വാലിബന്റെ ലൊക്കേഷനില്‍ വരെ പോയി, അങ്ങനെയെങ്കിലും ഒരു റോള്‍ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ: ഷൈന്‍ ടോം ചാക്കോ
Film News
വാലിബന്റെ ലൊക്കേഷനില്‍ വരെ പോയി, അങ്ങനെയെങ്കിലും ഒരു റോള്‍ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 28th May 2023, 9:18 am

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ സെറ്റില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

താന്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിനായി രാജസ്ഥാനില്‍ ചെന്നപ്പോഴാണ് വലിയ ടെന്റ് കണ്ടതെന്നും അന്വേഷിച്ചപ്പോഴാണ് ലിജോയുടെ ചിത്രമാണെന്ന് മനസിലായതെന്നും ഷൈന്‍ പറഞ്ഞു.

ഒരു റോള്‍ കിട്ടണമെന്ന് വിചാരിച്ചാണ് സെറ്റിലേക്ക് ചെന്നതെന്നും എന്നാല്‍ മോഹന്‍ലാലും ലിജോയും സെറ്റിലെത്തിയിരുന്നില്ലെന്നും ഷൈന്‍ പറഞ്ഞു. ബൂമറാംഗ് ചിത്രത്തിന്റെ പ്രെസ് മീറ്റില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ഷൈന്‍ പറഞ്ഞ പരാമര്‍ശങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

മലൈക്കോട്ടൈ വാലിബനില്‍ ഷൈന്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ‘മലൈക്കോട്ടൈ വാലിബനില്‍ ഞാനില്ല. ഞാന്‍ അവരുടെ ലൊക്കേഷനില്‍ വരെ പോയി നോക്കി, രാജസ്ഥാനില്‍. എന്റെ പാരഡൈസ് സര്‍ക്കസ് എന്ന സിനിമയുടെ അവസാന ഷെഡ്യൂള്‍ രാജസ്ഥാനില്‍ ആയിരുന്നു.

ഒരു ദിവസം ലൊക്കേഷനിലേത്ത് പോകുന്ന വഴി വലിയൊരു ടെന്റ് അടിച്ചിരിക്കുന്നത് കണ്ടു. അവിടേക്ക് ചെന്ന് നോക്കിയപ്പോള്‍ മലയാളികള്‍. അന്വേഷിച്ചപ്പോള്‍ ലിജോയുടെ പടത്തിന്റെ ഷൂട്ട് നടക്കുകയാണ്. ഞങ്ങളുടെ ലൊക്കേഷനില്‍ കൂടിപ്പോയാല്‍ 15 പേരേയുള്ളൂ.

ലിജോ ഉണ്ടോ, ലാലേട്ടന്‍ ഉണ്ടോ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ അവര്‍ അവിടെ എത്തിയിട്ടില്ല. അങ്ങനെയെങ്ങാനും ഒരു റോള്‍ കിട്ടുകയാണെങ്കില്‍ കിട്ടട്ടെ എന്ന് കരുതിയാണ്. അവരെ കണ്ടില്ല,’ ഷൈന്‍ പറഞ്ഞു.

ലൈവാണ് ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ഷൈന്‍ ടോം ചാക്കോയുടെ ചിത്രം. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, പ്രിയ വാര്യര്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈബര്‍ ഇടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ പറ്റിയാണ് ചിത്രം പറയുന്നത്.

Content Highlight: Shine Tom Chacko shares his experience on the sets of the film malaikottai valiban