ശ്രിന്ദയും സിബി തോമസും; കുറ്റവും ശിക്ഷയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നവര്‍
Film News
ശ്രിന്ദയും സിബി തോമസും; കുറ്റവും ശിക്ഷയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്നവര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 8:12 am

രാജീവ് രവിയുടെ സംവിധാനത്തിലൊരുങ്ങിയ കുറ്റവും ശിക്ഷയുും കഴിഞ്ഞ മെയ് 27നാണ് റിലീസ് ചെയ്തത്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തെ ഏറെ പ്രതീക്ഷയോടെയൊണ് പ്രേക്ഷകര്‍ നോക്കിക്കണ്ടത്. സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്.

ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലേക്ക് പോകുന്ന അഞ്ചംഗ പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറഞ്ഞത്.

ആസിഫ് അലി, അലന്‍സിയര്‍, സണ്ണി വെയ്ന്‍, സെന്തിള്‍ കുമാര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ചു പേരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ തന്നെയാണ് അവതരിപ്പിച്ചത്.

എന്നാല്‍ വളരെ കുറച്ച് സമയത്തേക്ക് മാത്രം വന്നിട്ട് പ്രേക്ഷകരുടെയാകെ മനം കവര്‍ന്ന പെര്‍ഫോമന്‍സ് നടത്തിയ രണ്ട് താരങ്ങള്‍ ചിത്രത്തിലുണ്ട്. സിബി തോമസും ശ്രിന്ദയും. ഏതാനും മിനിട്ടുകള്‍ മാത്രമാണ് ഇരുവരും ചിത്രത്തിലെത്തുന്നത്.

വളരെ ഗൗരവത്തോടെ പോകുന്ന കഥക്കിടയില്‍ പ്രേക്ഷകരെ ചിരിപ്പിച്ച നിമിഷങ്ങള്‍ സമ്മാനിച്ചത് ശ്രിന്ദയുടെ കഥാപാത്രമായിരുന്നു. തന്റെ ഭര്‍ത്താവിനെ പിടിക്കാന്‍ വരുന്ന പൊലീസുകാരുടെ മുമ്പില്‍ നാടകം കളിക്കുന്നതും ഒടുവില്‍ അത് പരാജയപ്പെടുമ്പോഴുള്ള അമര്‍ഷവുമൊക്കെ മികച്ച രീതിയില്‍ തന്നെയാണ് ശ്രിന്ദ അവതരിപ്പിച്ചത് അവതരിപ്പിച്ചത്. ഈ രംഗം മുഴുവനായും ശ്രിന്ദയുടെ ക്രെഡിറ്റിലേക്കാണ് പോയത്.

ചെയ്യാത്ത കുറ്റത്തിന് സംശയിക്കപ്പെടുന്ന ഒരു സാധാരണക്കാരനായിട്ടാണ് സിബി തോമസ് ചിത്രത്തിലെത്തിയത്. വര്‍ഷങ്ങളോളം ഒരു സ്ഥാപനത്തില്‍ ആത്മാര്‍ത്ഥമായിട്ട് ജോലി ചെയ്തിട്ടും പെട്ടെന്നൊരു ദിവസം അവിടെ നിന്നും പുറത്താക്കപ്പെട്ടതിന്റെയും പിന്നീടൊരു കേസില് കുറ്റക്കാരനെന്ന് സംശയിക്കപ്പെട്ടതിന്റെയും വിഷമം മികച്ച രീതിയിലാണ് സിബി തോമസ് ആവിഷ്‌കരിച്ചത്.

ഇത്ര വികാരനിര്‍ഭരമായി ഇതുവരെ മറ്റൊരു ചിത്രത്തിലും സിബി തോമസ് അഭിനയിച്ചു കണ്ടിട്ടില്ല. വളരെ കുറച്ച് സമയത്തേനാണ് ചിത്രത്തില്‍ വന്നതെങ്കിലും ആ കഥാപാത്രത്തിന്റെ കാമ്പ് അറിഞ്ഞ് അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി.

പൊലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന്റെ ഭാഗമായി ചെറിയ വേഷങ്ങളിലെത്തിയ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ചിത്രത്തിന്റെ ആദ്യപകുതി എന്‍കേജിങ്ങാക്കിയത് ഇവരുടെ പ്രകടനങ്ങള്‍ കൂടിയായിരുന്നു.

 

Content Highlight: Siby Thomas and Srinda are two actors in the film kuttavum sikshayum who came for a very short time and performed a captivating performance