''ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കര്‍ണാടകയില്‍ നിന്ന് മത്സരിക്കണം''; രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് ജനവിധി തേടണമെന്ന ആവശ്യവുമായി നേതാക്കള്‍
national news
''ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി കര്‍ണാടകയില്‍ നിന്ന് മത്സരിക്കണം''; രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് ജനവിധി തേടണമെന്ന ആവശ്യവുമായി നേതാക്കള്‍
ന്യൂസ് ഡെസ്‌ക്
Saturday, 16th March 2019, 10:51 am

ബെംഗളൂരു: ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാന്‍ പോകുന്ന രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് ജനവിധി തേടണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ. മറ്റ് കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കളും ഇതേ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. രാഹുല്‍ കര്‍ണാടകയില്‍ ജനവിധി തേടണമെന്ന് ട്വിറ്ററിലൂടെയാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്.

“” കര്‍ണാടക എന്നും കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീമതി ഇന്ദിരാ ജിയുടേയും ശ്രീമതി സോണിയാ ജിയുടേയും കാര്യത്തില്‍ അങ്ങനെ തന്നെയായിരുന്നു. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി വരുന്ന ശ്രീ രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ നിന്ന് ജനവിധി തേടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പുതിയ പുരോഗമന മാതൃക അതുവഴി ഉണ്ടാവട്ടെട്ടെ#RaGaFromKarnataka.”- എന്നായിരുന്നു സിദ്ധരാമയ്യ ട്വിറ്ററില്‍ കുറിച്ചത്.

സിദ്ധരാമയ്യയുടെ ട്വീറ്റിന് പിന്നാലെ കോണ്‍ഗ്രസിലേയും ജെ.ഡി.സിന്റേയും എം.എല്‍.എമാര്‍ ട്വീറ്റിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു.


200ഓളം വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതികളെ സംരക്ഷിക്കുന്ന അണ്ണാ ഡി.എം.കെയ്‌ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പൊലീസ് മര്‍ദ്ദനം


രാഹുല്‍ ഗാന്ധി ബെംഗളൂരു നോര്‍ത്തില്‍ മത്സരിക്കുകയാണെങ്കില്‍ ഇവിടെ വിജയം സുനിശ്ചിതമാണ്. പാര്‍ട്ടി അണികള്‍ രാഹുല്‍ ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ബെംഗളൂരു നോര്‍ത്തില്‍ മത്സരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. – കോണ്‍ഗ്രസ് എം.എല്‍.എ ബൈരിഗൗഡ പറഞ്ഞു.

രാഹുല്‍ കര്‍ണാടകയില്‍ നിന്നും മല്‍സരിക്കണമെന്ന് പി.സി.സി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവുവും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. “ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നു മത്സരിക്കണമെന്നു രാഹുല്‍ ഗാന്ധിയോട് അപേക്ഷിക്കുന്നു. അദ്ദേഹം ദക്ഷിണേന്ത്യയില്‍ നിന്നുള്ള നമ്മുടെ പ്രതിനിധിയായിരിക്കണം. അതിനായി കര്‍ണാടക തിരഞ്ഞെടുക്കണം” ദിനേഷ് ഗുണ്ടു റാവു ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥും രാഹുല്‍ ഗാന്ധിയെ സംസ്ഥാനത്ത് മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു. രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ദക്ഷിണേന്ത്യയില്‍ നിന്നു മത്സരിച്ചിട്ടുണ്ടെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു.

അടിയന്തരാവസ്ഥ പിന്‍വലിച്ചതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1978 ല്‍ ഇന്ദിരാ ഗാന്ധി കര്‍ണാടകയിലെ ചിക്മംഗളൂരുവില്‍ നിന്നും 1999 ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കെ സോണിയ ഗാന്ധി ബെല്ലാരിയില്‍ നിന്നും മത്സരിച്ചു വിജയിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നേതാക്കളുടെ ആവശ്യം.

യു.പിയിലെ അമേഠിയാണ് നിലവില്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം. ഇതിനു പുറമെ ദക്ഷിണേന്ത്യയില്‍ നിന്നു കൂടി മത്സരിക്കണമെന്നാണ് ആവശ്യം. 2014 ലെ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലും യു.പിയിലുമായി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു.