'ഇ.ഡിയേയും സി.ബി.ഐയേയും അതിര്‍ത്തിയിലേക്ക് അയക്കൂ'; കേന്ദ്രത്തിനെതിരെ ശിവസേന
national news
'ഇ.ഡിയേയും സി.ബി.ഐയേയും അതിര്‍ത്തിയിലേക്ക് അയക്കൂ'; കേന്ദ്രത്തിനെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th November 2020, 4:40 pm

മുംബൈ: തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്, സി.ബി.ഐ ഉദ്യോഗസ്ഥരെ രാജ്യാതിര്‍ത്തിയിലേക്ക് പറഞ്ഞുവിടുന്നതാകും നല്ലതെന്ന പരിഹാസവുമായി ശിവസേന. സേന മുഖപത്രമായ സാമ്‌നയിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

കാര്‍ഷികബില്ലുകള്‍ക്കെതിരെ സമരംചെയ്യുന്ന കര്‍ഷകസമരത്തെ അടിച്ചമര്‍ത്താന്‍ അവരെ തീവ്രവാദികളെന്ന് വരെ മുദ്രകുത്തിയ ബി.ജെ.പി നിലപാടിനെ വിമര്‍ശിച്ചായിരുന്നു ശിവസേനയുടെ പ്രതികരണം. കര്‍ഷകസമരത്തെ ഇല്ലാതാക്കാന്‍ ജലപീരങ്കികളും കണ്ണീര്‍വാതകവും ഉപയോഗിച്ചതിനെയും സേന വിമര്‍ശിച്ചു.

ദല്‍ഹിയില്‍ പ്രതിഷേധം നടത്തുന്ന നമ്മുടെ കര്‍ഷകരെ തീവ്രവാദികളായി മുദ്രകുത്തുകയാണ്. യഥാര്‍ത്ഥ തീവ്രവാദികള്‍ കശ്മീര്‍ അതിര്‍ത്തിയില്‍ നമ്മുടെ പട്ടാളക്കാരുടെ ജീവനെടുത്തുക്കൊണ്ടിരിക്കുന്നു. ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും ജനറല്‍ അരുണ്‍കുമാര്‍ വൈദ്യയുടെയും ഇടപെടലോടെ അടച്ച അധ്യായമാണ് ഖാലിസ്ഥാന്‍ പ്രസ്ഥാനം. അത് വീണ്ടും തുറന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്, സാമ്‌നയില്‍ ലേഖനത്തില്‍ പറയുന്നു.

അതേസമയം പ്രതിപക്ഷത്തെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ കൂട്ടുപിടിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

ഇ.ഡിയ്ക്കും സി.ബി.ഐയ്ക്കും തങ്ങളുടെ ധൈര്യം തെളിയിക്കാന്‍ അവസരം നല്‍കണം. എപ്പോഴും ബുള്ളറ്റുകള്‍ പ്രവര്‍ത്തിക്കണമെന്നില്ല. ദല്‍ഹി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുമ്പോള്‍, കശ്മീര്‍ അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നമ്മുടെ ജവാന്‍മാരുടെ ജീവനെടുക്കുകയാണ്. ഈ സമയങ്ങളില്‍ ഇ.ഡിയേയും സി.ബി.ഐയേയും അതിര്‍ത്തിയിലേക്ക് അയയ്ക്കണം.അവരുടെ ധൈര്യം കാണിക്കാന്‍ ഒരവസരം നല്‍കൂ, ലേഖനത്തില്‍ പറയുന്നു.

അതേസമയം കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുമ്പോള്‍ അനുനയനീക്കവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയിരിക്കുകയാണ്. കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഡിസംബര്‍ മുന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shivasena Digs At Union Government