ഞാന്‍ ഒരു വലിയ ദുല്‍ഖര്‍ ഫാന്‍; ആദ്യ സിനിമ മുതല്‍ അവനെ എനിക്ക് ഇഷ്ടമാണ്: ശിവരാജ് കുമാര്‍
Movie Day
ഞാന്‍ ഒരു വലിയ ദുല്‍ഖര്‍ ഫാന്‍; ആദ്യ സിനിമ മുതല്‍ അവനെ എനിക്ക് ഇഷ്ടമാണ്: ശിവരാജ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th October 2023, 11:23 am

മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ശിവരാജ് കുമാര്‍. മലയാളത്തിലെ യുവനടനായ ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഇഷ്ടനടന്‍ എന്നാണ് ശിവരാജ് കുമാര്‍ പറയുന്നത്.

ശിവരാജ് കുമാര്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ഗോസ്റ്റ് എന്ന സിനിമയുടെ പാന്‍ ഇന്ത്യന്‍ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങി മലയാളത്തിലെ താരങ്ങളുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും ശിവരാജ് കുമാര്‍ സംസാരിച്ചു.

ദുല്‍ഖറിന്റെ വലിയ ഫാനാണ് ഞാന്‍. അദ്ദേഹത്തിന്റെ ആദ്യ സിനിമ മുതല്‍ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറുണ്ട്. മികച്ച നടനാണ് അദ്ദേഹം.

അതുപോലെ മമ്മൂട്ടിസാര്‍ ഞാന്‍ വളരെ ആരാധിക്കുന്ന നടനാണ്. വളരെ മുതിര്‍ന്ന നടനാണ് അദ്ദേഹം. കഴിഞ്ഞ 30-35 വര്‍ഷത്തോളമായി ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുന്നുണ്ട്.

അതുപോലെ മോഹന്‍ലാല്‍ സാറുമായി എനിക്ക് വലിയ അടുപ്പമുണ്ട്. എന്റെ അച്ഛനുമായും കുടുംബവുമായും അദ്ദേഹത്തിന് ബന്ധമുണ്ട്. അതുപോലെ ജയറാം സാര്‍ എനിക്ക് കുടുംബം പോലെയാണ്. എന്റെ സഹോദരനാണ് അദ്ദേഹം.

കേരളത്തിന്റെ രണ്ട് പ്രധാനപ്പെട്ട കണ്ണുകളാണ് മമ്മൂട്ടി സാറും മോഹന്‍ലാല്‍ സാറും. ഇന്ത്യന്‍ സിനിമയിലെ തന്നെ മാസ്‌റ്റേഴ്‌സാണ് ഇരുവരും,’ ശിവരാജ് കുമാര്‍ പറഞ്ഞു.

ഞാന്‍ എപ്പോള്‍ കേരളത്തില്‍ വരുമ്പോഴും നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്ന് ജയറാം പറയും. അദ്ദേഹത്തിന്റെ ഹ്യൂമറും പെര്‍ഫെക്ഷനുമൊക്കെ പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. നല്ല ഒരു സിനിമയില്‍ തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്.

അതുപോലെ മലയാളത്തില്‍ തിലകന്‍ സാറിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എല്ലാവര്‍ക്കും പ്രത്യേകമായ ഓരോ അഭിനയ രീതിയാണ്. കഥാപാത്രങ്ങള്‍ക്കനുസരിച്ച് ഭാവ പ്രകടനങ്ങള്‍ വളരെ മനോഹരമായി ചെയ്യാനുള്ള കഴിവ് ഇവര്‍ക്കെല്ലാമുണ്ട്. യുവ നടന്മാരില്‍ ദുല്‍ഖറിനൊപ്പം ഫഹദ് ഫാസിലിനേയും തനിക്ക് ഇഷ്ടടമാണെന്ന് ശിവരാജ് കുമാര്‍ പറഞ്ഞു.

ഗോസ്റ്റില്‍ ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണിത്. എം.ജി ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. ജയിലറിന് ശേഷം ശിവരാജ് കുമാറിന്റേതായി ഇറങ്ങുന്ന അടുത്ത ചിത്രമാണ് ഗോസ്റ്റ്.

Content Highlight: Shivaraj Kumar about Dulquer salmaan