എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ ശുഭ മുദ്കലിനെ തടയാന്‍ മോദി അനുകൂലിയുടെ ശ്രമം
എഡിറ്റര്‍
Tuesday 10th June 2014 11:34am

subha-mudgal ന്യൂദല്‍ഹി: അമേരിക്കയില്‍ സംഗീത ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രശസ്ത ക്ലാസ്സിക്കല്‍ സംഗീതജ്ഞ ശുഭ മുദ്കലിനെ തടയാന്‍ മോദി അനുകൂലിയുടെ ശ്രമം. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ സന്നിവാലെ ഹിന്ദു ടെമ്പിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ബോംബെ ജയശ്രീയോടൊപ്പം കര്‍ണ്ണാടിക് സംഗീതം അവതരിപ്പിക്കാനെത്തിയതായിരുന്നു അവര്‍.

പരിപാടി ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഓഡിറ്റോറിയത്തിന്റെ ഓഫീസര്‍മാരില്‍പ്പെട്ട ഒരാള്‍ ശുഭ മുദ്കലിനെ വഴിതടയുകയായിരുന്നു. നിങ്ങള്‍ മോദി വിരുദ്ധയും ഹിന്ദുത്വ വിരോധിയും ദേശ ദ്രോഹിയും ആണെന്നുള്ള നിരവധി പരാതികള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹിന്ദുത്വ വിരുദ്ധ പരിപാടികള്‍ ഇവിടെ അനുവദിക്കരുതെന്ന് തന്നോട് പരാതിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ ഇവരെ തടഞ്ഞത്.

അതേസമയം താന്‍ മോദി വിരുദ്ധനാണെന്നത് രഹസ്യമായ കാര്യമല്ലെന്നും എന്നാല്‍ അത് നിങ്ങള്‍ക്ക് ഈ വിധത്തില്‍ പെരുമാറാന്‍ അവകാശം തരുന്നില്ലെന്നും ശുഭ മുദ്കല്‍ തിരിച്ചുപറഞ്ഞു.

തര്‍ക്കം മുറുകിയതോടെ കൂടെയുണ്ടായിരുന്ന മറ്റ് സംഗീതജ്ഞര്‍ കൂട്ടമായെത്തി ഇയാളെ പ്രതിരോധിച്ചു. തുടര്‍ന്ന് പ്രശ്‌നം തുടര്‍ന്നാല്‍ പരിപാടി നിര്‍ത്തിവെക്കുമെന്ന് ഇവര്‍ അറിയിച്ചു. പിന്നീട് സംഘാടകരുടെ അഭ്യര്‍ത്ഥന പ്രകാരം കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കു കീഴില്‍ ഇവര്‍ പരിപാടി അവതരിപ്പിക്കുകയായിരുന്നു.

ശുഭ മുദ്കലിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തെ സഫ്തര്‍ ഹശ്മി മെമ്മോറിയല്‍ ട്രസ്റ്റ് (സഹ്മത്) അപലപിച്ചു.

Advertisement