പശുവിന് പുല്ല് കൊടുക്കുമ്പോഴാണ് ദേശീയ അവാര്‍ഡ് കിട്ടുന്നത്: നഞ്ചിയമ്മ
Entertainment news
പശുവിന് പുല്ല് കൊടുക്കുമ്പോഴാണ് ദേശീയ അവാര്‍ഡ് കിട്ടുന്നത്: നഞ്ചിയമ്മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th December 2022, 1:11 pm

 

ദേശീയ പുരസ്‌കാരം ലഭിക്കുന്ന സമയത്ത് താന്‍ പശുവിന് പുല്ല് കൊടുക്കുകയായിരുന്നു എന്ന് ഗായിക നഞ്ചിയമ്മ. അവാര്‍ഡ് കിട്ടിയെന്ന വാര്‍ത്ത ടി.വിയിലൂടെയാണ് താന്‍ അറിഞ്ഞതെന്നും അവര്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് നഞ്ചിയമ്മ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അവാര്‍ഡ് കിട്ടുന്ന സമയത്ത് ഞാന്‍ പശുവിന് പുല്ല് കൊടുത്തിട്ട് വരുകയായിരുന്നു. വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് കൊണ്ട് ടി.വി കാണുകയായിരുന്നു. അപ്പോള്‍ ഏതാണ്ട് സമയം ഒന്നരയായി. അങ്ങനെയിരിക്കുമ്പോഴാണ് ടി.വിയില്‍ പറയുന്നത് നഞ്ചിയമ്മക്ക് ദേശീയ അവാര്‍ഡ് കിട്ടിയെന്ന്.

അപ്പോള്‍ ഞാന്‍ ആലോചിച്ചു, ഇതെപ്പോഴാണ് അപേക്ഷ കൊടുത്തതെന്ന്. എന്തായാലും ദേശിയ അവാര്‍ഡ് കിട്ടിയല്ലോ എന്നോര്‍ത്ത് ഞാന്‍ വീണ്ടും ആഹാരം കഴിക്കാന്‍ തുടങ്ങി. അങ്ങനെയിരിക്കുമ്പോള്‍ അവിടുത്തെയൊരു മാധ്യമ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് ഓടി വന്നു.

അയാളോട് ഞാന്‍ എന്താ കാര്യമെന്ന് ചോദിച്ചു. ഒന്നുമില്ല വെറുതെ വന്നതാണെന്ന് അയാള്‍ പറഞ്ഞു. എന്തിനാണ് അയാള്‍ വന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഏതെങ്കിലും ചാനല്കാരൊക്കെ എന്റെ വീട്ടില്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.

എന്നിട്ട് അയാള്‍ എന്നോട് പറഞ്ഞു, നഞ്ചിയമ്മ ചേച്ചി എനിക്കൊരു ഫോട്ടോയെടുക്കണമെന്ന്. എത്ര തവണ നീ എന്റെ ഫോട്ടോ എടുത്തിട്ടുണ്ട്, എല്ലാം എവിടെ കളഞ്ഞുപോയെന്നും ഞാന്‍ ചോദിച്ചു. അപ്പോള്‍ പുള്ളി ചിരിച്ചു, അതല്ല എനിക്കൊരു ചെറിയ ഫോട്ടോ കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു.

ശരി ഞാന്‍ കൈ കഴുകിയിട്ട് വരാം കുറച്ച് നേരമിവിടെ ഇരിക്കാന്‍ പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്ത് തിരിച്ച് പോകാന്‍ നേരത്ത് അവന്‍ പറഞ്ഞു, ഫോട്ടോ മാത്രം പോരയെന്ന്. പോയിട്ട് ഞാന്‍ വീണ്ടും തിരിച്ചുവരുമെന്നും പറഞ്ഞു. ഇനിയും എന്തിനാണ് വരുന്നതെന്ന് ഞാന്‍ ചോദിച്ചു.

എന്തായാലും ഫോട്ടോയെടുക്കാന്‍ വരുമെന്ന് പറഞ്ഞ് അവന്‍ തിരികെ പോയി. നീ എപ്പോള്‍ വേണമെങ്കിലും വന്നോ, എത്ര ഫോട്ടോ വേണമെങ്കിലും എടുത്തോയെന്നും ഞാന്‍ പറഞ്ഞു,’ നഞ്ചിയമ്മ പറഞ്ഞു.

2021ലെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയ്ക്കാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന സിനിമയിലെ ഗാനത്തിനാണ് അവാര്‍ഡ് കിട്ടിയത്.

content highlight: singer nanjiyamma talks about her first national award