'സ്വവര്‍ഗാനുരാഗികളുടെ ലൈംഗികബന്ധം ഷൂട്ട് ചെയ്ത് പൈതൃക കേന്ദ്രത്തെ അപമാനിച്ചു'; കേസെടുത്ത് ഏതന്‍സ് അധികൃതര്‍
World News
'സ്വവര്‍ഗാനുരാഗികളുടെ ലൈംഗികബന്ധം ഷൂട്ട് ചെയ്ത് പൈതൃക കേന്ദ്രത്തെ അപമാനിച്ചു'; കേസെടുത്ത് ഏതന്‍സ് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th January 2022, 11:41 am

ഏതന്‍സ്: ഗ്രീസിലെ പ്രധാനപ്പെട്ട പുരാവസ്തു-പൈതൃക കേന്ദ്രങ്ങളിലൊന്നായ ഏതന്‍സിലെ അക്രൊപൊലിസില്‍ സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക ബന്ധം ഷൂട്ട് ചെയ്തതില്‍ നടപടിയുമായി അധികൃതര്‍.

ഷോര്‍ട്ട് ഫിലിം ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന ഷൂട്ടിങ്ങിനെതിരെയാണ് ഇപ്പോള്‍ ഗ്രീസിന്റെ സാംസ്‌കാരിക മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ചിത്രീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തേടി കണ്ടുപിടിക്കും എന്നാണ് എ.എഫ്.പിയോട് ചൊവ്വാഴ്ച അധികൃതര്‍ പ്രതികരിച്ചത്.

ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ നടപടിയുമായി രംഗത്തെത്തിയത്.

മാസ്‌ക് ധരിച്ച രണ്ട് യുവാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യമായിരുന്നു ഷോര്‍ട്ട് ഫിലിമിന്റെ ഭാഗമായി ചിത്രീകരിച്ചത്. എന്നാല്‍ ചിത്രീകരണം നിയമവിരുദ്ധമാണെന്നും ഇവര്‍ കുറ്റക്കാരാണെന്നും കര്‍ശന നടപടിയെടുക്കുമെന്നുമാണ് ഗ്രീസ് സാംസ്‌കാരിക മന്ത്രാലയം വക്താവ് പ്രതികരിച്ചത്.

യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുള്ള കേന്ദ്രമാണ് അക്രൊപൊലീസ്.

ഡെപാതെഹ്‌നന്‍ (Departhenon) എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്. പാതെഹ്‌നന്‍ എന്ന ഗ്രീസിലെ ഒരു പുരാതന ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്.

പൗരാണികതയുടെയും ദേശീയതയുടെയും അതേസമയം പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെയും പ്രതീകമാണ് പാതെഹ്‌നന്‍ എന്ന് ഷോര്‍ട്ട് ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

സ്വവര്‍ഗാനുരാഗികളുടെ ലൈംഗികബന്ധം ഷൂട്ട് ചെയ്തത് ഒരു രാഷ്ട്രീയനടപടിയായിരുന്നു, നിലപാടായിരുന്നെന്നും അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, സ്മാരകത്തെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും ആക്ടിവിസം നടത്താനുള്ള വേദിയല്ല അക്രൊപൊലിസ് എന്നാണ് സാംസ്‌കാരിക മന്ത്രാലയം പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച ഷോര്‍ട്ട് ഫിലിം ഓണ്‍ലൈനില്‍ റിലീസ് ചെയ്തതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: shooting of Gay Couple’s Sex Scene as part of a short film in Athens Acropolis sparks Outcry in Greece