റിമിയുടെയൊക്കെ കൗണ്ടര്‍ കേള്‍ക്കുമ്പോള്‍ നോക്കിയിരിക്കാനേ പറ്റത്തുള്ളൂ: സിത്താര
Entertainment news
റിമിയുടെയൊക്കെ കൗണ്ടര്‍ കേള്‍ക്കുമ്പോള്‍ നോക്കിയിരിക്കാനേ പറ്റത്തുള്ളൂ: സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 28th March 2022, 10:10 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര. മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സിത്താര പല അനുഗ്രഹീത സംഗീതസംവിധായകര്‍ക്കൊപ്പവും വര്‍ക് ചെയ്തിട്ടുണ്ട്. സിത്താരയുടെ ഓരോ പാട്ടിനും പ്രത്യേക ഫാന്‍ ബേസ് തന്നെയാണുള്ളത്.

സൂപ്പര്‍ ഫോര്‍ എന്ന റിയാലിറ്റി ഷോയിലെ ജഡ്ജായും സിത്താര മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

സിത്താരയ്‌ക്കൊപ്പം ജ്യോത്സ്‌ന, വിധുപ്രതാപ്, റിമി ടോമി എന്നിവരായിരുന്നു സൂപ്പര്‍ ഫോറിലെ മറ്റ് വിധികര്‍ത്താക്കള്‍. അടുത്ത സുഹൃത്തുക്കള്‍ കൂടിയായ ഇവരുടെ ചിരിയും കളിയും തമാശയും സൂപ്പര്‍ ഫോറിലെ പ്രധാന ആകര്‍ഷക ഘടകമാണ്.

സൂപ്പര്‍ ഫോര്‍ വേദിയിലെ തമാശകളെ കുറിച്ചും മറ്റും പറയുകയാണ് സിത്താര. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിത്താര മനസുതുറക്കുന്നത്.

‘നമ്മള്‍ക്കെല്ലാവര്‍ക്കും ഒന്നും ചെയ്യാനില്ലാത്ത കൊവിഡ് സമയത്താണ് സൂപ്പര്‍ ഫോര്‍ വരുന്നത്. ഞങ്ങളെ സംബന്ധിച്ച വളരെ ബ്ലെസ്സിംഗായിരുന്നു ആ പ്രോഗ്രാം. നമ്മള്‍ വര്‍ക്ക് ചെയ്യുന്നു എന്നത് മാത്രമല്ല, ഈ നാല് പേരാണ് ഒരുമിച്ചിരിക്കുന്നത്,.

അവിടെ ടേക്ക് പറഞ്ഞ് കട്ട് പറയുന്നത് വരെ ഇവര്‍ കണ്ടിന്യൂസായി ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. റിമിയും വിധുച്ചേട്ടനും കൗണ്ടര്‍ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുകയാണ്.

ജ്യോത്സ്‌നയ്ക്കും എനിക്കും ഇങ്ങനെ കണ്ട് നില്‍ക്കാന്‍ മാത്രമേ പറ്റുന്നുള്ളൂ, പക്ഷേ ഞങ്ങളത് ഭയങ്കരമായി എന്‍ജോയ് ചെയ്യുകയായിരുന്നു. ടി.വിയില്‍ കാണുന്നതിന്റെ പത്തിരട്ടി ഞങ്ങള്‍ അവിടെ എന്‍ജോയ് ചെയ്യുന്നുണ്ട്,’ സിത്താര പറയുന്നു.

ഇവര്‍ മൂന്നുപേരുമായി നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും എന്നാല്‍ സൂപ്പര്‍ ഫോറിലെത്തിയതോടെയാണ് തങ്ങള്‍ക്കിടയിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതെന്നും സിത്താര കൂട്ടിച്ചേര്‍ക്കുന്നു.

content highlight: SINGER SITHARA ABOUT RIMI TOMY AND SUPER FOUR