എഡിറ്റര്‍
എഡിറ്റര്‍
റിപ്പബ്ലിക് ഓഫ് ആധാര്‍
എഡിറ്റര്‍
Wednesday 15th March 2017 4:29pm


സ്വകാര്യ – സുരക്ഷ (Privacy – Security) എന്ന രണ്ട് പ്രധാന സംഹിതകള്‍ ദേശരാഷ്ട്ര സങ്കല്‍പ്പത്തിന്റെ ആവിര്‍ഭാവത്തോടെ നേര്‍ വിപരീതാനുപാതത്തില്‍ (Inversely proportional)ആയിട്ടുള്ള വസ്തുതകള്‍ ആണ്. അതായത് വ്യക്തിയുടെ സ്വകാര്യത കൂടുംതോറും ദേശസുരക്ഷ അപകടത്തില്‍ ആകുമെന്നാണ് ലോകത്തെ എല്ലാ മുതലാളിത്ത ഭരണകൂടങ്ങളും കരുതിപോരുന്നത്.

ആധുനിക പരമാധികാര ഭരണകൂടസങ്കല്‍പ്പങ്ങള്‍ക്കുമുന്നേ ലോകത്ത് എല്ലായിടത്തും അതതു ഭരണാധികാരികള്‍ ‘രാജ്യദ്രോഹ’ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ചാര ശൃംഖല വിപുലമായി ഉപയോഗപ്പെടുത്തിയിരുന്നതായി ചരിത്രരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്നതാണ്.

21-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഉണ്ടായ വിവരസാങ്കേതിക വിപ്ലവം (Information Technology Revolution) ലോക ഭാവനയെ തിരുത്തി എഴുതാന്‍ തക്കതായിരുന്നു. ഇന്നത്തെ ലോകവ്യവസ്ഥയില്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെ അതിര്‍ വരമ്പുകള്‍ ദൂരം, ഭാഷ-സമയം തുടങ്ങിയവ വളരെ നേര്‍ത്തതാണ്. ഇതിനിടയില്‍ വിവരസാങ്കേതിക വിപ്ലവം സൃഷ്ടിച്ച അദൃശ്യസ്വത്വത്തിന്റെ സ്വകാര്യതയെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ടാണ് ലോകസമൂഹം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.

വിവര സാങ്കേതിക മേഖലയില്‍ ഉണ്ടായ കുതിച്ചുചാട്ടം ഏറ്റവും വിദഗ്ദ്ധമായി ഉപയോഗിച്ചുകൊണ്ടിരുന്നത് ലോക ഭരണകൂടങ്ങള്‍ ആണ്. സുതാര്യത-വേഗത- പ്രവര്‍ത്തന മികവ് തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തി ഭരണനിര്‍വ്വണ മേഖലയെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുവാനുള്ള കഠിന പ്രവര്‍ത്തനത്തിലാണ് ലോകരാജ്യങ്ങള്‍.

ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഡിജിറ്റലൈസേഷന്‍ എന്നത് സമാന്തരമായ ഒരു ഭരണകൂട നിര്‍മ്മിതികൂടെയാണ്. അങ്ങിനെ ആകുമ്പോള്‍ അവിടെ പൗരന്റെ അദൃശ്യമായ സ്വത്വത്തെ (Virtual Identity) കൂടെ നിര്‍മ്മിച്ച് എടുക്കേണ്ടതുണ്ട്. ആ സ്വത്വം പൂര്‍ണ്ണമായും യഥാര്‍ത്ഥ ഉടമസ്ഥന്റെ നിയന്ത്രണത്തിലല്ലാതിരിക്കുകയും പുറമെ നിന്നുള്ള ഒരു വലിയ ശക്തി അതിനെ നിയന്ത്രിക്കുകയും ചെയ്യുന്ന വളരെ ഭയാനകമായ ഒരു ഘട്ടത്തിലേക്കാണ് മനുഷ്യന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

ലോകം പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്ന പക്ഷം വ്യക്തിയുടെ ഭൗതികശരീരത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് ഒരു പക്ഷെ സാഹചര്യങ്ങള്‍ എത്തിച്ചേര്‍ന്നേക്കാം.

ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധാര്‍ എന്ന 12 അംഗ ‘തിരിച്ചറിയല്‍ രേഖ’ യെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നിരിക്കുകയാണ്. 2006 കാലഘട്ടത്തില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ഇത്തരത്തില്‍ വ്യക്തിവിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വിവരശേഖരണത്തെകുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സിവില്‍ സമൂഹവും, മനുഷ്യാവകാശ സംഘടകളും നിയമ വിദഗ്ധരും തങ്ങളുടെ ആശങ്കകള്‍ അറിയിച്ചിരുന്നു.

 

ജെയിംസ് എം.ബോട്ടണ്‍

അതിന്റെ തുടര്‍ച്ചയെന്നോണമാണ് യശ്വന്ത് സിന്‍ഹ ചെയര്‍മാനായ പാര്‍ലമെന്റ് ധനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി യു.ഐ.ഡി (Unique Identity) പദ്ധതിയെ പൂര്‍ണ്ണമായി നിരാകരിച്ചുകൊണ്ട് ലോകസഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ ഒരു ദശകത്തിനിപ്പുറം ആധാര്‍ എന്നത് ഇന്ത്യയില്‍ നിയമമായിരിക്കുന്നു.

ആധാര്‍(Target Delivery of financial and other subsidies, Benefits and services) നിയമം 2016 എന്ന പേരില്‍ ലോകസഭയില്‍ ധനബില്ലായാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി ബില്ല് അവതരിപ്പിച്ചത്. മാര്‍ച്ച് 25, 2016 ന് പ്രസിഡണ്ട് അനുമതി നല്‍കിയതോടെ ബില്ലിനു പൂര്‍ണ്ണമായ നിയമസാധുത ലഭിച്ചു.
എന്താണ് ബയോമെട്രിക് (Bio Metric) ?

ബയോമെട്രിക് എന്നത് വിവിധ രീതിയിലുള്ളതാവാം. ഒരു വ്യക്തിയുടെ ജൈവികമായ വ്യത്യസ്ത സ്വഭാവസവിശേഷതകളുടെ വിവരങ്ങള്‍ കമ്പ്യൂട്ടറുകള്‍ക്ക് മനസ്സിലാകുന്ന മെഷീനറി ലാംഗേജിലേക്ക് മാറ്റുകയാണ് പ്രധാന പ്രവര്‍ത്തനം. ഓരോ വ്യക്തിയുടെയും ജൈവിക സവിശേഷതകള്‍ വ്യത്യസ്തമായിരിക്കും. വ്യക്തിയുടെ കണ്ണിന്റെ ഘടന (Iris Structure), വിരലടയാളം (Finger Print) ഡി.എന്‍.എ (DNA) സാമ്പിള്‍ മുഖത്തിന്റെ ഘടന(Face Structure) തുടങ്ങിയവയാണ് ബയോമെട്രിക് വിവരശേഖരണത്തിനായി ആദ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത്.

ഉയര്‍ന്ന തലങ്ങളില്‍ വ്യക്തിയുടെ സ്വഭാവ വിശേഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിവര ശേഖരണമായിരിക്കും നടത്തുക. ഉദാഹരണത്തിന് ശബ്ദവിന്യാസം (Voice Modulation) നടക്കുന്ന രീതി (Gait) ഒപ്പിന്റെ രീതി (Signature Style) തുടങ്ങിയവ. ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയുള്ള കംപ്യൂട്ടറുകളില്‍ (Data Base)വ്യത്യസ്ത Template കളായാണ് ശേഖരിച്ച് വെക്കുന്നത്.

ബയോമെട്രിക് വിവരശേഖരണത്തിന്റെ ഘട്ടത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് സാങ്കേതിക വിദഗ്ധരും ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ഡാറ്റാ ബേസുകളുടെ സുരക്ഷയെക്കുറിച്ചായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ CIDR (Central Identity Repository) എന്ന കേന്ദ്രീകൃത കമ്പ്യൂട്ടറിലാണ് ശേഖരിച്ചുവെച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടുകൂടിയാണ് എന്‍ക്രിപ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും, എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഈ ഡാറ്റ ഡിക്രിപ്റ്റ് ചെയ്യാന്‍ ആവശ്യമായ അല്‍ഗോരിതമിക് പ്രോഗ്രാമും CIDR സര്‍വ്വറില്‍ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് ആധാര്‍ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡാറ്റാ വിവരശേഖരണമാണ് ആധാര്‍ പദ്ധതി. നിലവിലെ ആധാര്‍ പദ്ധതി പൂര്‍ണ്ണമാവുകയാണെങ്കില്‍ ഫേസ്ബുക്ക് വിവരങ്ങളുടെ പത്തിരട്ടി വലുപ്പമുള്ളതായിരിക്കും ആധാര്‍ വിവരം.

 

നിരീക്ഷണ പദ്ധതികളുടെ ചരിത്രം

ആധാര്‍ പദ്ധതിയുടെ ചരിത്രം പരിശോധിക്കുന്നതിന് മുന്നോടിയായി ഐ.എം.എഫ് ( International Monitary Fund) ന്റെ നിരീക്ഷണ (Surveillance) പദ്ധതികളെകൂടി അന്വേഷിക്കേണ്ടതുണ്ട്. നിരീക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഐ.എം.എഫിന്റെ ഔദ്യോഗിക രേഖകള്‍ പറയുന്നത് ” ആധുനിക കാലഘട്ടത്തില്‍ നിരീക്ഷണമെന്നത് ഐ.എം.എഫിന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്ര ബിംബവും അതോടൊപ്പം പ്രധാന ഉത്തരവാദിത്തവുമാണ്. ഈ പദ്ധതി എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന ആശയമല്ല”. ഇപ്രകാരം ഐ.എം.എഫിന്റെ രേഖകള്‍ തന്നെ വെച്ചുനിരീക്ഷണത്തിന്റെ തീവ്രത നമുക്ക് മനസ്സിലാക്കിത്തരുന്നുണ്ട്.

1974 ലാണ് Surveillance എന്ന പദം ഐ.എം.എഫ് ഔദ്യോഗികമായി ഉപയോഗിച്ചുതുടങ്ങുന്നത്. എന്നാല്‍ പദ്ധതികളാവിഷ്‌ക്കരിക്കാന്‍ പിന്നെയും സമയമെടുത്തു. പിന്നീട് ഒരു ദശാബ്ദക്കാലത്തെ നിരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് കൃത്യമായ പദ്ധതി ഐ.എം.എഫ് ആവിഷ്‌ക്കരിച്ചത്.

ഇന്ന് ലോകത്തുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ ഒന്നാണ് ഐ.എം.എഫ് എന്ന ലോക നാണയനിധി എന്നതില്‍ ആര്‍ക്കും തന്നെ തര്‍ക്കമുണ്ടാകില്ല. നിരീക്ഷണം (Surveillance) എന്നതിന്റെ അര്‍ത്ഥം തങ്ങളുടെ ഉദ്യോഗസ്ഥരോട് തന്നെ തിരക്കിയാല്‍ കൃത്യമായ ഉത്തരം ലഭിക്കില്ല എന്ന് ഐ.എം.എഫ് തങ്ങളുടെ രേഖകളില്‍ പറയുന്നത്.

പ്രശസ്ത സാമ്പത്തിക വിദഗ്ധനും ഐ.എം.എഫ് ചരിത്രകാരനുമായ ജെയിംസ് എം.ബോട്ടണ്‍ അദ്ദേഹത്തിന്റെ Silent Revolution : The international Monitory Fund 1979-1989 എന്ന കൃതിയില്‍ ഐ.എം.എഫിന്റെ നിരീക്ഷണ പദ്ധതികളെക്കുറിച്ച് ‘ On the map: Making Survaillance Work’ എന്ന അദ്ധ്യായത്തില്‍ പറയുന്നതിങ്ങനെയാണ്. ” ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകരാജ്യങ്ങള്‍ പ്രതിരോധത്തിനെന്നപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതല്‍ തുക നിരീക്ഷണ സംവിധാനങ്ങള്‍ക്കായി മാറ്റിവെക്കേണ്ടതുണ്ട്.”

ഐ.എം.എഫിന്റെ നിരീക്ഷണ സംവിധാനങ്ങള്‍ക്ക് നല്‍കുന്ന പ്രാമുഖ്യം ഇതില്‍ നിന്ന് വ്യക്തമാണ്. ഓരോവര്‍ഷവും വിവരസാങ്കേതിക വിദ്യയിലെ ബഹുരാഷ്ട്ര കുത്തകകള്‍ കോടികളാണ് ബയോമെട്രിക് രേഖകളുടെ ശേഖരത്തിനുവേണ്ടിയുള്ള ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗവേഷണത്തിനുവേണ്ടി ചിലവഴിച്ചുകൊണ്ടിരിക്കുന്നത്.

വിവരസാങ്കേതിക വിദ്യയുടെ അമരക്കാരായ അമേരിക്കന്‍ കുത്തക ഭീമന്മാര്‍ അമേരിക്കയുടെ രാഷ്ട്രീയ-നയതന്ത്ര ഇടങ്ങളില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് 2013 ലാണ് നാഷണല്‍ സെക്യുരിറ്റി ഏജന്‍സി (NSA)യിലെ ഉദ്യോഗസ്ഥനായ എഡ്വേഡ് സ്‌നോഡന്‍ ലോകസമൂഹത്തിനുമുന്നില്‍ കൊണ്ടുവരുന്നത്.

ലോകരാജ്യങ്ങളിലെയും അമേരിക്കയിലേയും പൗരന്മാരുടെയും രാഷ്ട്രത്തലവന്‍മാരുടെയും വ്യക്തിസംഭാഷണങ്ങളും വ്യക്തിവിവരങ്ങളും PRISM എന്ന പദ്ധതിയിലൂടെ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. അതിനുശേഷം പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര സംഭാഷണങ്ങള്‍ പഴയ പേപ്പര്‍ രൂപത്തിലേക്ക് മാറ്റുകയുണ്ടായി.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം ദേശ സുരക്ഷ എന്ന പേരില്‍ വിവിധ യൂറോപ്യന്‍, ഏഷ്യന്‍, അമേരിക്കന്‍ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരുടെ വ്യക്തിപരവും ജൈവപരവുമായ വിവരങ്ങള്‍ ശേഖരിക്കുന്ന വിവിധ പദ്ധതികള്‍ ആരംഭിക്കുകയുണ്ടായി. വര്‍ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെയും അനധികൃത കുടിയേറ്റങ്ങളെയും തടയുക എന്നതായിരുന്നു എല്ലാരാജ്യങ്ങളും പ്രധാനമായും മുന്നോട്ടുവെച്ച വാദം.

മൂന്നാം ലോകരാജ്യങ്ങളില്‍ മേല്‍പറഞ്ഞ വാദത്തിനോടൊപ്പം സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ എത്തിക്കുന്നതിനുവേണ്ടി എന്നുള്ള പ്രചരണവും അധികൃതര്‍ ഒപ്പം ചേര്‍ത്തു.

ആധാറിന്റെ ചരിത്രവഴികളിലൂടെ

2009-10 ധനകാര്യ ബഡ്ജറ്റിലാണ് നിലവിലെ ഇന്ത്യന്‍ രാഷ്ട്രപതിയായ പ്രണബ് മുഖര്‍ജി UIDAI (Unique Identification Authority of India) യുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുന്നത്. ഇതിനുമുന്‍പ് 2006 മാര്‍ച്ച് മാസം 3-ാം തിയ്യതി വിവരസാങ്കേതിക മന്ത്രാലയം ആദ്യമായി യു.ഐ.ഡി എന്ന ആശയം ആദ്യമായി സര്‍ക്കാരിനുമുമ്പാകെ സമര്‍പ്പിച്ചിരുന്നു.

2008 നവംബര്‍ 4 ന് ചേര്‍ന്ന EGoM (Empowered group of Ministers) യോഗത്തില്‍ UIDAI യെ എക്‌സിക്യൂട്ടീവ് അതോറിറ്റിയാക്കിക്കൊണ്ടുള്ള വിജ്ഞാപനം നടന്നു. അടുത്ത 5 വര്‍ഷക്കാലത്തേക്ക് ആസൂത്രണ കമ്മീഷന് കീഴിലായിരിക്കും UIDAI യുടെ പ്രവര്‍ത്തനം എന്നുകൂടെ ധാരണയായി. തുടര്‍ന്ന് 2009 ജൂലൈ 2 ന് ഇന്‍ഫോസിസ് മേധാവി ആയിരുന്ന നന്ദന്‍ നിലഗേനിയെ UIDAI യുടെ ചെയര്‍മാനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ വ്യക്തിയെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഒരു പദ്ധതിയുടെ തലവനാക്കിയതില്‍ അന്നുമുതല്‍ തന്നെ വിവിധ കോണുകളില്‍ നിന്ന് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവയൊന്നും മുഖവിലയ്‌ക്കെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. National Identification authority of India Bill 2010 എന്ന പേരിലാണ് UIDAI ബില്‍ 2010 ഡിസംബര്‍ 3 ന് രാജ്യസഭക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്.

എന്നാല്‍ പ്രസ്തുത ബില്‍ കൂടുതല്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേണ്ടി സ്പീക്കര്‍ ഡിസംബര്‍ 10 ന് യശ്വന്ത് സിന്‍ഹ അധ്യക്ഷനായിട്ടുള്ള ധനകാര്യ സ്റ്റാന്റിംഗ് കമ്മിയുടെ പരിഗണനയ്ക്കായി അയച്ചു. തുടക്കത്തില്‍ അപകടകരമല്ല എന്നുകരുതിയ ബില്ലിനെ ശക്മായി എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ തന്നെ (para -2 , Part -1, Page 7) കമ്മിറ്റി UIDAI യുമായി ബന്ധപ്പെട്ട ആശങ്കകള്‍ അക്കമിട്ട് രേഖപ്പെടുത്തുന്നുണ്ട്.

ആദ്യമായി ശേഖരിക്കുന്ന വ്യക്തിവിവരങ്ങളുടെ സുരക്ഷയെയാണ് കമ്മിറ്റി ചോദ്യം ചെയ്യുന്നത്. അതോടൊപ്പം CIDR (Central Identities Data Repository) ന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട Accessing Authority യെ കുറിച്ചുള്ള സംശയവും പ്രധാനമായി റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിരുന്നു. Unique Identification പദ്ധതിയുടെ അന്താരാഷ്ട്ര സ്വീകാര്യതയെ കുറിച്ച് പഠിച്ച കമ്മിറ്റി United Kingdom തങ്ങളുടെ Identity Card Act 2006 സുരക്ഷാകാരണങ്ങളാല്‍ പിന്‍വലിച്ചതായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

 

നന്ദന്‍ നിലഗേനി

അമിതമായ പദ്ധതി ചിലവ് വിശ്വാസ യോഗ്യമല്ലാത്തതും സുതാര്യമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം ഭരണകൂടവും ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിലനില്‍പ്പ് തുടങ്ങിയവ ആയിരുന്നു Identity Card Act 2006, UK പിന്‍വലിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍. UK Identity Card പദ്ധതി ആധാര്‍ പദ്ധതിയുമായി തികച്ചും വ്യത്യസ്തമായിരുന്നു.

 

1. യു.കെ. യില്‍ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുന്ന കാര്‍ഡില്‍ ബന്ധിപ്പിച്ചിട്ടുള്ള IC ചിപ്പിനുള്ളില്‍ തന്നെയാണ് ശേഖരിച്ചുവെക്കുന്നത്. എന്നാല്‍ ആധാര്‍ പദ്ധതിപ്രകാരം കേന്ദ്രീകൃത കംപ്യൂട്ടറിനുള്ളിലാണ് (CIDR) പ്രസ്തുത വിവരങ്ങളുടെ ശേഖരണം നടത്തുന്നത്. രണ്ടു പദ്ധതികളും വിവരങ്ങളുടെ മോഷണത്തിനുള്ള സാധ്യതയുണ്ട്. യു.കെ.യില്‍ അവലംബിച്ച പദ്ധതി പ്രകാരമാണെങ്കില്‍ വ്യക്തികേന്ദ്രീകൃതമായ രീതിയിലായിരിക്കും മോഷണത്തിനുസാധ്യത. എന്നാല്‍ CIDR പദ്ധതി പ്രകാരം ഉയര്‍ന്ന തോതിലുള്ള വിവരനഷ്ടമായിരിക്കും സംഭവിക്കുക.

2. യു.കെ. പദ്ധതി പ്രകാരം രാജ്യത്തെ പൗരന്മാര്‍ക്ക് ബയോമെട്രിക് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല എന്നാണ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നത്. ഇതിന് വിപരീതമായി ആധാര്‍ ബില്ലിന്റെ പ്രഖ്യാപനത്തിനുശേഷം വിവിധ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിജ്ഞാപനങ്ങള്‍ വ്യത്യസ്ത മന്ത്രാലയങ്ങള്‍ തുടരെ പുറപ്പെടുവിക്കുകയാണ്.

3. യു.കെ.യില്‍ നടന്ന നിയമനിര്‍മ്മാണം രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ളതാണ്. എന്നാല്‍ UID പദ്ധതി വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ വിതരണത്തിനുവേണ്ടിയുള്ളതാണ് എന്നാണ് കമ്മിറ്റി പറയുന്നത്. എന്നാല്‍ ഈ നിരീക്ഷണവും അസാധുവാക്കിക്കൊണ്ടാണ് അഭ്യന്തര വകുപ്പ് അടക്കമുള്ള കേന്ദ്രമന്ത്രാലയങ്ങളുടെ നിലപാട്. ഏറ്റവുമൊടുവില്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടവുകാരെ സന്ദര്‍ശിക്കുന്നവര്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം രാജ്യത്തെ മുഴുവന്‍ ജയില്‍ മേധാവികള്‍ക്കും കൊടുത്തിരുന്നു (2017 ഫെബ്രുവരി 17).

വ്യക്തിനിര്‍ണ്ണയവും അര്‍ഹതയും

ആധാര്‍ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ കൃത്യമായി ഇടനിലക്കാരനില്ലാതെ പൗരനിലേക്ക് എത്തിക്കുക ഒപ്പം അനര്‍ഹരായവരെ ഒഴിവാക്കുക എന്നുളളതാണല്ലോ. അങ്ങിനെയെങ്കില്‍ നിലവിലുള്ള സംവിധാനങ്ങളുടെ പുനഃക്രമീകരണം നടത്താതെ ആധാര്‍ നമ്പര്‍ നല്‍കുന്നതിലൂടെ എങ്ങനെയാണ് അനര്‍ഹരാവരെ വേര്‍തിരിക്കാന്‍ സാധിക്കുക?

പ്രണബ് മുഖര്‍ജി ഐ.എം.എഫ് മേധാവിക്കൊപ്പം

പാവപ്പെട്ട പൗരന്മാരുടെ സാമൂഹ്യസുരക്ഷയായിരുന്നു ലക്ഷ്യമെങ്കില്‍ രാജ്യത്തെ 1.2 ബില്യന്‍ വരുന്ന പൗരന്മാരുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുന്നത് എന്തിനാണ്. നിലവില്‍ രാജ്യത്ത് 70 % മാനത്തിലധികം ജനങ്ങള്‍ തൊഴിലെടുക്കുന്നത് പ്രാഥമിക മേഖലയിലാണ്. ആയതിനാല്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്ന വ്യക്തികളുടെ വിരലടയാളങ്ങളുടെ ഘടനയില്‍ മാറ്റം സംഭവിക്കാന്‍ സാധ്യതയുണ്ട്.

അങ്ങിനെ വരികയാണെങ്കില്‍ ആധാര്‍ Authentication വേളയില്‍ ഭൂരിഭാഗം പേരും പുറന്തള്ളപ്പെടാന്‍ സാധ്യതയേറെയാണ്. UIDAI പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്ഷേമപദ്ധതികളുടെ വിതരണത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുകാരണം അര്‍ഹത (Eligibility) യുമായി ബന്ധപ്പെട്ട സൂചികകളാണ് അല്ലാതെ വ്യക്തിനിര്‍ണ്ണയ (Identification) മല്ല എന്ന് കമ്മിറ്റി രേഖപ്പെടുത്തുന്നുണ്ട് (Identity and Eligibility – page 17).

NPR – Aadhar Seeding
ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ബില്ലിനെക്കുറിച്ചുള്ള വിശദീകരണ വേളയില്‍ 2011 ഫെബ്രുവരി 11ന് ആധാര്‍ നമ്പറും NPR ഡാറ്റയും തമ്മിലുള്ള സംയോജനത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചിരുന്നു. NPR പദ്ധതി രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും കുറിച്ചുള്ള ഔദ്യോഗിക വിവരണ ശേഖരണമാണ്. Citizenship (Registration of citizens and issue of National Identity Cards) Rule,2003 Citizenship act 1965 പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാരും നിര്‍ബന്ധമായും NPR നുവേണ്ടി വിവരങ്ങള്‍ നല്‍കിയിരിക്കണം. അല്ലാത്തപക്ഷം 17-ാം വകുപ്പ് പ്രകാരമുള്ള ശിക്ഷാവിധികള്‍ നേരിടേണ്ടിവരുന്നതായിരിക്കും.

ചുരുക്കി പറഞ്ഞാല്‍ ആധാര്‍ നമ്പര്‍ – NPR ഡയറക്ടറിയുമായി ചേര്‍ക്കുന്ന പക്ഷം ആധാര്‍ നമ്പര്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധമായിരിക്കും. 2015 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 50 കോടി പൗരന്മാരുടെ NPR വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടക്കാലവിധിയുടെ അടിസ്ഥാനത്തില്‍ NPR -Aadhar seeding, RGI (Registrar General of India) താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

NPR – Aadhar seeding എന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആധാര്‍ പ്രൊജക്ടിനുവേണ്ടി വാദിച്ചിരുന്നത്. ഇവിടെ കൗതുകകരമായ വസ്തുത ആധാര്‍ പദ്ധതിക്കെതിരെ യു.പി.എ ഭരണകാലത്ത് ശക്തമായി വിമര്‍ശനം ഉന്നയിക്കുകയും വ്യക്തിയുടെ സ്വകാര്യതയെകുറിച്ച് ആശങ്കാകുലനുമായിരുന്ന അരുണ്‍ ജെയ്റ്റിലി Aadhaar (Targeted delivery of Financial and other subsidies, Benefits and services) Bill -2016 ധനബില്ലായി അവതരിപ്പിച്ചുവെന്നുള്ളതാണ്.

രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷത്തെ മറികടക്കുന്നതിനുവേണ്ടിയായിരുന്നു ജെയ്റ്റ്‌ലി ഭരണഘടനയുടെ 110-ാം അനുഛേദത്തിന്റെ മറവിലൂടെ ബില്‍ പാസ്സാക്കി എടുത്തത്.

ആധാര്‍ ബില്‍ /ധനബില്‍

സാധാരണ ബില്ലായി ലോക്‌സഭയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന പ്രതിസന്ധികളെ വിദഗ്ധമായി ഒഴിവാക്കുന്നതിനുവേണ്ടിയായിരുന്നു ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രത്യേക ഭരണഘടന സാധുത ഉപയോഗിച്ച് ആധാര്‍ ബില്‍ ധനബില്ലായി (Money Bill) അവതരിപ്പിച്ചത്.

2016 ഏപ്രില്‍ 6-ാം തിയ്യതി ആധാര്‍ ആക്ടിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുകൊണ്ട് മുന്‍മന്ത്രി ജയറാം രമേഷ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. മുന്‍ ധനകാര്യമന്ത്രിയും സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനുമായ പി. ചിദംബരം, മുന്‍ നിയമമന്ത്രി കപില്‍ സിബന്‍, മുന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാസരന്‍ തുടങ്ങിയവരായിരുന്നു ജയറാം രമേഷിനുവേണ്ടി കോടതിയില്‍ ഹാജരായിരുന്നത്.

കേസ് സുപ്രീം കോടതി മുന്‍പാകെ പരിഗണിക്കുന്ന വേളയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പ്രധാനമായും ഉയര്‍ത്തിയ വാദം ഭരണഘടന ആര്‍ട്ടിക്കിള്‍ -110(3) പ്രകാരം ധനബില്ലിന്മേല്‍ ഉള്ള ലോകസഭാസ്പീക്കറുടെ തീരുമാനം അന്തിമമായിരിക്കുമെന്നും തന്മൂലം സ്പീക്കര്‍ കൈക്കൊണ്ട നടപടി കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്നുമായിരുന്നു.

എന്നാല്‍ ഈ വാദത്തെ എതിര്‍ത്തുകൊണ്ടാണ് ആധാര്‍ ബില്‍ ധനബില്ലായി അവതരിപ്പിച്ചത്. അധികാര ദുര്‍വിനിയോഗമായതുകൊണ്ടും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ക്കും രാജ്യത്തിന്റെ നിയമവ്യവസ്ഥിതിക്കും എതിരായതുകൊണ്ടും പ്രസ്തുത നടപടി കോടതി മുമ്പാകെ ഉള്ള പുനഃപരിശോധനക്ക് അവകാശമുണ്ടെന്നാണ് പരാതിക്കാരനുവേണ്ടി പി. ചിദംബരം കോടതി മുമ്പാകെ വാദിച്ചത്. എപ്രില്‍ 25 ന് പി. ചിദംബരത്തിന്റെ വാദത്തിന് അടിസ്ഥാനമുണ്ടെന്ന് പറഞ്ഞ കോടതി കേസ് ഫയലില്‍ സ്വീകരിക്കുകയും വിശാലമായ ബെഞ്ചിന് കേസ് കൈമാറുകയും ചെയ്തു.

 

ഭരണഘടനാ അനുഛേദം -110(3) പ്രകാരം സ്പീക്കര്‍ക്ക് ധനബില്ലിന്മേല്‍ സാക്ഷ്യപ്പെടുത്താന്‍ മാത്രമെ അധികാരം ഉള്ളുവെന്നുള്ളതായിരുന്നു പരാതിക്കാരന്റെ മറ്റൊരു സുപ്രധാന വാദം. അനുഛേദം 110(3) പ്രകാരം ധനബില്‍ എന്നത് ‘നികുതി സംബന്ധമായ നിയന്ത്രണത്തിനോ അല്ലെങ്കില്‍ നികുതി ചുമത്തല്‍, ഒഴിവാക്കല്‍, പിരിച്ചെടുക്കല്‍ തുടങ്ങിയവക്കോ അല്ലെങ്കില്‍ വായ്പ തീര്‍ക്കുന്നതിനോ അല്ലെങ്കില്‍ സഞ്ചിത നിധി (Consolidated Fund) യുടെ മറ്റേതെങ്കിലും ആവശ്യത്തിനോ ഉള്ളതായിരിക്കണം.

എന്നാല്‍ ഇവയില്‍ നിന്നും വിരുദ്ധമായി സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ കൃത്യമായ വിതരണത്തിനുവേണ്ടി മാത്രമല്ല ആധാറിന്റെ പേരിലുള്ള വിവരശേഖരണം എന്നുള്ളത് സമീപകാലങ്ങളിലെ സര്‍ക്കാരിന്റെ വിവിധ വിജ്ഞാപനങ്ങളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാവുന്നതാണ്.

ലോക ധനകാര്യസ്ഥാപനങ്ങളുടെ വിശ്വസ്തരായ സുഹൃത്തുക്കള്‍

ലോകസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആധാര്‍ ബില്ല് ധനബില്ലായി അവതരിപ്പിച്ചത് ഒട്ടും യാദൃശ്ചികമല്ല എന്നുകാണാം. വ്യത്യസ്തങ്ങളായ നിരീക്ഷണപദ്ധതികള്‍ക്ക് ലോക ധനകാര്യ സ്ഥാപനങ്ങള്‍ നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നത്. എന്നാല്‍ ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് മുന്‍പേതന്നെ ഐ.എം.എഫിന്റെ വിശ്വസ്തനായ സുഹൃത്തായിരുന്നു മുന്‍ കേന്ദ്രമന്ത്രിയും നിലവിലെ പ്രസിഡണ്ടുമായ പ്രണബ് മുഖര്‍ജി.

ആധാറുമായി ബന്ധപ്പെട്ട പ്രഖ്യാപനം 2009-2010 ലെ ബഡ്ജറ്റ് അവതരണവേളയില്‍ നടത്തിയതിനുശേഷം അതിശയിപ്പിക്കുന്ന വേഗതയിലാണ് UIDAI (Unique Identification Authority of India) പദ്ധതിക്ക് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ധനമന്ത്രാലയം ഒരുക്കി കൊടുത്തത്. മുമ്പൊരിക്കലും കാണാത്ത ഈ അത്യുത്സാഹം എന്തുകൊണ്ടായിരിക്കും ഇക്കാര്യത്തില്‍ ധനമന്ത്രാലയം എടുത്തത്. എന്നതിനുള്ള ഉത്തരമാണ് 1979 മുതല്‍ 1989 വരെയുള്ള ഐ.എം.എഫിന്റെ പ്രവര്‍ത്തനരേഖകള്‍. Silent Revolution : The International Monitary Fund 1979 to 1989 എന്ന കൃതിയില്‍ വികസ്വര രാജ്യങ്ങളിലെ ഐ.എം.എഫിന്റെ ഇടപെടലുകളെപ്പറ്റി ഐ.എം.എഫ് ചരിത്രകാരനും സാമ്പത്തിക വിദഗ്ധനുമായ ജെയിംസ് എം. ബോട്ടണ്‍ വിവരിക്കുന്നുണ്ട്.

അതോടൊപ്പം 1982-85 കാലഘട്ടത്തില്‍ ഇന്ത്യന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിക്ക് ഐ.എം.എഫുമായുണ്ടായിരുന്ന അടുത്ത ബന്ധത്തെക്കുറിച്ചും പ്രസ്തുത കൃതിയില്‍ ജെയിംസ് വിവരിക്കുന്നു. ധനമന്ത്രിയായിരുന്ന കാലഘട്ടങ്ങളിലെല്ലാം തന്നെ (1982-85) (2009 -2012) ഐ.എം.എഫിന്റെ വാര്‍ഷിക സമ്മേളനങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത് പ്രണബ് മുഖര്‍ജിയായിരുന്നു.

കൂടാതെ മേല്‍സൂചിപ്പിച്ച കാലഘട്ടങ്ങളില്‍ ഐ.എം.എഫിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സിലും അംഗമായിരുന്നു അദ്ദേഹം. 2009-2010 ബഡ്ജറ്റ് പ്രഖ്യാപനത്തിന് നാലുദിവസത്തിനുശേഷം ജനുവരി മാസം 28-ാം തിയ്യതി കേന്ദ്ര ആസൂത്രണ കമ്മീഷന്‍ UIDAI മായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു.

പിന്നീട് 2011 മെയ്മാസം 10-ാം തിയ്യതി NEGP (National e-Governance Plan) യ്ക്കു കീഴില്‍ ലോക ബാങ്കുമായി 150 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വായ്പ കരാറിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പുവെക്കുന്നത്. രാജ്യത്തെ ഭരണസംവിധാനങ്ങളുടെ കമ്പ്യൂട്ടര്‍വത്ക്കരണവുമായി ബന്ധപ്പെട്ട് 2006 മെയില്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയായിരുന്നു NEGP (National e-Governance Plan).

ഇന്ത്യന്‍ ധനകാര്യമന്ത്രിമാര്‍ എത്രമാത്രം ലോകധനകാര്യസ്ഥാപനങ്ങളുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചുവെന്ന് മേല്‍പറഞ്ഞ രേഖകളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് ഇന്‍ഫോസിസ് എന്ന അന്താരാഷ്ട്ര ഐ.ടി. കമ്പനിയുടെ സ്ഥാപകരിലൊരാളായ നന്ദന്‍ നിലഗേനിയെ UIDAI യുടെ ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനം ജൂലൈ 2 ന് പുറത്തുവന്നിരുന്നു. ശേഷം 2011-2012 ബഡ്ജറ്റ് അവതരണവേളയില്‍ നന്ദന്‍ നിലഗേനിയെ TAGUP ( Technology Advisory Group for Unique Project) ന്റെ തലവനായി നിയമിച്ചതായി ധനമന്ത്രി ലോകസഭയെ അറിയിച്ചു.

ലാഭം മാത്രം ലക്ഷ്യമിട്ട് അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരു വ്യക്തി രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെയും വ്യക്തി സ്വാതന്ത്ര്യത്തെയും എങ്ങിനെയെല്ലാം പരിഗണിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. ബയോമെട്രിക് വിവരങ്ങള്‍ എന്നത് വിവരസാങ്കേതിക വ്യവസായത്തിന് സ്വര്‍ണ്ണഖനി പോലെയാണ്. അതായത് 1.2 ബില്യണ്‍ ജനങ്ങളുടെ വ്യക്തിപരവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ഒരു കേന്ദ്രീകൃത ഏജന്‍സി വഴി ലഭ്യമാകുക എന്നത് ഡാറ്റ ബ്രോക്കറിംഗ് എന്ന പുതിയ കച്ചവടത്തെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ കാര്യമാണ്.

ബയോമെട്രിക് വിവരശേഖരണ ഉപകരണങ്ങള്‍ക്കുവേണ്ടി ഓരോ കൊല്ലവും കോടികളാണ് പ്രസ്തുത മേഖലയിലെ ഉപകരണ നിര്‍മ്മാതാക്കള്‍ ചിലവിടുന്നത്. 2013 യു.എസ്. സെനറ്റിലെ വിശദീകരണ വേളയില്‍ Commerce, Science, Transportation കമ്മറ്റിയുടെ തലവനായ ജോണ്‍ ഡി റോക്ക് ടെല്ലര്‍ പറഞ്ഞത് 2012 ല്‍ മാത്രം Data Brokering Industry 156 ബില്യണ്‍ ഡോളറിന്റെ ലാഭമുണ്ടാക്കി എന്നാണ്. ഈ തുക അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിരോധത്തിനായി ചെലവഴിക്കുന്ന തുകയെക്കാള്‍ വലുതായിരുന്നു.

 

ആധാര്‍ പദ്ധതിയുടെ പ്രധാന നടത്തിപ്പുകാരായിട്ടുള്ള കമ്പനികള്‍ എല്ലാം തന്നെ അമേരിക്കന്‍, ഫ്രഞ്ച് ഐ.ടി. ഭീമന്മാരാണ്. ഇന്ത്യന്‍ സര്‍ക്കാരുമായി ആധാറുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടിരിക്കുന്നത് താഴെ പറയുന്ന കമ്പനികളാണ്.

1. L.I. Identity Solution
2. Accenture services Pvt. Ltd of Us
3. Satyam Computers/Sagem Morpho
4. E. & Y (Ernest & Young)

ഇതിനിടയില്‍ 2010 നവമ്പറിലാണ് ഇറ്റലിയിലെ മിലാനില്‍ നടന്ന ID world ല്‍ International Congress ല്‍ UIDAI ചെയര്‍മാനായ നന്ദന്‍ നിലഗേനിക്ക് ID Lime tight അവാര്‍ഡ് ലഭിക്കുന്നത്. അതിശയിപ്പിക്കുന്ന വസ്തുത Safran Morpho എന്ന അന്താരാഷ്ട്ര ഐ.ടി. കമ്പനിയായിരുന്നു ഈ അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

Safran Morpho യുടെ ഉപസ്ഥാപനമായ Safran Sagem Morpho Pvt Ltd \p UIDAI യുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കരാറുകള്‍ ലഭിച്ചത് എങ്ങനെയെന്ന് ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്.

എന്തുകൊണ്ടാണ് അമേരിക്കന്‍ കമ്പനികളെ നമ്മള്‍ ഇത്രക്ക് ഭയപ്പെടുന്നത്? American Patriot Act ഇതിന് ഉത്തരം നല്‍കുന്നുണ്ട്. Patriot Act പ്രകാരം ദേശസുരക്ഷയുടെ ഭാഗമായി തങ്ങളുടെ പക്കലുള്ള ഇലക്‌ട്രോണിക് ഡാറ്റാ വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാരിനുനല്‍കാന്‍ അവിടത്തെ കമ്പനികള്‍ ബാധ്യസ്ഥരാണ്.

ഇതെല്ലാം മറച്ചുപിടിച്ച് കൊണ്ടാണ് UIDAI ആധാറുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നിരാകരിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ ലഭ്യമായ കരാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ UIDAI യുമായി കരാറില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങള്‍ക്ക് CIDR ഡാറ്റാബാങ്ക് നിയമാനുസൃതമായി ഉപയോഗിക്കാവുന്നതാണ്.

 

 

നോക്കുകുത്തിയാകുന്ന കോടിവിധികളും നിയമങ്ങളും

കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ക്കും മറ്റു ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിരവധി വിജ്ഞാപനങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകൡ നിന്നും കഴിഞ്ഞ നാളുകളില്‍ വരികയുണ്ടായി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം ലഭിക്കുവാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വിജ്ഞാപനമായിരുന്നു ഏറ്റവും ഒടുവിലത്തേത്. എന്നാല്‍ ഇത്തരം വിജ്ഞാപനങ്ങള്‍ ആധാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഇടക്കാലവിധിയുടെ ഗുരുതരമായ ലംഘനമാണ്.

Justies Puttaswamy(Retd.) & Another V Union of India (Writ Petition (civil) No. 494, of 2012) എന്ന കേസിലാണ് ഭക്ഷ്യധാന്യങ്ങളുടെയും പാചകത്തിനാവശ്യമായ മണ്ണെണയും പൊതുവിതരണത്തിനും പാചകവാതക വിതരണത്തിനും ഒഴികെ മറ്റൊരു പദ്ധതിക്കും വേണ്ടി ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് ബഹു. സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചത്. അതോടൊപ്പം രാജ്യത്തെ ജനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ആധാര്‍ എടുക്കേണ്ടതില്ല എന്നുള്ളത് വിവിധ ദൃശ്യശ്രവ്യമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കണമെന്നും മറ്റൊരു ആവശ്യങ്ങള്‍ക്കുവേണ്ടിയും ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല എന്നും ജസ്റ്റിസ് ചലമേശ്വര്‍ അടങ്ങുന്ന മൂന്നംഗ ഡിവിഷന്‍ ബെഞ്ച് വിധിക്കുകയുണ്ടായി.

സ്വകാര്യതയുമായി ബന്ധപ്പെട്ട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഉയര്‍ത്തിയ വാദങ്ങളിലെ ഭരണഘടനാ പ്രതിസന്ധി തീര്‍ക്കുന്നതിനുവേണ്ടി പ്രസ്തുത കേസ് 5 അംഗ ഭരണഘടന ബെഞ്ചിനുനിര്‍ദ്ദേശിച്ച കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിലവിലെ വിധി ഭരണഘടന ബെഞ്ചിന്റെ വിധി വരുന്നതുവരെ അന്തിമമായിരിക്കും എന്നും നിരീക്ഷിച്ചു. ഈ വിധിയുടെ പുനഃപരിശോധനയ്ക്കായി RBI, SEBI, TRAI, IRDA, Pension Regulatory Authority, എന്നിവയും ഗുജറാത്ത്, ജാര്‍ഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളും 2015 Â J. Chalameswar, J. SA Bobde, J. Nagappan എന്നിവര്‍ അടങ്ങുന്ന ബെഞ്ചില്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി കോടതി തള്ളുകയാണുണ്ടായത്.

ആഗസ്റ്റ് 11 ലെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തില്‍ എന്‍.പി.ആറും (NPR) ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ നിര്‍ത്തലാക്കിയത്. സുപ്രീം കോടതിവിധിയെ പാടെ തഴഞ്ഞുകൊണ്ട് ആധാറുമായി ബന്ധപ്പെട്ട വിവിധ വിജ്ഞാപനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ നിരന്തരം പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

കേന്ദ്രസര്‍ക്കാര്‍ ആധാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന കോടതിയലക്ഷ്യത്തിനുപുറമേ ആയിരുന്നു ഇന്ത്യയിലെ സുപ്രധാന ടെലികോം സേവനദാതാക്കള്‍ക്ക് ആധാര്‍ വിവരങ്ങള്‍ പിന്‍വാതിലിലൂടെ ശേഖരിക്കാന്‍ അനുവാദം നല്‍കിയത്. റിലയന്‍സ് ജിയോയുമായി ബന്ധപ്പെട്ട മീറ്റിങ്ങിലാണ് മുകേഷ് അംബാനി റിലയന്‍സി ജിയോ നെറ്റ് വര്‍ക്കിന് കഴിഞ്ഞ 4 മാസത്തിനുള്ളില്‍ 100 മില്യണ്‍ ഉപഭോക്താക്കളെ ലഭിച്ചുവെന്ന് പ്രഖ്യാപിച്ചത്. ഈ ഒരു നേട്ടത്തില്‍ ആധാര്‍ വഹിച്ച പങ്ക് ചെറുതല്ലാത്തതായിരുന്നു.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭിക്കുക എന്നുള്ളതായിരുന്നു പ്രധാനം. എന്നാല്‍ ഇത്തരത്തില്‍ UIDAI അതോറിറ്റിക്ക് പുറമെ വേറൊരു വ്യക്തിയോ സ്ഥാപനമോ CIDR Data ഉപയോഗിക്കുന്നത് Unique identification Authority of India Vs Central Buero of Investigation എന്ന കേസിലെ Special leave Petition ല്‍ സുപ്രീം കോടതി നടത്തിയ ഇടക്കാല വിധിയുടെ നഗ്നമായ ലംഘനമാണ്.

പ്രസ്തുത വിധി പ്രകാരം ഒരു വ്യക്തിയുടെ ബയോമെട്രിക് ഡാറ്റാ വിവരങ്ങള്‍ ആ വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതം കൂടാതെ മറ്റൊരുവ്യക്തിക്കോ – സ്ഥാപനത്തിനോ കൈമാറാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഈ സുപ്രീംകോടതി വിധിയെ പാടെ തിരസ്‌കരിച്ചുകൊണ്ടാണ് റിലയന്‍സ് അടക്കമുള്ള ടെലികോം സേവനദാതാക്കള്‍ പുതിയ ഉപഭോക്താവിനെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

നിയമപരമായ ഇത്തരം പ്രതിസന്ധി TRAI (Telecom Regulatory Authority of India) മുന്നില്‍ കണ്ടിരുന്നതുകൊണ്ടുതന്നെയാണ് മൊബൈല്‍ സേവനദാതാക്കള്‍ക്കുവേണ്ടി 2015 ആഗസ്റ്റ് 11 ലെ ഇടക്കാല വിധി പുനഃപരിശോധിക്കുവാന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതുകൂടാതെ നിലവിലെ ആധാര്‍ ആക്ടിന്റെ ലംഘനം കൂടെയാണ് കേന്ദ്രസര്‍ക്കാരും -മൊബൈല്‍ കമ്പനികളും നടത്തിക്കൊണ്ടിരിക്കുന്നത്.

ആധാര്‍ ആക്ടിന്റെ 57-ാം വകുപ്പ്പ്രകാരം നിയമാനുസൃതമായ രീതിയില്‍ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ CIDR (Central Identity Data Repisitory) Data ശേഖരിക്കാവുന്നതാണ്, ഒപ്പം വ്യക്തികളുടെ സമ്മതം, (Individual consent) വിവരങ്ങളുടെ രഹസ്യസ്വഭാവം (Confidentiality of Information) എന്നിവയെകുറിച്ച് യഥാക്രമം വിവരിക്കുന്ന സെക്ഷന്‍ -8, അധ്യായം-6 (Chapter-6) തുടങ്ങിയവക്ക് അനുസൃതമായിട്ട് ആയിരിക്കണം വിവര കൈമാറ്റം എന്നും പ്രസ്തുത നിയമം പറയുന്നുണ്ട്.

വിവരകൈമാറ്റത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട Regulation 6(2) പ്രകാരം വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതം കൂടാതെ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതല്ല.

അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി 2014-ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ ആധാര്‍ പദ്ധതിയിലൂടെ രാജ്യത്തിന്റെ പരമാധികാരത്തെയും പൗരന്റെ സ്വകാര്യതെയെയും ഒരു കൂട്ടം ബഹുരാഷ്ട്ര കുത്തകകളുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നു. ഡിജിറ്റലൈസ് ചെയ്യപ്പെട്ട സ്വത്വത്തിലൂടെ ആയിരിക്കും വരുംനാളുകളില്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ പൗരന്മാരോട് സംവദിക്കുക.

വ്യക്തിയുടെ സ്വകാര്യത മറ്റേതു സ്വാതന്ത്ര്യത്തോളമോ അതിലേറെയോ പ്രധാനമാണെന്ന് പുരോഗമന ജനാധിപത്യ സമൂഹങ്ങള്‍ എല്ലാംതന്നെ അംഗീകരിച്ച വസ്തുതയാണ്. അധികാരത്തിന്റെ മത്തുപിടിച്ച ഏകാധിപതികള്‍ എക്കാലവും തങ്ങളുടെ രാജ്യത്തെ പൗരന്മാരെ സകല വഴികളിലൂടെയും നിരീക്ഷിച്ചിരുന്നു. ബയോമെട്രിക് ഡാറ്റാ ശേഖരണമടക്കമുള്ള പദ്ധതികളിലൂടെ ലോകഭരണകൂടങ്ങള്‍ തുറസ്സായ ജയില്‍ എന്ന സാഹചര്യത്തിലേക്കാണ് തങ്ങളുടെ പ്രജകളെ നയിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തെ നിയന്ത്രിക്കുന്നതാകട്ടെ ഒരു കൂട്ടം അന്താരാഷ്ട്ര ഭീമന്‍മാരും.

മുതലാളിത്തം മാറുകയാണ്, 19-ാം നൂറ്റാണ്ടിലെ മുതലാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ വേഷ പ്രച്ഛന്നനായി 21-ാം നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെടുന്ന വേളയില്‍, ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ പൊതുസമൂഹവും വിശേഷാല്‍ ഇടതുപക്ഷ സമൂഹവും പിന്‍തുടരുന്ന ഭീമാകാരമൗനത്തിനുനല്‍കേണ്ടിവരുന്ന വില പ്രതീക്ഷിച്ചതിലും വലുതായിരിക്കും.

(തൃശൂര്‍ ഗവ. ലോ കോളേജില്‍ നാലാം വര്‍ഷ നിയമവിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

Advertisement