എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്‌നേഹിയാണ് ടിപ്പുസുല്‍ത്താനെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ; ടിപ്പു ജയന്തി ആഘോഷത്തില്‍ കേന്ദ്രമന്ത്രി പങ്കെടുക്കാത്തത് തെറ്റ്
എഡിറ്റര്‍
Saturday 21st October 2017 5:23pm

 

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്‌ഡെയ്ക്ക് എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ. സര്‍ക്കാരിന്റെ ഭാഗമെന്ന നിലയ്ക്ക് പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ പറയരുതായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ നാല് തവണ യുദ്ധമുണ്ടായപ്പോഴും പടപൊരുതിയ ആളാണ് ടിപ്പുവെന്നും പരിപാടിയെ രാഷ്ട്രീയവത്കരിക്കരുതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര പോരാളി ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിന് പിന്നില്‍ ബി.ജെ.പി പറയുന്ന പോലെ ന്യൂനപ!ക്ഷ പ്രീണനം ഇല്ലെന്നും കോണ്‍ഗ്രസും വ്യക്തമാക്കി.

ആനന്ദ്കുമാര്‍ ഹെഗ്‌ഡെ

ടിപ്പുസുല്‍ത്താന്‍ ക്രൂരനായ കൊലപാതകിയും നികൃഷ്ടനും കൂട്ടബലാത്സംഗിയുമാണെന്നും അങ്ങനെയുള്ള ഒരാളെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഹെഗ്‌ഡെ കര്‍ണാടക സര്‍ക്കാരിന് കത്തെഴുതിയിരുന്നത്.

നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കുന്നത്. കേന്ദ്രമന്ത്രിസഭയിലെ സ്‌കില്‍ ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രിയാണ് ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാംഗമായ ആനന്ദ്കുമാര്‍ ഹെഗ്‌ഡെ  2015 മുതലാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി സംഘടിപ്പിച്ചു വരുന്നത്.

പരിപാടിക്കെതിരെ 2015 മുതല്‍ കുടക്ജില്ലയില്‍ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം ശക്തമായ പൊലീസ് കാവലിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

Advertisement