ബീസ്റ്റ് നന്നായില്ലെങ്കിലും, ട്രോളുകള്‍ നന്നായല്ലോ, വിക്രം കണ്ടാല്‍ ഫഹദിനോട് അസൂയ തോന്നും; ഷൈന്‍ ടോം ചാക്കോ
Entertainment news
ബീസ്റ്റ് നന്നായില്ലെങ്കിലും, ട്രോളുകള്‍ നന്നായല്ലോ, വിക്രം കണ്ടാല്‍ ഫഹദിനോട് അസൂയ തോന്നും; ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th June 2022, 5:34 pm

നെല്‍സണ്‍ ദിലിപ് കുമാറിന്റെ സംവിധാനത്തില്‍ ഏറ്റവും അവസാനമായി പുറത്ത് വന്ന വിജയ് ചിത്രമായിരുന്നു ബീസ്റ്റ്. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിച്ചിരുന്നു

തീവ്രവാദിയുടെ വേഷത്തിലാണ് ഷൈന്‍ ചിത്രത്തില്‍ എത്തിയത്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിലെ ഷൈന്റെ വേഷം വളരെ ചെറുതായിപോയി എന്ന് സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ബീസ്റ്റില്‍ താന്‍ അഭിനയിച്ചുട്ടുണ്ടെങ്കിലും താന്‍ ചിത്രം കണ്ടിട്ടില്ല എന്നാണ് ഷൈന്‍ പറയുന്നത്.

‘ ട്രോളുകള്‍ കണ്ടിരുന്നു. പടം നന്നായില്ലെങ്കിലും ട്രോളുകള്‍ നല്ലതാണല്ലോ. വിജയുടെ പോക്കിരി കണ്ടിട്ടുണ്ട്. നല്ല സിനിമയാണ്. ബീസ്റ്റില്‍ എല്ലാ തീവ്രവാദികളെയും ഒരുമിച്ച് തീര്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍…’; ഷൈന്‍ പറഞ്ഞു

വിക്രം കണ്ടില്ല എന്നും കണ്ടാല്‍ ഫഹദിനോടും, വിജയ് സേതുപതിയോടും അസൂയ തോന്നുമെന്നും ഷൈന്‍ കൂടിച്ചേര്‍ക്കുന്നുണ്ട്.

ജിജോ ആന്റണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന അടിത്തട്ടാണ് ഷൈന്റെ ഏറ്റവും പുതിയ ചിത്രം. ഖൈസ് മില്ലനാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ഷൈനെ കൂടാതെ സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാപ്പിറ്റല്‍ സ്റ്റുഡിയോസ് ആണ് അടിത്തട്ട് തിയേറ്ററിലെത്തിക്കുന്നത്. ഡിജിറ്റല്‍ പി.ആര്‍ : മാക്‌സോ ക്രിയേറ്റീവ്.

മല്‍സ്യ ബന്ധനത്തിനായി കടലില്‍ പോകുമ്പോള്‍ ബോട്ടില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ടീസറില്‍ ഉണ്ടായിരുന്നത്.

Content Highlight : Shine tom Chacko says that he did not watch beast movie