'നീതിക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്'; ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ സംസാരിച്ച് അഴിക്കുള്ളിലായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ എഴുതുന്നു
SHWETA SANJIV BHATT
'നീതിക്കുവേണ്ടിയാണ് അദ്ദേഹം നിലകൊണ്ടത്'; ഗുജറാത്ത് കലാപത്തില്‍ മോദിക്കെതിരേ സംസാരിച്ച് അഴിക്കുള്ളിലായ സഞ്ജീവ് ഭട്ടിന്റെ ഭാര്യ എഴുതുന്നു
ന്യൂസ് ഡെസ്‌ക്
Tuesday, 14th May 2019, 10:57 pm

ന്യൂദല്‍ഹി: ”അദ്ദേഹത്തിന്റെ അഭിമാനവും ആവേശവും മുറിഞ്ഞുപോകാതെ, വളഞ്ഞുപോകാതെ നിലകൊള്ളുകയാണ്.’ 23 വര്‍ഷം പഴക്കമുള്ള കേസില്‍ അറസ്റ്റിലായി ഒരുവര്‍ഷത്തിലധികമായി പുറംലോകം കാണാതെ അഴിക്കുള്ളില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ എഴുതുന്നത് നിശ്ചയദാര്‍ഢ്യത്തോടെയാണ്.

2002-ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ അന്നത്തെ നരേന്ദ്രമോദി ഭരണകൂടത്തിനെതിരേ സംസാരിച്ചതിന്റെ പേരില്‍ 2015-ലാണ് സഞ്ജീവിനെ പോലീസ് സേനയില്‍ നിന്നു പുറത്താക്കുന്നത്. അതിനുശേഷം കലാപം തടയാന്‍ മോദി ഒന്നും ചെയ്തില്ലെന്നാരോപിച്ച് അദ്ദേഹം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

അതിനു പ്രതികാരനടപടിയെന്നോണം രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്ന് കേസില്‍ കുടുക്കിയെന്ന പരാതിയില്‍ സഞ്ജീവിനെ അറസ്റ്റ് ചെയ്തു. ബനസ്‌കന്ദയില്‍ ഡി.എസ്.പിയായിരുന്ന സമയത്ത് 1998-ലാണ് ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഒരുവര്‍ഷത്തിലധികമായി അഴിക്കുള്ളില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെ പുറത്തിറക്കാന്‍ കഴിയുന്നതൊക്കെയും ചെയ്‌തെന്നും കോടതി പോലും തങ്ങള്‍ക്ക് അനുകൂലമായില്ലെന്നും സഞ്ജീവിന്റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട് ഫേസ്ബുക്കില്‍ എഴുതി. സഞ്ജീവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ശ്വേത ഇതെഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘ഇന്നു ഞാനെഴുതുന്നത് വളരെ നിരാശാജനകമായ ഒരു ഹൃദയത്തോടെയാണ്. സഞ്ജീവിനെ അനധികൃതമായി കൊണ്ടുപോയിട്ട് എട്ടുമാസത്തില്‍ അധികമായപ്പോഴാണ്, ഒന്നരമാസത്തോളം കാത്തിരിക്കാന്‍ ഞങ്ങളോടു പറഞ്ഞ സുപ്രീം കോടതി ഞങ്ങള്‍ സമര്‍പ്പിച്ച സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ പരിഗണിച്ചത്. മാര്‍ച്ചിലായിരുന്നു ഇത്. പക്ഷേ മാര്‍ച്ച് ഒമ്പതിന് കോടതി പറഞ്ഞത് ജാമ്യാപേക്ഷയില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നാണ്. കേസില്‍ അഭിപ്രായം പറയുന്നതു കോടതി നീട്ടിവെയ്ക്കുകയും ചെയ്തു. ആറുമാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയെ ജാമ്യത്തിനുവേണ്ടി സമീപിക്കാനാണു കോടതി പറഞ്ഞത്. ഇപ്പോള്‍ സഞ്ജീവ് ജയിലിലായിട്ട് ഒരുവര്‍ഷം കഴിഞ്ഞു.

23 വര്‍ഷം പഴക്കമുള്ള കേസില്‍ വളരെ അനായാസമായും ഗൂഢോദ്ദേശ്യത്തോടെയും പുനരന്വേഷണം നടത്തുകയും അതില്‍ ഒരു മനുഷ്യനെ ഒരുവര്‍ഷത്തിലധികമായി കസ്റ്റഡിയില്‍ വെയ്ക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് ആരെയായാലും അത്ഭുതപ്പെടുത്തും. ജുഡീഷ്യറിക്കുള്ളില്‍ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ഞങ്ങള്‍ പോയെങ്കിലും എനിക്കു സഹായിക്കാനായില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഴത്തില്‍ മുങ്ങിപ്പോയ ജനാധിപത്യത്തെക്കുറിച്ചോര്‍ത്തു വിലപിക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. തന്റെ ജോലി സത്യസന്ധമായി ചെയ്ത ഒരുദ്യോഗസ്ഥനെ പീഡിപ്പിക്കുന്ന ഭരണകൂടത്തെ ഓര്‍ത്തു സഹതപിക്കാനേ കഴിയുന്നുള്ളൂ. അതേസമയം കൊലപാതകക്കേസിലെ പ്രതികള്‍ രണ്ടു രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെ പുറത്തു സൈ്വര്യവിഹാരം നടത്തുന്നു. എനിക്കു സഹായിക്കാനാകുന്നില്ല. പക്ഷേ നിശബ്ദരായി നിന്നു കാഴ്ചകാണുന്ന ഈ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ അവസാനം എന്താകുമെന്നോര്‍ത്തു ഞാന്‍ അത്ഭുതപ്പെടുകയാണ്. അതേസമയം ഇവര്‍ക്കുവേണ്ടി വിശ്രമമില്ലാതെ പോരാടുന്ന വ്യക്തികളെ ഈ ഫാസിസ്റ്റ് ഭരണകൂടം ശിക്ഷിക്കുന്നതു തുടരുകയാണ്.

അടിസ്ഥാന പൗരാവകാശമായ ജാമ്യം പോലും ലഭിക്കാതെയാണു സഞ്ജീവ് കസ്റ്റഡിയില്‍ക്കഴിയുന്നത്. അദ്ദേഹം ചെയ്ത ഏക തെറ്റെന്തെന്നാല്‍- ആത്മാര്‍ഥതയോടെയും അഭിമാനത്തോടെയും തന്റെ ജോലി ചെയ്തുവെന്നതാണ്. രാഷ്ട്രീയ ഒത്താശയോടെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഇരകള്‍ക്കു നീതി നേടിക്കൊടുക്കാന്‍ പോരാടുന്നതിനിടെ സമ്മര്‍ദത്തിന് അടിമപ്പെടാതെ ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ തെറ്റുകള്‍ക്കെതിരേ നിലകൊണ്ടുവെന്നതാണ് അദ്ദേഹം ചെയ്തത്.

ക്രൂരതകള്‍ക്കു മുന്നില്‍ നിന്നുകൊണ്ടു നീതിക്കുവേണ്ടിയും ഒരു നല്ല ഇന്ത്യക്കു വേണ്ടിയുമുള്ള സഞ്ജീവിന്റെ പോരാട്ടം തുടരുകയാണ്. അദ്ദേഹത്തിന്റെ അഭിമാനവും ആവേശവും മുറിഞ്ഞുപോകാതെ വളഞ്ഞുപോകാതെ നിലകൊള്ളുകയാണ്. ദൈവം അനുഗ്രഹിക്കട്ടെ.’

പോസ്റ്റിനൊടുവില്‍ #Enoughisenough #JusticeforSanjivBhatt എന്നീ രണ്ട് ഹാഷ്ടാഗുകളും നല്‍കിയിട്ടുണ്ട്.