എല്ലാവരും വിമര്‍ശിച്ച ആ ലിജോ ചിത്രം പോലും മികച്ച പരീക്ഷണം; പ്രേക്ഷക പ്രതികരണം വിഷയമല്ല: സിബി മലയില്‍
Entertainment
എല്ലാവരും വിമര്‍ശിച്ച ആ ലിജോ ചിത്രം പോലും മികച്ച പരീക്ഷണം; പ്രേക്ഷക പ്രതികരണം വിഷയമല്ല: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th February 2023, 7:42 pm

നന്‍പകല്‍ നേരത്ത് മയക്കമെന്ന ചിത്രത്തിലൂടെ ഒരിക്കല്‍കൂടി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വന്ന ചിത്രം ഐ.എഫ്.എഫ്.കെ വേദിയില്‍ ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം നേടിയതിന് പിന്നാലെ തിയേറ്ററുകളിലും മികച്ച പ്രതികരണം നേടിയിരുന്നു.

ഇപ്പോഴിതാ ലിജോയെ പ്രശംസിച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍. ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും ബ്രില്യന്റായ സംവിധായകരില്‍ ഒരാളാണ് ലിജോയെന്നും, സിനിമയെ അദ്ദേഹം സമീപിക്കുന്ന രീതി പ്രശംസിക്കപ്പെടേണ്ടതാണെന്നും സിബി മലയില്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘സിനിമയെ വേറൊരു തലത്തില്‍ കാണാന്‍ പ്രാപ്തനായ സംവിധായകനാണ് ലിജോ. അദ്ദേഹത്തിന്റെ ജല്ലിക്കെട്ട് ഞാന്‍ വളരെ ആസ്വദിച്ച ചിത്രമായിരുന്നു. അതിന്റെ മേക്കിങ്ങില്‍ വല്ലാത്തൊരു ബ്രില്ല്യന്‍സുണ്ട്.

സിനിമയെ കുറിച്ച് സാധാരണ കാഴ്ചപ്പാടല്ല അദ്ദേഹത്തിനുളളത്. ആദ്യ സിനിമ തൊട്ടേ അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എല്ലാവരും വിമര്‍ശിച്ച ഡബിള്‍ ബാരല്‍ പോലും ഒരു മികച്ച പരീക്ഷണ ചിത്രമായിരുന്നു. അത്തരമൊരു പരീക്ഷണത്തിന് തയ്യാറാകാനുള്ള ധൈര്യം ലിജോ കാണിച്ചു. പ്രേക്ഷകര്‍ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നത് ഞാന്‍ വിഷയമാക്കുന്നില്ല,’ സിബി മലയില്‍ പറഞ്ഞു.

ജല്ലിക്കെട്ട്, ചുരുളി, അങ്കമാലി ഡയറീസ്, ആമേന്‍, ഈ.മ.യൗ, നന്‍പകല്‍ നേരത്ത് മയക്കം മുതലായ ലിജോ ചിത്രങ്ങള്‍ വമ്പിച്ച വിജയമായിരുന്നു. എന്നാല്‍ 2015ല്‍ പുറത്തിറങ്ങിയ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. എങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സ്പൂഫ് ചിത്രങ്ങളില്‍ ഒന്നായാണ് ഡബിള്‍ ബാരല്‍ പരിഗണിക്കപ്പെടുന്നത്.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മോഹന്‍ലാല്‍ ഗുസ്തി താരമായി എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ രാജസ്ഥാനാണ്. ചിത്രത്തിന്റെ ഷൂട്ടിങ് സ്റ്റില്ലുകള്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

തുടര്‍ പരാജയങ്ങള്‍ കാരണം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന മോഹന്‍ലാലിന് ശക്തമായ തിരിച്ചുവരവ് നല്‍കാന്‍ ലിജോക്ക് കഴിയുമെന്നാണ് ആരാധകരും വിശ്വസിക്കുന്നത്.

 

Content Highlight: Sibi Malayil about Lijo Jose Pellissery and Double Barrel movie