മുംബൈ തുറമുഖത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് താവളമടിക്കാൻ അനുവദിക്കുന്ന കരാർ ഒപ്പുവച്ചു
national news
മുംബൈ തുറമുഖത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് താവളമടിക്കാൻ അനുവദിക്കുന്ന കരാർ ഒപ്പുവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2023, 11:28 am

ന്യൂദൽഹി: മുംബൈയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് താവളമടിച്ച് അറ്റകുറ്റപ്പണി നടത്താൻ സഹായിക്കുന്ന രണ്ടാം മാസ്റ്റർ ഷിപ്പ് റിപ്പയർ കരാർ (എം.എസ്.ആർ.എ) ഒപ്പുവെച്ച് ഇന്ത്യ. അമേരിക്കൻ നാവികസേനയും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക്ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമാണ് (എം.ഡി.എൽ) വ്യാഴാഴ്ച കരാറിൽ ഒപ്പുവച്ചത്.

ഇതോടെ അമേരിക്കൻ പടക്കപ്പലുകൾക്കും വിമാനവാഹിനികൾക്കും ഇന്ത്യൻ തീരത്ത് നങ്കൂരമിടാം. വൈറ്റ് ഹൗസ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയിലാണ് കരാർ വിവരങ്ങൾ പുറത്തുവന്നത്.

ഇന്തോ-പസഫിക് മേഖലയിൽ ചൈനയ്ക്കുള്ള സ്വാധീനം അമേരിക്കയുടെ താല്പര്യങ്ങൾക്ക് വിഘാതമായതാണ് ഇന്ത്യയെ കൂട്ടുപിടിച്ചുള്ള അമേരിക്കയുടെ പുതിയ നീക്കമെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്തു. അറ്റകുറ്റപ്പണിയുടെ പേരിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് ഇന്ത്യയിൽ തമ്പടിക്കാൻ സാധിക്കുമെന്നും സ്വതന്ത്രമായ ഇന്തോ-പസഫിക് എന്ന സന്ദേശത്തിന്റെ മറവിൽ ഇങ്ങനെ ചൈനയെ വളയാൻ അമേരിക്കക്ക് കഴിയുമെന്നും റിപ്പോർട്ടിലുണ്ട്.

ഇരു രാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായി ആദ്യ എം.എസ്.ആർ.എ കരാർ കഴിഞ്ഞ വർഷം ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് ചെന്നൈയിലെ ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ് ഷിപ്‌യാർഡിൽ അമേരിക്കൻ പടക്കപ്പലുകൾക്ക് അറ്റകുറ്റപ്പണി നടത്താം.
ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന്റെ മറ്റൊരു നാഴികക്കല്ലാണ് കരാർ എന്നായിരുന്നു യു.എസ് ജനറൽ കോൺസുലേറ്റ് ജൂഡിത് രാവിൻ അന്ന് പറഞ്ഞത്.

സംയുക്ത പ്രസ്താവന ഇന്ത്യൻ മണ്ണിൽ അമേരിക്കൻ സൈനികത്താവളം നിർമിക്കുന്നതിന്റെ മുന്നോടിയാണോ എന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ചോദിച്ചു. കഴിഞ്ഞ ജൂണിലും സമാനമായ പ്രസ്താവന ഉണ്ടായിരുന്നു. തന്ത്രപ്രധാനമായ നാവികകേന്ദ്രങ്ങളിൽ അമേരിക്കൻ കപ്പലുകൾ നങ്കൂരമിടുന്നത് രാജ്യത്തിൻറെ പരമാധികാരത്തെ ആശങ്കയിലാക്കുമെന്നും ആരോപണമുണ്ട്.

Content Highlight: Shipyard repairment agreement signed between India-US