ഒന്ന് കോഴിക്കോട്ടെ കല്ലുരുട്ടി കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ ജ്യോതിസ്, രണ്ട് പാലായിലെ കോണ്‍വെന്റില്‍ സിസ്റ്റര്‍ ബിന്‍സി.

ഒന്നും സംഭവിച്ചില്ല, ബിന്‍സി സിസ്റ്റര്‍ മരിച്ച് രണ്ട് കൊല്ലം കഴിഞ്ഞപ്പഴേക്കും പാലാ അടുത്ത മരണം കണ്ടു. സിസ്റ്റര്‍ പോള്‍സിയുടെ ശവം കണ്ട പാലായിലെ മഠത്തിന് പേര് സ്‌നേഹഗിരി എന്നായിരുന്നു. എന്ത് മധുരമുള്ള പേരാണല്ലേ മരണം സ്‌നേഹഗിരികളെ വിടാതെ പിന്തുടര്‍ന്നു കൊണ്ടിരുന്നു. 2006 ല്‍ വീണ്ടും രണ്ടു പേര്‍. റാന്നിയിലെ മഠത്തില്‍ വെച്ച് സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് വെച്ച് സിസ്റ്റര്‍ ലിസ. രണ്ടു മരണത്തിന്റെ കാലയളവ് തീര്‍ന്ന് 2008 വന്നു. പതിവു പോലെ മരിച്ച നിലയില്‍ കാണപ്പെടുന്നു മറ്റൊരു മണവാട്ടി, അവളുടെ പേര് സിസ്റ്റര്‍ അനുപ മരിയ.

കൊല്ലത്തായിരുന്നു അനുപ മരിയ, അല്പം മാറി തിരുവനന്തപുരത്തായിരുന്നു അടുത്ത മരണം. സിസ്റ്റര്‍ മേരി ആന്‍സി, കൊല്ലം 2011. സിസ്റ്റര്‍ മേരി ആന്‍സിയുടെ ശവശരീരം മരിച്ചു വീര്‍ത്ത് കിടന്നതും കോണ്‍വെന്റിലെ ജലസംഭരണിയിലായിരുന്നു. 2015 ലുമുണ്ട് രണ്ടു മരണം. പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ വെച്ച് സിസ്റ്റര്‍ അമലയെ കൊല്ലുന്നത് തലയ്ക്കടിച്ചാണ്. രണ്ട് മാസം കഴിഞ്ഞ് ഡിസംബറില്‍ കിണര്‍ തിരികെ വന്നു. വാഗമണ്ണിലെ ഉളുപ്പുണി കോണ്‍വെന്റിലെ കിണറിലാണ് സിസ്റ്റര്‍ ലിസ മരിയ മരിച്ച് കിടന്നത്.

ചെയ്ത പാപങ്ങള്‍ മുക്കിത്താഴ്ത്താന്‍ പുണ്യാളന്മാര്‍ പണികഴിപ്പിച്ച വലിയ കിണറുകളുടെ ആഴങ്ങളില്‍ ജഡങ്ങളുടെ മുടിയൂര്‍ന്ന് കിടന്ന് കന്യാവനങ്ങളുണ്ടാവുന്നത് പിന്നെയും പിന്നെയും ഞാന്‍ കണ്ടു. പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റില്‍ സിസ്റ്റര്‍ സൂസന്‍ മാത്യു, പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ ദിവ്യ ഈ മരണങ്ങളൊന്നും ഒറ്റ മരണങ്ങളായിരുന്നില്ല. ആത്മീയമെന്നും ഫിസിക്കലെന്നും രണ്ടായി തിരിക്കാവുന്ന ഇരട്ടക്കൊലപാതകങ്ങളായിരുന്നു. ആദ്യമവര്‍ കൊന്നത് കര്‍ത്താവിനെ കാത്തിരുന്നവളുടെ വിശ്വാസത്തെയും കാത്തിരിപ്പിനെത്തന്നെയുമാണ്, പിന്നെ അവളെയപ്പാടെയും.

സി.സെഫി                                                             ഫാ.തോമസ് കോട്ടൂര്‍

അങ്ങനെ രണ്ടു വട്ടം കൊല്ലപ്പെട്ടവരുടെ മഹായാത്രയുണ്ട് പുറകില്‍. അവരെ മാത്രമേ എനിക്കറിയൂ കേട്ടോ. കൊന്നവരെ അറിയില്ല. കൊന്നത് പക്ഷേ, ഒരിക്കലും വിധിക്കപ്പെടില്ലെന്ന് അവര്‍ക്കുറപ്പുള്ളത് കൊണ്ട് മാത്രമായിരുന്നുവെന്ന് എനിക്കറിയാം. 28 കൊല്ലങ്ങള്‍ക്കിപ്പുറം ആ ഉറപ്പ് ഇന്ന് തെറ്റുകയാണ്. ഒരുപാട് പേരുടെ അന്ത്യവിധിക്ക് ശേഷം, ആദ്യത്തെയാളുടെ വിധി വരികയാണ്. അവളെ കൊന്നവരെ കോടതി ചൂണ്ടിക്കാണിക്കുന്നു. അതിലൊരാള്‍ അച്ചനാണ്, തോമസ് കോട്ടൂര്‍. രണ്ടാമത്തെയാള്‍ അയാളുടെ കൂട്ടുകാരിയാണ്, സിസ്റ്റര്‍ സെഫി. ഇവരെ കാക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയവര്‍ ഇനിയെന്ത് ചെയ്യും? തല കുനിക്കുമോ കേരളത്തിലെ സഭ, അതോ സി.ബി.ഐയെ ഓടിക്കാനുള്ള ആനകളെയും തെളിച്ച് ഇനിയും ഇതു വഴി വരുമോ?

കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ സിസ്റ്റര്‍മാരെ തെറിയഭിഷേകം നടത്തിയ പുണ്യാത്മാക്കളൊക്കെ ഇപ്പോള്‍ എവിടെയാണ്. സഭയെ കളങ്കപ്പെടുത്തിയവരെ തെരുവില്‍ കത്തിക്കാറുള്ളവരൊക്കെ ഉണര്‍ന്നോ ആവോ. പ്രിയപ്പെട്ട ഫ്രാന്‍സിസ് പാപ്പ, ഇതൊരഭയയുടെ മാത്രം വിധിയല്ല. ഒരഭയവുമില്ലാത്തവര്‍ക്ക് കര്‍ത്താവഭയമെന്ന് തെറ്റിദ്ധരിച്ച ഒരുപാട് പെണ്‍കുട്ടികളുടെ ഒരിക്കലും തെളിയാത്ത മരണങ്ങളെക്കൂടെ അങ്ങ് ചേര്‍ത്ത് വായിക്കേണ്ട വിധിയാണ്. ഒന്നും മിണ്ടാതെ വാ പൊത്തി നില്‍ക്കരുത്, ഇനിയെങ്കിലും കോണ്‍വെന്റിലെ കിണറുകളറിയണം വിധിയുടെ ചൂട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sister Abhaya Murder case Verdict, Lijeesh Kumar writes about nuns murdered in Kerala