Administrator
Administrator
ജീവിതം ഷിറിന് പണ്ടെത്തെക്കാള്‍ മനോഹരമാണ്
Administrator
Tuesday 12th July 2011 5:13pm

ആസിഡ് മറിഞ്ഞും, തീപൊള്ളലേറ്റും, ഗ്യാസ് പൊട്ടിത്തെറിച്ചും മുഖം വികൃതമായവര്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് പിന്‍വലിയുകയാണ് പതിവ്. അവരില്‍ നിന്ന് സമൂഹവും പെട്ടെന്ന് കണ്ണെടുക്കും. എന്നാല്‍ മുംബൈ സ്വദേശിയായ ഷിറിന് കൂട്ട് ഇത്തരം ആളുകളുമായാണ്. ഷിറിന്‍ അവരെപ്പോലെയായതുകൊണ്ടാവാം.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷിറിന്‍ ജുവലെ സുന്ദരിയായിരുന്നു. സമപ്രായക്കാരായ പെണ്‍കുട്ടികളെപ്പോലെ കളിച്ചും ചിരിച്ചും അവളും വളര്‍ന്നു. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഷിറിന്‍ വീട്ടുകാര്‍ കണ്ടുപിടിച്ച ആളെ വിവാഹവും ചെയ്തു.

1998ലായിരുന്നു ഷിറിന്റെ വിവാഹം. സന്തോഷകരമായ ജീവിതം സ്വപ്‌നം കണ്ട് ഭര്‍ത്താവിന്റെ വീട്ടിലേക്ക് കയറിചെന്ന ഷിറിന് തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്ന് മനസിലാക്കാന്‍ അധികം ദിവസം വേണ്ടിവന്നില്ല. വിവാഹബന്ധത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വന്തം അച്ഛനമ്മമാരുടെ അടുത്തേക്ക് തിരികെ വരാനുള്ള ധൈര്യം അന്ന് ഷിറിനുണ്ടായിരുന്നില്ല. വിവാഹ മോചനത്തെക്കുറിച്ച് അവള്‍ ആലോചിച്ചു തുടങ്ങി.

1998 മെയ് 28, രാത്രി 9 മണിക്ക് ഷിറിന്‍ വീട്ടിലെത്തിയ ഷിറിന്‍ ഭര്‍ത്താവിനെ കണ്ട് ഞെട്ടി. കറുത്ത കോട്ടും കറുത്ത പേന്റും കറുത്ത തൊപ്പിയും കറുത്ത കണ്ണടകളും ധരിച്ച അയാളെ ശ്രദ്ധിച്ചൊന്ന് നോക്കുന്നതിനു മുമ്പ് തന്നെ അയാള്‍ കയ്യിലുണ്ടായിരുന്ന ആസിഡ് ഷിറിന്റെ മുഖത്തേക്കൊഴിച്ചു. ആ നിമിഷം മാറ്റിമറിച്ചത് ഷിറിന്റെ ജീവിതം തന്നെയായിരുന്നു.

പിന്നെ ആശുപത്രിയും ചികിത്സയുമായി കുറേ നാള്‍. 2001ല്‍ ചികിത്സയ്ക്കായി യു.എസിലേക്ക് പോയി. ആദ്യമൊക്കെ ചികിത്സാ ചിലവ് അമ്മ വഹിച്ചു. പിന്നീട് വേണ്ട സഹായങ്ങള്‍ സ്വകാര്യ കമ്പനി നല്‍കി. മിഡ് ഡേ പത്രത്തില്‍ ഇവരെകുറിച്ച് വന്ന സ്‌റ്റോറിയും ഏറെ സഹായകരമായി. ഏറെ നാളത്തെ ചികിത്സയ്ക്കു ശേഷം ആസിഡ് വൃകൃതമാക്കിയ മുഖവുമായാണ് ഷിറിന്‍ ആശുപത്രിക്കിടക്കയില്‍ നിന്നും എഴുന്നേറ്റത്.

പിന്നെ ഭയമായിരുന്നു. ആളുകള്‍ തന്നെകണ്ടാല്‍ എങ്ങനെ പ്രതികരിക്കും, അവള്‍ ഭയക്കില്ലേ, താനെല്ലാവരില്‍ നിന്നും ഒറ്റപ്പെടില്ലേ തുടങ്ങി ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അവള്‍ക്ക് മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമൊക്കെ ബുര്‍ഖ ധരിച്ചാണ് ഷിറിന്‍ പുറത്തിറങ്ങിയത്.

ഇതിനിടയിലാണ് തീപൊള്ളലേറ്റവരുടെ ഓണ്‍ലൈന്‍ ഗ്രൂപ്പ് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് മുംബൈയിലെ മസിന ആസുപത്രിയില്‍ ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കി. യു.എസില്‍ നടന്ന ഒരു സമ്മേളനത്തില്‍ തീപൊള്ളലേറ്റവരുടെ പ്രതിനിധിയായി സംസാരിച്ചു. താനിനി ബുര്‍ഖ ധരിച്ചും ആളുകളില്‍ നിന്ന് ഒളിച്ചും കഴിയേണ്ടതില്ലെന്ന് തിരിച്ചറിയാന്‍ തുടങ്ങിയ നാളുകളായിരുന്നു അത്. തനിക്കും ഈ ലോകത്ത് ഒരു ഇടമുണ്ടെന്ന് ഷിറിന്‍ തിരിച്ചറിഞ്ഞു. അത് പഠിപ്പിച്ചത് അമേരിക്കന്‍ ജീവിതമാണ്.

അമേരിക്കയിലുള്ള 90% പൊള്ളലേറ്റവര്‍ക്കും എങ്ങനെ അതിജീവിക്കണമെന്ന് അറിയാം. എന്നാല്‍ ഇന്ത്യക്കാരില്‍ 60% പേര്‍ക്കും അതറിയില്ലെന്നാണ് ഇവരുടെ അനുഭവത്തിലൂടെ പറയുന്നത്. അവിടെ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും വേണ്ടിയുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്ത ഷിറിന്‍ തന്റെ കഴിവുകള്‍ തിരിച്ചറിയുകയായിരുന്നു. 18 മാസത്തെ യു.എസ് ജീവിതത്തിനുശേഷം ഇന്ത്യയിലേക്ക് മടങ്ങിവന്നു. തന്റെ ജീവിതത്തില്‍ നിന്നും പഠിച്ച പാഠം തന്നെപ്പോലുള്ള മറ്റുള്ളവര്‍ക്ക് പ്രചോദനമാക്കണമെന്ന ആഗ്രഹമായിരുന്നു മനസുമുഴുവന്‍.

ഇന്റര്‍നെറ്റ് മാധ്യമങ്ങളിലൂടെ അത്തരം ആളുകളുമായി നിരന്തരം ഇടപെട്ടു. ഇത്തരം ഇടപെടലുകള്‍ യു.എസില്‍ നടന്ന വേള്‍ഡ് ബേണ്‍ കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കപ്പെടാന്‍ കാരണമായി. ഇന്ത്യയിലെ പൊള്ളലേറ്റവരെക്കുറിച്ച് റിസര്‍ച്ച് ചെയ്യാനായിരുന്നു താല്‍പര്യം. അതിനായി മനിസ ഹോസ്പിറ്റലിലെ ഡോ.സുനില്‍ കേശ്വാനിയും ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ കിര്‍ത്തി പഞ്ചലും സഹായിച്ചു.

2008 സൗത്ത് വെയില്‍സില്‍ ഉന്നത പഠനത്തിനുപോയി. ‘സാമൂഹികമായ നിഷേധം കാരണമാണോ വൈരൂപ്യം അയോഗ്യതയായി പരിഗണിക്കുന്നത് ‘ എന്നതായിരുന്നു ഷിറിന്റെ തീസീസ്. ഷിറിന്‍ ഡിസ്റ്റിംങ്ഷനും ബെസ്റ്റ് സ്റ്റുഡന്റ്‌സ് അവാര്‍ഡും കരസ്ഥമാക്കി.

ഷെറിന്‍ ഇപ്പോള്‍ പൊള്ളലേറ്റവരെക്കുറിച്ച് പഠിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. ഇത്തരം ആളുകളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യമുണ്ടോ, ഇവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ്മകളുണ്ടോ, ഏതെങ്കിലും ട്രസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നിവയെക്കുറിച്ചൊക്കെ പഠിക്കുന്നുണ്ട്. ഇതിനുവേണ്ടിയുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍.

തനിക്ക് ലഭിച്ച ഈ രണ്ടാം ജന്മം തന്നെപ്പോലുള്ള മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും അവരെ പഠിപ്പിക്കാനും അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനും അതുവഴി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും വേണ്ടി ഷിറിന്‍ മാറ്റിവച്ചിരിക്കുകയാണ്.

Advertisement