രാജീവ് രവിക്കൊപ്പം പങ്കെടുത്ത ആ അഭിമുഖത്തില്‍ തോറ്റുപോവാനായിരുന്നു വിധി, അവിടെ സ്വപ്‌നം കുഴിച്ചു മൂടി: സിബി തോമസ്
Film News
രാജീവ് രവിക്കൊപ്പം പങ്കെടുത്ത ആ അഭിമുഖത്തില്‍ തോറ്റുപോവാനായിരുന്നു വിധി, അവിടെ സ്വപ്‌നം കുഴിച്ചു മൂടി: സിബി തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 5:06 pm

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് സിബി തോമസ്. സാധാരണ സിനിമ പൊലീസുകാരില്‍ നിന്നും വ്യത്യസ്തമായി നിത്യജീവിതത്തില്‍ കാണാറുള്ള പൊലീസ് കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. യഥാര്‍ത്ഥ ജിവിതത്തിലും അദ്ദേഹം പൊലീസുകാരാനാണെന്നറിഞ്ഞപ്പോള്‍ അമ്പരപ്പ് കൂടി.

എന്നാല്‍ പൊലീസുകാരന്‍ എന്നതിനപ്പുറം ചെറുപ്പം മുതലേ സിനിമ സ്വപ്‌നം മനസില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു താനെന്ന് പറയുകയാണ് സിബി തോമസ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവിടെ വെച്ചാണ് രാജീവ് രവിയെ പരിചയപ്പെട്ടതെന്നും പറയുകയാണ് സിബി തോമസ്. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിബി തോമസ് തന്റെ സിനിമ സ്വപ്‌നങ്ങളെ പറ്റി പറഞ്ഞത്.

‘ജീവിതത്തിന്റെ യൗവനകാലത്ത് നാം പലതും സ്വപ്നം കാണും. ചിലത് നമുക്ക് എത്തിപ്പിടിക്കാവുന്നവയായിരിക്കും. എന്നാല്‍, മറ്റു ചിലത് എത്ര കഷ്ടപ്പെട്ടാലും നമുക്കു പിടിതരാതെ ദൂരേക്ക് ദൂരേക്ക് മറയും. അത്തരത്തിലൊന്നായിരുന്നു കാസര്‍കോട് വെള്ളരിക്കുണ്ടുകാരനായ എനിക്ക് സിനിമ എന്ന സ്വപ്നം. നാട്ടിലെ തിയേറ്ററുകളില്‍ സിനിമ കാണുമ്പോള്‍ സ്വപ്നം, ഒരുനാള്‍ ആ വെള്ളിത്തിരയില്‍ സ്വന്തം പേര് തെളിഞ്ഞുവരുന്ന നാളെയെക്കുറിച്ചായിരുന്നു. ആ സ്വപ്നത്തിന്റെ ഭാരവും ചുമലേറ്റിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഓറിയന്റേഷന്‍ കോഴ്‌സില്‍ പങ്കെടുക്കാന്‍ വണ്ടികയറിയത്.

സിനിമാക്കാരനാകാനുള്ള ആ യാത്ര മലയോരഗ്രാമവാസികള്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ അധികസമയം വേണ്ടിവന്നില്ല. പരീക്ഷ എഴുതുന്നതിനുമുമ്പേ നാട്ടുകാരുടെ മൗത്ത് പബ്ലിസിറ്റിയില്‍ ഞാനൊരു അഭിനവ സിനിമാക്കാരനായി. എന്നാല്‍, ഒട്ടേറെ മിടുക്കന്മാര്‍ അണിനിരന്ന ആ ഓറിയന്റേഷന്‍ കോഴ്‌സില്‍ അവസാനകടമ്പയായ അഭിമുഖത്തില്‍ എനിക്ക് അടിപതറി. അന്ന് അവസാനറൗണ്ടില്‍ അഭിമുഖത്തിനായെത്തിയവരില്‍ ഒരാളുടെ പേര് രാജീവ് രവി എന്നായിരുന്നു. അന്ന് ഞങ്ങള്‍ പരിചയപ്പെട്ടു.

നാളെയുടെ മലയാളസിനിമയെ മുന്നോട്ടുനയിക്കാന്‍ പോകുന്ന ആ പ്രതിഭയ്‌ക്കൊപ്പം അഭിമുഖത്തിന് പങ്കെടുത്തെങ്കിലും പരാജയമായിരുന്നു എന്റെ വിധി. വീണുടഞ്ഞ സിനിമാസ്വപ്നത്തെ അവിടെത്തന്നെ കുഴിച്ചുമൂടി ഞാന്‍ നാട്ടിലേക്കു വണ്ടികയറി. കളിയാക്കലുകള്‍, ആശ്വസിപ്പിക്കലുകള്‍ ചുറ്റിലും കേട്ട വാക്കുകളെല്ലാം മനസ്സിലെ അവശേഷിച്ച ജീവനും തകര്‍ത്തുകളയുന്നവയായിരുന്നു.

എന്നാല്‍, എവിടെയും പരാജയപ്പെടില്ലെന്ന ഉറപ്പിലാണ് അന്നുതൊട്ട് ജീവിതത്തെ കരുപ്പിടിപ്പിച്ച് തുടങ്ങിയത്. കെമിസ്റ്റ് (ട്രെയിനി), മെഡിക്കല്‍ റെപ്രസന്റേറ്റീവ്… ജീവിക്കാനായി പുതുവേഷങ്ങള്‍. സര്‍ക്കാര്‍ജോലി എന്ന ചിന്ത മനസ്സില്‍ കയറിയപ്പോഴാണ് എസ്.ഐ. സെലക്ഷന്‍ ടെസ്റ്റിന് അപേക്ഷിച്ചത്. ആ അപേക്ഷ ജീവിതത്തിന് വഴിത്തിരിവായി.

സി.ഐ പദവിയിലിരിക്കുമ്പോഴാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ഒരിക്കല്‍ കുഴിച്ചു മൂടിയ സ്വപ്‌നം പിന്നേയും മുള പൊട്ടാന്‍ കാരണം ആ ചിത്രമാണ്,’ സിബി തോമസ് പറഞ്ഞു.

Content Highlight: Siby Thomas says that he has been dreaming of cinema since he was young