വിരട്ടാന്‍ നോക്കേണ്ട; നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
Kerala News
വിരട്ടാന്‍ നോക്കേണ്ട; നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th July 2021, 11:35 am

തിരുവനന്തപുരം : സംസ്ഥാനത്ത് എന്തു വന്നാലും നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പേടിപ്പിക്കലൊന്നും വേണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

കേരളത്തിലെ ഏഴു മുഖ്യമന്ത്രിമാരുമായി നേരിട്ട് സംഭാഷണം നടത്തിയ ആളാണ് താനെന്നും എല്ലാവരും എല്ലാകാലത്തും പേടിപ്പിക്കുമെന്നും പീടിക ഒഴിപ്പിക്കുമെന്ന് പറഞ്ഞും, സെയില്‍സ് ടാക്സിലെ തെറ്റായ കാര്യങ്ങള്‍ തുറന്നു കാട്ടിയാല്‍ ജയിലില്‍ പിടിച്ചിടുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ അതിജീവിച്ചു വന്ന വിപ്ലവ സംഘടനയാണിത്. കടകള്‍ തുറക്കാന്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു.

പെരുന്നാള്‍ വരെ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ഓണക്കാലത്ത് ഏതുതരത്തിലുള്ള ഇളവുകള്‍ നല്‍കാനാകും എന്നതും ചര്‍ച്ച ചെയ്യും.

രാവിലെ നസറുദ്ദീന്റെ അധ്യക്ഷതയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായിട്ടായിരുന്നു ചര്‍ച്ച. വൈകീട്ട് 3.30 നാണ് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച നടക്കുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights:  shop will open saturday and sunday says traders