എഡിറ്റര്‍
എഡിറ്റര്‍
മഴയെ നിങ്ങള്‍ വേണമെങ്കില്‍ പിടിച്ചുനിര്‍ത്തൂ; അല്ലാതെ ഞാനെന്ത് ചെയ്യാനാണ്; മുംബൈ പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ശകാരിച്ച് ഉദ്ധവ് താക്കറെ
എഡിറ്റര്‍
Thursday 31st August 2017 9:05am

മുംബൈ: മുംബൈയിലെ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയവും ജനങ്ങളുടെ ദുരിതവും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ ശകാരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

ബ്രിഹാന്‍മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷനില്‍ കനത്ത വെള്ളപ്പൊക്കമാണ് മഴയെ തുടര്‍ന്ന് ഉണ്ടായത്. എന്നാല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ വേണ്ടത്ര ലഭ്യമായില്ലെന്ന പരാതിയും ജനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു.

കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ഇവിടെ അധികാരത്തിലെത്തിയത് ശിവസേനയായിരുന്നു. അതുകൊണ്ട് തന്നെ ശിവസേന നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടു എന്ന തരത്തിലായിരുന്നു മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇത്തരം വാര്‍ത്തകളാണ് ഉദ്ധവ് താക്കറെയെ ചൊടിപ്പിച്ചത്.


Dont Miss കോഴിക്കോട്- ബംഗളൂരു കെ.എസ്.ആര്‍.ടി ബസ്സില്‍ കൊള്ള; വടിവാള്‍ കാട്ടി അജ്ഞാതസംഘം സ്വര്‍ണവും പണവും കവര്‍ന്നു


കനത്തമഴയെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ചൂടാവുകയായിരുന്നു അദ്ദേഹം. ‘വേണമെങ്കില്‍ നിങ്ങള്‍ മഴയെ പിടിച്ചുനിര്‍ത്തിക്കോളൂ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

‘ആദ്യം നിങ്ങള്‍ മഴയെ പിടിച്ചു നിര്‍ത്തൂ. എന്നിട്ട് ഞാന്‍ എന്ത് ചെയ്യണമെന്ന് പറയൂ. മുംബൈ നിങ്ങളുടെ കുത്തക മാത്രമാണെന്ന് കരുതരുത്. ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്.’ -ഉദ്ധവ് താക്കറെ പറയുന്നു.

പ്രത്യേക സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ ശിവസേനയും ബി.ജെ.പിയും കനത്ത പരാജയമാണെന്നും കോണ്‍ഗ്രസ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ആരോപിച്ചിരുന്നു. അതേസമയം ആരും പേടിക്കേണ്ടതില്ലെന്നും ഗണേശ ഭഗവാന്‍ ഈ ദുരിതത്തില്‍ നിന്നെല്ലാം എല്ലാവരേയും രക്ഷിക്കുമെന്നുമായിരുന്നു ശിവസേന അവരുടെ മുഖപത്രമായ സാമ്‌നയിലൂടെ പറഞ്ഞിരുന്നത്.


Dont Miss വിവാഹബന്ധം ഒഴിയാന്‍ അമൃതാനന്ദമയി നിര്‍ദേശിച്ചു; ബന്ധം ഒഴിയാന്‍ തയ്യാറാവാതിരുന്ന യുവതിയ്ക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം


കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ പെട്ട് മുംബൈയുടെ വിവിധ ഭാഗങ്ങളിലായി 15 ഓളം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി പെയ്ത മഴയില്‍ വീടു തകര്‍ന്ന് രണ്ട് കുഞ്ഞുങ്ങളടക്കം മൂന്നുപേരും താനെയില്‍ രണ്ട് സ്ത്രീകളും മരിച്ചതായാണ് റിപോര്‍ട്ടുകള്‍.

മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ റോഡ്-തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. എന്നാല്‍, ലോക്കല്‍ തീവണ്ടികള്‍ ഒഴികെയുള്ള തീവണ്ടികള്‍ കൃത്യസമയത്തിന് ഓടിത്തുടങ്ങിയതായി പോലിസ് അറിയിച്ചു.

റോഡു മാര്‍ഗമുള്ള ഗതാഗതവും പുനസ്ഥാപിച്ചിട്ടുണ്ട്. ഇതോടെ പ്രളയത്തില്‍ പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ വീടുകളിലേക്ക് തിരിച്ചുപോവാന്‍ ആരംഭിച്ചതായും പോലിസ് പറഞ്ഞു.

ചൊവ്വാഴ്ച പെയ്ത മഴയില്‍ 300 മില്ലിമീറ്റര്‍ മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിലാദ്യമായാണ് മുംബൈയില്‍ ഈ തോതില്‍ മഴ ലഭിക്കുന്നത്. മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. എന്നാല്‍, വ്യോമഗതാഗതത്തിന് തടസ്സങ്ങളൊന്നുമില്ലെന്ന് മുംബൈ വിമാനത്താവളം അധികൃതര്‍ അറിയിച്ചു.

Advertisement