'കാറിന്റെ മുഴുവൻ വിലയും മാരുതി തിരികെ നൽകണം'; അപകടത്തിൽ എയർബാഗ് പ്രവർത്തിക്കാത്തതിൽ ഉപഭോക്തൃ കമ്മീഷൻ
Kerala News
'കാറിന്റെ മുഴുവൻ വിലയും മാരുതി തിരികെ നൽകണം'; അപകടത്തിൽ എയർബാഗ് പ്രവർത്തിക്കാത്തതിൽ ഉപഭോക്തൃ കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2024, 6:06 pm

മലപ്പുറം: കാറപകടത്തിൽ എയർബാഗ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിന് കാറിന്റെ മുഴുവൻ വിലയും തിരികെ നൽകാൻ മാരുതി സുസുക്കിയോട് ഉപഭോക്തൃ കമ്മീഷൻ.

മലപ്പുറം ഇന്ത്യാനൂർ സ്വദേശി മുഹമ്മദ്‌ മുസ്‌ലിയാർ നൽകിയ പരാതിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്.

വാഹനത്തിന്റെ വിലയായ 4,35,845 രൂപയും കോടതി ചെലവിലേക്ക് 20,000 രൂപയും നൽകണമെന്ന് കമ്മീഷൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് കമ്പനിയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കണമെന്നും അല്ലാത്തപക്ഷം ഒമ്പത് ശതമാനം പലിശ നൽകണമെന്നും ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറയുന്നുണ്ട്.

2021 ജൂൺ 30നാണ് മുഹമ്മദ്‌ മുസ്‌ലിയാരുടെ വാഹനം തിരൂരിൽ വെച്ച് അപകടപ്പെട്ടത്. അപകടത്തിൽ യുവാവിന് സാരമായി പരിക്കേറ്റിരുന്നു. കാറിന്റെ എയർബാഗ് പ്രവർത്തിക്കാത്തത് കൊണ്ടാണ് ഗുരുതരമായ പരിക്ക് പറ്റിയതെന്നും വാഹന നിർമാണത്തിലെ പിഴവ് കാരണമാണ് എയർബാഗ് പ്രവർത്തിക്കാത്തത് എന്നും ആരോപിച്ചാണ് മുഹമ്മദ്‌ ഉപഭോക്ത കമ്മീഷനിൽ പരാതി നൽകിയത്.

എയർബാഗ് പ്രവർത്തിക്കാൻ മാത്രം ആഘാതം ഉള്ളതായിരുന്നു അപകടം എന്നും എന്നാൽ എയർബാഗ് പ്രവർത്തിച്ചിരുന്നില്ല എന്നും മോട്ടോർ വാഹന ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിലും പറയുന്നുണ്ട്. ഈ റിപ്പോർട്ടിനെ തുടർന്നാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Content Highlight: Should give full amount of the car; Customer commission to Maruthi Suzuki