ജന ഗണ മന സെറ്റില്‍ ഒരു സൈലന്റ് കില്ലറുണ്ടായിരുന്നു: അത് മറ്റാരുമല്ല: മംമ്ത മോഹന്‍ദാസ് പറയുന്നു
Movie Day
ജന ഗണ മന സെറ്റില്‍ ഒരു സൈലന്റ് കില്ലറുണ്ടായിരുന്നു: അത് മറ്റാരുമല്ല: മംമ്ത മോഹന്‍ദാസ് പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd May 2022, 3:36 pm

സമകാലീന ഇന്ത്യന്‍ രാഷ്ട്രീയം പ്രമേയമാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. രാഷ്ട്രീയനേട്ടത്തിനായി ഏതറ്റം വരെയും പോകുന്ന നേതാക്കളെയും ജാതിയും മതവും വര്‍ഗീയതയും ആയുധമാക്കുന്ന നിലവിലെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തെയുമാണ് ചിത്രം വരച്ചുകാണിക്കാന്‍ ശ്രമിച്ചത്. ഇതിനോടകം തന്നെ ചിത്രം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വിന്‍സി അലോഷ്യസും മംമ്ത മോഹന്‍ദാസും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരിസ് മുഹമ്മദിന്റെ തിരക്കഥ തന്നെയാണ് ജന ഗണ മനയുടെ കെട്ടുറപ്പ്. ഇന്ത്യയില്‍ കഴിഞ്ഞ കുറേ നാളുകളായി നടന്നതും നടന്നുപോരുന്നതുമായ നിരവധി വിഷയങ്ങളാണ് ഷാരിസ് തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ജന ഗണ മന സെറ്റിനെ കുറിച്ചും തിരക്കഥാകൃത്ത് ഷാരിസിനെ കുറിച്ചും നടി മംമ്ത മോഹന്‍ദാസ് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. സൈലന്റ് കില്ലര്‍ എന്നാണ് മംമ്ത ഷാരിസിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ജന ഗണ മനയിലെ താരങ്ങള്‍ പങ്കെടുത്ത ബിഹൈന്‍ഡ് വുഡ്‌സിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മംമ്ത.

‘നമ്മുടെ സെറ്റില്‍ ഒരു സൈലന്റ് കില്ലറുണ്ട്. ആരാണെന്ന് അറിയാമോ മറ്റാരുമല്ല തിരക്കഥാകൃത്ത് ഷാരിസാണ് അത്. ഇയാളാണ് ലൊക്കേഷനിലെ ഏറ്റവും സൈലന്റ് ആയിട്ടുള്ള ആള്‍. എന്നാല്‍ ഇടക്കിടെ ഡിജോയുടെ അടുത്ത് പോയി ചെവിയില്‍ എന്തോ പറയുന്നത് കേള്‍ക്കാം. എപ്പോള്‍ ഷാരിസിനെ നോക്കിയാലും എന്തോ ഒന്ന് ഡിജോയുടെ ചെവിയില്‍ പോയി പറയുന്നത് കാണാറുണ്ട്. അതുകഴിയുന്നതും ഡിജോ ഇരുന്നിടത്ത് നിന്ന് ചാടിയെഴുന്നേല്‍ക്കുന്നതും കാണാം. ഡിജോയെ പിരികേറ്റിക്കൊണ്ടിരിക്കുന്ന ആളാണ് യഥാര്‍ത്ഥത്തില്‍ ഷാരിസ്(ചിരി), മംമ്ത പറഞ്ഞു.

ഇതോടെ ക്വീന്‍ സിനിമയുടെ സെറ്റിലെ ഷാരിസിനെ കുറിച്ച് പറഞ്ഞ് നടന്‍ ധ്രുവനും എത്തി. ക്വീനിന്റെ സെറ്റിലും ഷാരിസ് അങ്ങനെ ആയിരുന്നു. ഭയങ്കര വിനയമാണ്. പുള്ളി ഒരു പ്രൊഫസറുമാണ്. പുള്ളിയുടെ ക്യാരക്ടര്‍ അങ്ങനെ ആണ്. എന്നാല്‍ വേറെ ഒരു അനുഭവമുണ്ടായി.

ക്വീന്‍ സിനിമ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ചില കോളേജുകളില്‍ പ്രൊമോഷന് പോയിരുന്നു. ഒരു കോളേജില്‍ എത്തിയപ്പോള്‍ അവിടെ ഇക്വിലാബ് വിളിച്ചാണ് പിള്ളേര്‍ ഞങ്ങളെ വെല്‍ക്കം ചെയ്തത്. അപ്പോള്‍ ഞാന്‍ ഷാരിസില്‍ ഒരു തീ കണ്ടു.

ഷാരിസിന്റെ ഉള്ളില്‍ എന്താണ് അദ്ദേഹത്തിന്റെ പവര്‍ എന്താണെന്ന് ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്. ഒരു പവര്‍ എടുത്ത് അദ്ദേഹം ഇക്വിലാബ് വിളിച്ചിരുന്നു. അത് മറക്കാന്‍ പറ്റില്ല. സൈലന്റ് ആണെങ്കിലും ആള്‍ വേറെ ലെവലാണെന്ന് അപ്പോള്‍ മനസിലായി, ധ്രുവന്‍ പറഞ്ഞു.

Content Highlight: Silent Killer in Jana Gana Mana Movie Set Mamtha Mohandas says