എഡിറ്റര്‍
എഡിറ്റര്‍
ബുള്ളറ്റ് ട്രെയിനിന്റെ പലിശ അടയ്ക്കാനാണോ പെട്രോള്‍ വില കൂട്ടുന്നത്?; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന
എഡിറ്റര്‍
Wednesday 20th September 2017 7:37pm

മുംബൈ: ഇന്ധന വിലവര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന. രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് ബുള്ളറ്റ് ട്രെിയിനിന്റെ പലിശയടക്കാനാണോ എന്നായിരുന്നു ശിവസേനയുടെ പ്രതികരണം. മുഖപത്രമായ സാമ്നയില്‍ എഴുതിയ എഡിറ്റോറിയലിലാണ് ശിവസേനയുടെ വിമര്‍ശനം.

ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് നില്‍ക്കുകയാണ്. എന്നാല്‍ രാജ്യത്തെ ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാനില്‍ നിന്നെടുത്ത വായ്പയുടെ പലിശ തിരിച്ചടയ്ക്കാനാണോ ഇത്. സാമ്‌നയിലെ എഡിറ്റോറിയലില്‍ ശിവസേന ചോദിക്കുന്നു.

കേന്ദ്രസര്‍ക്കാരിന് വിലക്കയറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലെന്നും മറ്റുള്ളവര്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ലെന്നും ശിവസേന ആരോപിക്കുന്നു.

അതേസമയം, ഇന്ധനവില വര്‍ധനയുടെ ഭാരം പേറുന്നത് സാധാരണ ജനങ്ങളാണ്. നാല് മാസത്തിനുള്ളില്‍ ഇന്ധനവിലയില്‍ 20 ഇരട്ടി വര്‍ധനവ് ഉണ്ടായിട്ടും ഭരണത്തിലുള്ളവര്‍ അതിനെ പിന്തുണയ്ക്കുന്നു എങ്കില്‍ അത് ശരിയല്ലെന്നും ശിവസേന പറയുന്നു.


Also Read:  ‘വികസനത്തിന് പണം വേണം, വിലവര്‍ധനവിന് കാരണം യു.എസിലെ ഇര്‍മ കൊടുങ്കാറ്റ്’; ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി


നേരത്തെ, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്റെ വികസനത്തിന് ധാരാളം പണം ആവശ്യമാണെന്നും അത് കണ്ടെത്താനുള്ള മാര്‍ഗ്ഗം നികുതിയാണെന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ പ്രതികരണം.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധമയുര്‍ത്തുന്ന കോണ്‍ഗ്രസും ഇടതും ഭരിക്കുന്ന സംസ്ഥാനങ്ങളിലും നികുതി കുറയ്ക്കാന്‍ തയ്യാറാല്ല. കാരണം അവരുടേയും പ്രധാന വരുമാനം നികുതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യു.എസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും ഇന്ത്യയില്‍ ഇന്ധനവില കൂടാന്‍ കാരണമായെന്നും ധനമന്ത്രി പറയുന്നു.

Advertisement