പഞ്ചാബില്‍ പോര് മുറുകുന്നു; അമരീന്ദര്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നു; അതൃപ്തി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുപറഞ്ഞ് സിദ്ദു
India
പഞ്ചാബില്‍ പോര് മുറുകുന്നു; അമരീന്ദര്‍ വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നു; അതൃപ്തി മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നുപറഞ്ഞ് സിദ്ദു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2019, 3:50 pm

 

അമൃത്‌സര്‍: പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് മുറുകുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നു.

യോഗത്തില്‍ നിന്നു വിട്ടുനിന്നതിനു പിന്നാലെ സിദ്ദു മാധ്യമങ്ങളെ കാണുകയും തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ തന്നെമാത്രം ഒറ്റപ്പെടുത്തിയെന്നും അതിനാലാണ് യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നും സിദ്ദു പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തെരഞ്ഞെടുപ്പു തോല്‍വിയ്ക്ക് സിദ്ദുവിനെ കുറ്റപ്പെടുത്തി അമരീന്ദര്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയെന്നോണം തെരഞ്ഞെടുപ്പ് ജയിക്കുന്നതിന്റെയും തോല്‍ക്കുന്നതിന്റെയും ഉത്തരവാദിത്തം എല്ലാവര്‍ക്കുമാണെന്ന് സിദ്ദു പറഞ്ഞു.

ഒരു കൂട്ടം പേപ്പറുകളുമായാണ് സിദ്ദു മാധ്യമങ്ങളെ കണ്ടത്. നഗര മേഖലയില്‍ കോണ്‍ഗ്രസിന് വന്‍നേട്ടമുണ്ടായെന്ന് സിദ്ദു അവകാശപ്പെട്ടു.

‘ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ നഗരമേഖലയിലെ വോട്ടുകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നഗര മേഖലയിലെ 54 സീറ്റുകളില്‍ 34ഉം കോണ്‍ഗ്രസ് ജയിച്ചു.’ സിദ്ദു പറഞ്ഞു.

അമൃതസര്‍, ജലന്ധര്‍, ലുധിയാന, പാട്യാല എന്നിങ്ങനെ വലിയ നഗരങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിദ്ദുവിന്റെ പിഴവുകള്‍ക്ക് കോണ്‍ഗ്രസ് വില നല്‍കേണ്ടിവന്നെന്ന് നേരത്തെ അമരീന്ദര്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതും സിദ്ദുവിനും അമരീന്ദറിനുമിടയില്‍ പ്രശ്‌നത്തിനു വഴിവെച്ചിരുന്നു.