എഡിറ്റര്‍
എഡിറ്റര്‍
എസ്.ഐ.ഒ മാര്‍ച്ചിനിടെ അറസ്റ്റ് ചെയ്ത ഒമ്പതു വിദ്യാര്‍ഥികളുടെ ആശുപത്രി പരിശോധനാ റിപ്പോര്‍ട്ട് കാണാനില്ല: പോലീസിനെ സഹായിക്കാനെന്ന് ആരോപണം
എഡിറ്റര്‍
Wednesday 6th April 2016 1:00pm

sioകോഴിക്കോട്: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ എസ്.ഐ.ഒ കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഒമ്പതു വിദ്യാര്‍ഥികളുടെ ആശുപത്രി പരിശോധനാ റിപ്പോര്‍ട്ട് കാണാനില്ല. ജുവനൈല്‍ ആയ 5 പേരെയും പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരെയും പരിശോധിച്ചതിന്റെ രേഖകളാണ് കാണാതായിരിക്കുന്നത്.

25 പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഹാജരാക്കിയത്. ഇതില്‍ മുഹമ്മദ് സജീര്‍, കെ. അഫ്‌സല്‍, നസീഫ്, ഇല്ല്യാസ് ഹസന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ചികിത്സിച്ചതിന്റെ രേഖകളാണ് കാണാതായിരിക്കുന്നത്.

കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരായ ഡോ. അനസ്, ഡോ. ജിഷ എന്നിവരാണ് പരിശോധിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. രാവിലെ പതിനൊന്നുമണിയ്ക്ക് പോലീസ് കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥികളെ അഞ്ചുമണിയ്ക്കാണ് ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രി രേഖകള്‍ പ്രകാരം ഒരാളെ വൈകുന്നേരം അഞ്ചു മണിക്കും മറ്റൊരാളെ 5.25നും മറ്റുള്ളവരെ 7നുമാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനിടയില്‍ ആശുപത്രിയിലെത്തിച്ചവരെ പരിശോധിച്ചതിന്റെ രേഖകളാണ് കാണാതായിരിക്കുന്നത്.

പോലീസ് മര്‍ദ്ദനത്തിനെതിരെ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 30 പ്രകാരം പാലിക്കേണ്ട നടപടികള്‍ പാലിക്കാതെയാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തത്, പെണ്‍കുട്ടികളെ പുരുഷ പോലീസ് മര്‍ദ്ദിച്ചു, വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായം നിഷേധിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പോലീസിനെതിരെ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്.

കൂടാതെ പോലീസ് നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. കൂടാതെ വിദ്യാര്‍ഥികള്‍ വിളിച്ചുവെന്നു പറയുന്ന ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍ എന്ന മുദ്രാവാക്യം പോലീസ് തെറ്റായി ചേര്‍ത്തതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ എന്ന മുദ്രാവാക്യത്തെ ഹിന്ദുസ്ഥാന്‍ എന്ന് തെറ്റായി ചേര്‍ക്കുകയാണ് പോലീസ് ചെയ്തതെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്.

ഈ സാഹചര്യത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പോലീസിനെ സഹായിക്കാന്‍ വേണ്ടിയാണ് പരിശോധന റിപ്പോര്‍ട്ട് മുക്കിയതെന്നാണ് എസ്.ഐ.ഒ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

 

Advertisement