വ്യാഴാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കില്ല; സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala News
വ്യാഴാഴ്ച സംസ്ഥാനത്ത് കടകള്‍ തുറക്കില്ല; സമരത്തില്‍ നിന്നും താത്കാലികമായി പിന്മാറിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th July 2021, 5:02 pm

കോഴിക്കോട്: സംസ്ഥാനത്ത് വ്യാഴാഴ്ച കടകള്‍ പൂര്‍ണമായും തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും താത്കാലികമായി പിന്മാറിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. മുഖ്യമന്ത്രി വിളിച്ചു സംസാരിച്ചെന്നും നസറുദ്ദീന്‍ പറഞ്ഞു.

വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചിരുന്നു. ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തല്‍ക്കാലം കടകള്‍ തുറക്കുന്നില്ല. വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നുമാണ് നസറുദ്ദീന്‍ പറഞ്ഞത്.

14 ജില്ലകളിലും നാളെ കടകള്‍ തുറക്കാനായിരുന്നു നേരത്തെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം.

ബുധനാഴ്ച സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ചേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ നടപടി വേണമെന്നും ഇടതു വ്യാപാരി സംഘടന ആവശ്യപ്പെട്ടിരുന്നു.

വ്യാപാരികളുടെ പ്രശ്നങ്ങള്‍ ആരും കണക്കിലെടുക്കുന്നില്ലെന്നും കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മുന്‍ എം.എല്‍.എ വി.കെ.സി. മമ്മദ് കോയയും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Shops may not open on thursday says shop owners