കഴിവുള്ളവരെ മാറ്റിനിര്‍ത്തുമ്പോഴുള്ള വേദന അറിയാമല്ലോ, ജൂറി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ; ദുല്‍ഖറിന് കത്തെഴുതി ഷൈന്‍
Film News
കഴിവുള്ളവരെ മാറ്റിനിര്‍ത്തുമ്പോഴുള്ള വേദന അറിയാമല്ലോ, ജൂറി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ; ദുല്‍ഖറിന് കത്തെഴുതി ഷൈന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th June 2022, 12:51 pm

ദുല്‍ഖര്‍ സല്‍മാന് ഇന്‍സ്റ്റഗ്രാമില്‍ കത്തെഴുതി ഷൈന്‍ ടോം ചാക്കോ. ഷൈന്‍ നായകനായ ചിത്രം അടിയുമായി ബന്ധപ്പെട്ടാണ് ദുല്‍ഖറിന് കത്തെഴുതിയത്. വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിക്കുന്നത്.

കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്ന് ഷൈന്റെ പോസ്റ്റില്‍ ചോദിക്കുന്നു.

‘എന്റെ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്

എന്റെ മനസ് മുഴുവന്‍ അര്‍പ്പിച്ചാണ് ഞാന്‍ ഈ സിനിമ ചെയ്തത്. അടി തിയേറ്ററില്‍ കാണാന്‍ കാത്തിരിക്കുകയാണ്. അഹാനയും ധ്രുവനും ഏറ്റവും മികച്ച പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. രതീഷിന്റെ മികച്ച സ്‌ക്രിപ്റ്റും. കഴിവിനെ അവഗണിക്കുമ്പോഴുള്ള വേദന അറിയാമല്ലോ, സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചതു പോലെ. എന്റെ സുഹൃത്തില്‍ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു,’ ഷൈന്‍ കുറിച്ചു.

വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന നാലാമത് ചിത്രമാണ് അടി. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധാനവും ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

കോസ്റ്റ്യൂം സ്റ്റെഫി സേവ്യറും ആര്‍ട്ട് സുഭാഷ് കരുണും രഞ്ജിത് ആര്‍. മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു. സുഡാനി ഫ്രം നൈജീരിയ ഫെയിം നൗഫലാണ് എഡിറ്റിംഗ് നടത്തിയിരിക്കുന്നത്. ആലുവയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അന്‍പത് ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Content Highlight: shine tom chacko to dulquer salman you know the pain of ignoring the bunch of talents, like the state award committee ignored our KURUP