അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍ നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി, അവളുടെ പാട്ടായിരുന്നു അത്; മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ചിത്ര
Entertainment
അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍ നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി, അവളുടെ പാട്ടായിരുന്നു അത്; മകള്‍ നന്ദനയുടെ ഓര്‍മകളില്‍ ചിത്ര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th January 2021, 3:36 pm

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ.എസ് ചിത്ര. ചിത്രയുടെ പാട്ടുകളെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ മകള്‍ നന്ദനയുടെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്ര. എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ എന്ന പാട്ട് മകള്‍ക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും എന്നാല്‍ അവള്‍ മരിച്ചതിന് ശേഷം ആ പാട്ടിനെ ജീവിതത്തില്‍ നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തിയെന്നും ചിത്ര പറയുന്നു.

പാട്ടിലെ വാവേ എന്ന വരി അവളെ വിളിക്കുന്നതായാണ് അവള്‍ കരുതിയിരുന്നത്. രാത്രിയേറെ വൈകിയുള്ള സ്റ്റേജ് പരിപാടിയിലും നന്ദന ഈ പാട്ടുവരുന്നതുവരെ ഉണര്‍ന്നിരിക്കുമായിരുന്നു. പാട്ടിനു വേണ്ടി കണ്ണുമിഴിച്ചിരിക്കും. ആ പാട്ടുകഴിയുന്നതോടെ ഉറക്കത്തിലേക്ക് ചായും. അവള്‍ പോയപ്പോള്‍ ആ പാട്ടിനെ ജീവിതത്തില്‍ നിന്ന് കുറേക്കാലം മാറ്റിനിര്‍ത്തി. ചിത്ര പറഞ്ഞു.

പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തിയത്. 2002 ഡിസംബറിലായിരുന്നു കുട്ടിയുടെ ജനനം. 2011 ഏപ്രില്‍ 14ന് ദുബായിലെ എമിറേറ്റ്‌സ് ഹില്ലിലുള്ള നീന്തല്‍ക്കുളത്തില്‍ വീണാണ് നന്ദന മരണപ്പെട്ടത്. മകളുടെ ഓര്‍മദിനത്തില്‍ വികാരഭരിതമായ കുറിപ്പ് ഓരോ വര്‍ഷവും ചിത്ര പങ്കുവെയ്ക്കാറുണ്ട്.

തന്റെ മറ്റ് പാട്ടുകളെക്കുറിച്ചും ചിത്ര പറഞ്ഞു. അന്യഭാഷകളില്‍ പാടുകയെന്നത് തുടക്കത്തില്‍ പ്രയാസമുണ്ടാക്കിയിരുന്നെങ്കിലും ഇന്ന് ബുദ്ധിമുട്ടില്ലെന്ന് ചിത്ര പറയുന്നു. തെലുങ്ക് വായിക്കാനും എഴുതാനും അത്യാവശ്യം സംസാരിക്കാനും അറിയാം. തമിഴിനോടും ചെറുപ്പം മുതലേ അടുപ്പമുണ്ട്. അതുകൊണ്ട് ഇത്തരം ഭാഷകളില്‍ പാടുന്നത് കുറച്ചുകൂടി എളുപ്പമാണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Singer Chithra says about her daughter