സ്പിന്നര്‍മാരെ മാത്രം മര്‍ദ്ദിച്ചാല്‍ മതിയോ? ഇനിയെങ്കിലും കണ്ണുതുറക്കൂ ബി.സി.സി.ഐ; അയാളേക്കാള്‍ കഴിവുള്ളവര്‍ പുറത്തുണ്ട്
Cricket
സ്പിന്നര്‍മാരെ മാത്രം മര്‍ദ്ദിച്ചാല്‍ മതിയോ? ഇനിയെങ്കിലും കണ്ണുതുറക്കൂ ബി.സി.സി.ഐ; അയാളേക്കാള്‍ കഴിവുള്ളവര്‍ പുറത്തുണ്ട്
മുഹമ്മദ് ഫിജാസ്
Wednesday, 3rd August 2022, 8:31 am

ഇന്ന് ക്രിക്കറ്റില്‍ ഏറ്റവും കഠിനമായ പോരാട്ടങ്ങള്‍ നടക്കുന്ന ഫോര്‍മാറ്റാണ് ട്വന്റി-20 ക്രിക്കറ്റ്. കളിക്കുന്ന നേരമെല്ലാം ടീമിനായി അര്‍പ്പണ ബോധത്തോടെ എല്ലാ താരങ്ങളും ഒരുമിച്ച് നിന്ന് പോരാടണം. ഏതെങ്കിലും ഒരു ഓവറോ ബോളോ മതി കളിയുടെ റിസല്‍ട്ട് തന്നെ മാറിമറിയാന്‍.

അങ്ങനെ ടീമിലെ ഓരോ താരങ്ങളും പ്രധാനപ്പെട്ട റോളുകള്‍ കളിക്കുമ്പോള്‍ ടീമിലെ ഒരാള്‍ വീക്കായാല്‍ അത് ടീമിന്റെ മൊത്തത്തിലുള്ള ശക്തിയെ ബാധിക്കും. അത്തരത്തില്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിനെ ബാധിക്കുന്ന ഒരു താരമാണ് ശ്രേയസ് അയ്യര്‍.

ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യന്‍ ടീം ഒരുപാട് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഒരുപാട് യുവതാരങ്ങള്‍ക്ക് അവസരമൊരുക്കാനും ഇന്ത്യന്‍ ടീമിന് സാധിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം അകമഴിഞ്ഞ പിന്തുണ കൊടുക്കുന്ന താരമാണ് അയ്യര്‍.

നിലവില്‍ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ വിരാടിന്റെ അസാനിധ്യത്തില്‍ മൂന്നാമതായാണ് അയ്യര്‍ കളിക്കുന്നത്. എന്നാല്‍ ടീമിന് ഒരു ഗുണവും ചെയ്യാത്ത മോശം പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. യാതൊരു അഗ്രസീവ് മനോഭാവവുമില്ലാതെ തട്ടിയും മുട്ടിയും കുറച്ചു റണ്‍സ് കേറ്റാന്‍ മാത്രമാണ് അദ്ദേഹം ശ്രമിക്കുന്നത്.

ആദ്യ മത്സരത്തില്‍ പൂജ്യത്തിന് മടങ്ങിയ അയ്യര്‍ രണ്ടാം മത്സരത്തില്‍ പത്ത് റണ്‍സെടുത്ത് മടങ്ങിയിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ അപാരെ സ്‌കോറിങ് നടത്താറുള്ള അയ്യര്‍ പക്ഷെ പേസ് വരുമ്പോള്‍ മുട്ടടിക്കും. ഷോട്ട് ബോള്‍ വീക്ക്‌നസുള്ള അയ്യരിന് നിലവില്‍ പേസ് ബോളിനെതിരെ മികച്ച അറ്റാക്ക് പോലും നടത്താന്‍ സാധിക്കുന്നില്ല.

സ്പിന്നിനെ മാത്രം അറ്റാക്ക് ചെയ്യുന്ന ഒരു താരത്തെ ലോകകപ്പിന് എന്ത് വിശ്വസിച്ചാണ് ടീമില്‍ ഉള്‍പ്പെടുത്തുക. അദ്ദേഹത്തെക്കാള്‍ ടാലെന്റുള്ള ഒരുപാട് താരങ്ങള്‍ അവസരം കാത്തുനില്‍ക്കുമ്പോള്‍ അടച്ചു പിടിച്ചിരിക്കുന്ന കണ്ണ് തുറക്കേണ്ടത് ബി.സി.സി.ഐയുടെ കടമയാണ്.

നേരത്തെ അയ്യറിനെ വിമര്‍ശിച്ച് മുന്‍ താരങ്ങളും ആരാധകരും രംഗത്ത് വന്നിരുന്നു. മുന്‍ താരങ്ങളായ ശ്രീകാന്തും, വെങ്കിടേഷ് പ്രസാദുമായിരുന്നു അയ്യരിനെ വിമര്‍ശിച്ചവരില്‍ പ്രമുഖര്‍. എന്നാല്‍ അദ്ദേഹത്തിനെ പിന്തുണച്ച് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സാബ കരീം രംഗത്തെത്തിയിരുന്നു.

സഞ്ജു സാംസണെ പോലെ ഒരു ട്വന്റി-20 സ്‌പെഷ്യലിസ്റ്റ് ബാറ്ററുള്ളപ്പോള്‍ ആ ഫോര്‍മാറ്റിനോട് ഒരു നീതിയും പുലര്‍ത്താത്തത് അനീതിയാണ്. ട്വന്റി-20യില്‍ ഒരു ഡോട്ട് ബോള്‍ പോലും കളിക്കുന്നത് ക്രൈമാണെന്ന് പറഞ്ഞ അയ്യരിനെ ഈ ഒരു സാഹചര്യത്തില്‍ ടീമില്‍ നിര്‍ത്തുന്നതും ‘ക്രൈം തന്നെയാണ്’.

Content Highlights: Shreyas Iyer is not apt for T20 format