ഹിറ്റ്‌ലറില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞാല്‍ സന്തോഷമാണ്, അതൊരു നല്ല ലക്ഷണമായി എടുക്കുമെന്ന് പറഞ്ഞു, ശോഭനയുടെ മറുപടി ഇതായിരുന്നു: സിദ്ദിഖ്
Film News
ഹിറ്റ്‌ലറില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞാല്‍ സന്തോഷമാണ്, അതൊരു നല്ല ലക്ഷണമായി എടുക്കുമെന്ന് പറഞ്ഞു, ശോഭനയുടെ മറുപടി ഇതായിരുന്നു: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 8th September 2022, 1:32 pm

മലയാള സിനിമക്ക് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സിദ്ദിഖ്-ലാല്‍. ഇരുവരും പിരിഞ്ഞ വാര്‍ത്ത സിനിമ പ്രേമികള്‍ക്ക് വലിയ വിഷമമുണ്ടാക്കിയിരുന്നു. സംവിധായക കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം ഇരുവരും ആദ്യമായി ഒത്തുചേര്‍ന്നെടുത്ത ചിത്രമായിരുന്നു ഹിറ്റ്‌ലര്‍. ലാലിന്റെ നിര്‍മാണത്തില്‍ സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായി എത്തിയത്.

ഹിറ്റ്‌ലറില്‍ മമ്മൂട്ടിയുടെ നായികയായി ശോഭനയെ എത്തിച്ച കഥ പറയുകയാണ് ചരിത്രം എന്നിലൂടെ എന്ന സഫാരി ചാനലിലെ പരിപാടിയില്‍ സിദ്ദിഖ്.

‘അഞ്ച് സഹോദരിമാരെ വെച്ച് നോക്കുമ്പോള്‍ സ്റ്റാര്‍ വാല്യു ഉള്ള നായിക വേണമായിരുന്നു. അവരെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്ന ഒരാളായിരിക്കണം ഹീറോയിന്‍ എന്നുകൂടി തീരുമാനിച്ചിട്ടാണ് ശോഭനയെ അന്ന് കാസ്റ്റ് ചെയ്തത്. മമ്മൂക്കക്ക് പറ്റിയ നായികയും ശോഭനയാണ്. ഇതിലെ ഒരു രസം എന്താണെന്ന് വെച്ചാല്‍ ആദ്യസിനിമ മുതല്‍ തന്നെ ശോഭനയെ ഞങ്ങളുടെ ചിത്രങ്ങളില്‍ കാസ്റ്റ് ചെയ്യാന്‍ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഡേറ്റ് ഉണ്ടാവില്ല. റാംജി റാവു സ്പീക്കിംഗ്, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ സിനിമയിലേക്കൊക്കെ ശോഭനയെ കൊണ്ടുവരാന്‍ നോക്കിയിരുന്നു.

ഹിറ്റ്‌ലറിന്റെ കഥ പറയാന്‍ ശോഭനയുടെ അടുത്ത് ചെന്നു. അഭിനയിക്കാന്‍ വിളിച്ച മൂന്ന് പടവും കഴിഞ്ഞു, മൂന്നിലേക്കും വന്നില്ല, പക്ഷേ ആ മൂന്ന് പടവും സൂപ്പര്‍ ഹിറ്റാണ്, അതുകൊണ്ട് ഈ പടത്തിലും ഇല്ലെന്ന് പറഞ്ഞാലും സന്തോഷമാണ്, അതൊരു നല്ല ലക്ഷണമായി നമ്മള്‍ എടുക്കും, കുഴപ്പമില്ല, കഥ കേള്‍ക്കാനാണ് ശോഭനയോട് പറഞ്ഞത്. ഉടനെ ശോഭന പറഞ്ഞത് കഥ കേള്‍ക്കണ്ട, എന്തായാലും ഞാന്‍ ഈ പടത്തില്‍ അഭിനയിക്കും, ഞാനില്ലാതെ അങ്ങനെ നിങ്ങള്‍ സൂപ്പര്‍ ഹിറ്റ് അടിക്കണ്ട എന്നാണ്. ശോഭനയും നല്ല ഹ്യൂമര്‍ സെന്‍സുള്ള നടിയാണ്. അങ്ങനെയാണ് ശോഭന ഹിറ്റ്‌ലറിലേക്ക് വരുന്നത്.

മുമ്പ് മണിച്ചിത്രത്താഴില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തപ്പോഴുണ്ടായ പരിചയവും ശോഭനയുമായിട്ടുണ്ട്. ആ ബന്ധവും ഹിറ്റ്‌ലറിലേക്ക് അവരെ കൊണ്ടുവരാന്‍ സഹായിച്ചു. അന്ന് ശോഭന തിരക്കുള്ള നടിയാണ്. പിന്നെ ഊര്‍വശിയാണുള്ളത്. മലയാളത്തിലെ നെടുംതൂണുകളായി നിന്ന ഹീറോയിനുകളായിരുന്നു രണ്ട് പേരും,’ സിദ്ദിഖ് പറഞ്ഞു.

Content Highlight: Siddique is telling the story of casting Shobhana in Hitler movie