അഞ്ചു ദിവസത്തെ ജാമ്യത്തില്‍ അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തി
Kerala News
അഞ്ചു ദിവസത്തെ ജാമ്യത്തില്‍ അമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th February 2021, 4:09 pm

മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. അമ്മയെ സന്ദര്‍ശിക്കാന്‍ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വീട്ടിലെത്തിയത്.

ഉത്തര്‍പ്രദേശ് പൊലീസിന്റെ കനത്ത സുരക്ഷയിലാണ് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തിയത്. കാപ്പന് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് വീട്ടിലെത്താനായത്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി പരിഗണിച്ചാണ് കോടതി കാപ്പന് ജാമ്യം അനുവദിച്ചത്.

കാപ്പന് മാധ്യമങ്ങളോട് പ്രതികരിക്കാനോ പൊതുജനങ്ങളെ കാണാനോ പാടില്ല. ബന്ധുക്കളെയും അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും മാത്രം കാണാം എന്നാണ് ഉപാധി.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയില്‍ പറയുന്നത് പോലെയുള്ള ആരോഗ്യ പ്രശ്‌നം സിദ്ദീഖ് കാപ്പന്റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യു. പി പൊലീസിന്റെ വാദം. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചത്. എന്നാല്‍ മാനുഷിക പരിഗണന വെച്ച് ജാമ്യം നല്‍കുകയാണെന്നാണ് കോടതി പ്രതികരിച്ചത്. അഞ്ച് ദിവസത്തേക്ക് സിദ്ദീഖ് കാപ്പന്‍ കേരളത്തിലേക്ക് പോയത് കൊണ്ട് കേസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Siddique Kappan reached home in Malappuram to see his mother