എഡിറ്റര്‍
എഡിറ്റര്‍
ഗോഡ്‌സെ പ്രതിമ ഉടന്‍ നീക്കണം; ഹിന്ദു മഹാസഭയ്ക്ക് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്
എഡിറ്റര്‍
Friday 17th November 2017 11:20am

 

ഗ്വാളിയോര്‍: ഹിന്ദുമഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസില്‍ സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമ ഉടന്‍ നീക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നോട്ടീസ്. ഭോപ്പാലിലെ ഹിന്ദു മഹാസഭ ഓഫീസില്‍ കഴിഞ്ഞ ദിവസം ഗോഡ്‌സെ പ്രതിമ സ്ഥാപിച്ച പ്രവര്‍ത്തകര്‍ പ്രതിമയെ പൂജിക്കാന്‍ തുടങ്ങിയതോടെയാണ് ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.


Also Read: സെക്‌സി ദുര്‍ഗ, രാധ എന്നുപയോഗിക്കുന്നവര്‍ എന്തുകൊണ്ട് സെക്‌സി മേരി, ആയിഷ എന്ന് ഉപയോഗിക്കുന്നില്ല; സംഘപരിവാര്‍ പ്രചരണത്തിന് ചുക്കാന്‍ പിടിച്ച് ബി.ജെ.പി എം.പി രാജീവ് ചന്ദ്രശേഖര്‍


‘ക്ഷേത്രം വേണ്ട എന്ന് പറഞ്ഞാല്‍ വിഗ്രഹാരാധനയും വേണ്ട എന്നാണെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയ്ക്ക് അയച്ച നോട്ടീസില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ശിവ് രാജ് സിങ് വര്‍മ്മ പറഞ്ഞു. ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജിനാണ് ജില്ലാ മജിസ്‌ട്രേട്ട് കത്തയച്ചത്.

പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ക്ഷേത്രമെന്ന് സ്വയം വിശേഷിപ്പിക്കുകയാണ് സംഘടനയെന്ന് പറയുന്ന നോട്ടീസില്‍ ഇത് 2001ലെ ക്ഷേത്രനിര്‍മ്മാണ നിയമത്തിന്റെ ലംഘനമാണെന്നും മജിസ്‌ട്രേട്ട് ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും പ്രതിമ നീക്കം ചെയ്യണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ ശക്തമായ നിയമനടപടികള്‍ക്ക് സംഘടന വിധേയരാവേണ്ടിവരുമെന്നും മജിസ്ട്രേറ്റ് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗ്വാളിയോര്‍ നഗരത്തിലെ ദൗലത്ഗഞ്ച് മേഖലയിലെ ഓഫീസില്‍ 32 ഇഞ്ച് ഉയരമുള്ള പ്രതിമയാണ് ആരാധനക്കായി സ്ഥാപിച്ചിട്ടുള്ളത്. ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പ്രതിഷ്ഠയും പഞ്ചഗവ്യം പ്രസാദമായി നല്‍കുകയും ചെയ്തിരുന്നു.


Dont Miss: ശമ്പളവും പെന്‍ഷനും നല്‍കാന്‍ കാശില്ല; ലക്ഷങ്ങള്‍ ചിലവഴിച്ച് പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി ദേവസ്വം ബോര്‍ഡ്


എന്നാല്‍ ഭരണകൂടത്തിന്റെ നോട്ടീസിനോട് പ്രതികരിച്ച ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീര്‍ ഭരദ്വാജ് സ്വന്തം സ്ഥലത്ത് എന്തും നിര്‍മ്മിക്കാനുള്ള അവകാശം ഒരു ഇന്ത്യന്‍ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ യാതൊരു നിയലംഘനവും നടത്തിയിട്ടില്ലെന്ന് പറഞ്ഞു.

Advertisement