രാമക്ഷേത്രത്തിന് സംഭാവന പിരിച്ചു നടക്കാതെ പെട്രോളിന്റെ വില കുറയ്ക്കൂ; ഭഗവാന് സന്തോഷമാകും; കേന്ദ്രത്തിനെതിരെ ശിവസേന
national news
രാമക്ഷേത്രത്തിന് സംഭാവന പിരിച്ചു നടക്കാതെ പെട്രോളിന്റെ വില കുറയ്ക്കൂ; ഭഗവാന് സന്തോഷമാകും; കേന്ദ്രത്തിനെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 3:39 pm

മുംബൈ: രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോഡിലെത്തിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് സംഭാവന പിരിക്കാതെ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കണമെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നത്.

”ആവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ജീവിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ ഇത് മറന്നാല്‍ ജനങ്ങള്‍ ഓര്‍മിപ്പിക്കുക തന്നെ ചെയ്യും. രാമക്ഷേത്രത്തിന് സംഭാവന പിരിക്കുന്നതിന് പകരം കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ ഭഗവാന് സന്തോഷമാകും,” സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

രാജ്യത്ത് ഇന്ധവില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. തുടര്‍ച്ചയായി ഇന്ധനവില കൂടുന്നത് വിലക്കയറ്റത്തിനും ഇടയാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയെല്ലാം വലിയ വിമര്‍ശനമാണ് ഇന്ധനവില വര്‍ദ്ധനയില്‍ ഉയരുന്നത്.

ഇന്ധനവില വര്‍ധനവില്‍ പരിഹാരമാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി കത്തയച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്നതിനോടൊപ്പം അവയ്ക്ക് മേലുള്ള എക്സൈസ് നികുതിയും കേന്ദ്രം കുത്തനെ വര്‍ധിപ്പിക്കുന്നതെന്തിനെന്ന് കത്തില്‍ സോണിയ ചോദിച്ചിരുന്നു.

‘ജനങ്ങളെ ദുരിതത്തിലാക്കുന്ന ഇത്തരം വിവേകശൂന്യമായ നയങ്ങളെ ന്യായീകരിക്കാന്‍ ഒരു സര്‍ക്കാരിന് എങ്ങനെ കഴിയുന്നു’, എന്നും സോണിയ ചോദിച്ചിരുന്നു.

ജനങ്ങളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഇന്ധനവിലയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ എക്സൈസ് നികുതി പിന്‍വലിക്കണമെന്നും സോണിയ കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ShivSena Criticizes BJP for Petrol Hike