എഡിറ്റര്‍
എഡിറ്റര്‍
‘പിന്നെ എന്റെ പോക്കറ്റില്‍ നിന്നാണോ പണം എടുക്കേണ്ടത്?’; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കേസ് നടത്തുന്നെന്ന ആരോപണത്തിന് മറുപടിയുമായി കെജ്‌രിവാള്‍
എഡിറ്റര്‍
Wednesday 5th April 2017 2:46pm

 

ന്യൂദല്‍ഹി: തനിക്കെതിരായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ മാന നഷ്ടകേസ് നടത്താന്‍ തന്റെ പോക്കറ്റില്‍ നിന്ന് പണം എടുക്കണോയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 3.8കോടി രൂപ വക്കീല്‍ ഫീസ് നല്‍കുന്നെന്ന വിവാദത്തിന് മറുപടിയുമായാണ് കെജ്‌രിവാള്‍ ജനക്കൂട്ടത്തിന് മുന്നിലെത്തിയത്.


Also read സഖാവേ അവരുടെ മകന്‍ ജീവിച്ചിരിപ്പില്ല; നിപിന്‍ നാരയണന്റെ ചിത്രങ്ങള്‍ കാണാം 


അഴിമതിക്കെതിരായി ആരോപണം ഉന്നയിച്ചപ്പോള്‍ ധനമന്ത്രി തനിക്കെതിരായി മാനനഷ്ട കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതില്‍ താന്‍ തന്റെ പോക്കറ്റില്‍ നിന്നാണോ പണം നല്‍കേണ്ടതെന്നായിരുന്നു കെജ്‌രിവാള്‍ ചോദിച്ചത്. ചോദ്യത്തിന് മറുപടിയായി ‘വേണ്ട’ എന്നായിരുന്നു ജനക്കൂട്ടം വിളിച്ച് പറഞ്ഞത്. സീമാപൂരിയില്‍ നടന്ന റാലിയിലായിരുന്നു കെജ്‌രിവാള്‍ വിഷയത്തില്‍ ആദ്യ പ്രതികരണം നടത്തിയത്.

‘ദല്‍ഹി ക്രിക്കറ്റില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. നിങ്ങള്‍ ഡി.ഡി.സി.എയെ കുറിച്ച് കേട്ടിട്ടുണ്ടാവും. സെലക്ഷന് വേണ്ടി പണം വാങ്ങുന്നുവെന്നാണ് യുവാക്കള്‍ പരാതി പറയുന്നത്. ഇതില്‍ അന്വേഷണം വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇതിനാണ് ബി.ജെ.പി എനിക്കെതിരെ കേസ് ഫയല്‍ ചെയ്തത്. ഇത് പ്രതിരോധിക്കുവാന്‍ വേണ്ടിയാണ് ഞങ്ങള്‍ അഭിഭാഷകന്‍ രാം ജെഠ്മലാനിയെ വിളിച്ചത്. അവര്‍ ചോദിക്കുകയാണ് ഞാനിതിന് സര്‍ക്കാരില്‍ നിന്നാണോ പണമെടുക്കേണ്ടതെന്ന് അല്ലാതെ എന്റെ പോക്കറ്റില്‍ നിന്നാണോ ഇതിന് പണമെടുക്കേണ്ടത്?’ കെജ്‌രിവാള്‍ ചോദിച്ചു.

കേസ് നടത്തിപ്പിനായി രാം ജെഠ്മലാനിയെ സമീപിച്ച സര്‍ക്കാര്‍ കേസില്‍ ഹാജരാകുന്നതിനായി 3.8 കോടി രൂപയായിരുന്നു ഫീസിനത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. ധനവിഭാഗത്തിന് ഇത് സംബന്ധിച്ച ബില്ല് കൈമാറിയതോടെയായിരുന്നു വിവാദം ഉടലെടുത്തത്.

സംഭവം വിവാദമായപ്പോള്‍ ഫീസ് വാങ്ങാതെ കെജ്‌രിവാളിനായി ഹാജരാകുമെന്ന് ജെഠ്മലാനി വ്യക്തമാക്കിയിരുന്നു. ജെയ്റ്റ്ലി ദല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായിരിക്കെ നടന്ന അഴിമതികളില്‍ തന്റെ ക്രോസ് എക്സാമിനേഷന്‍ ഭയന്നിരിക്കുകയാണ് ജെയ്റ്റ്ലിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement