എനിക്ക് എന്നെപ്പോലെ മൂന്ന് ഡ്യൂപ്പുകളുണ്ട്, രണ്ട് പേരെ വീട്ടിലിരുത്തി, ഒരാളെ മലേഷ്യയിലേക്ക് വിട്ടിരിക്കുകയാണ്: ഷൈന്‍ ടോം ചാക്കോ
Film News
എനിക്ക് എന്നെപ്പോലെ മൂന്ന് ഡ്യൂപ്പുകളുണ്ട്, രണ്ട് പേരെ വീട്ടിലിരുത്തി, ഒരാളെ മലേഷ്യയിലേക്ക് വിട്ടിരിക്കുകയാണ്: ഷൈന്‍ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th October 2022, 11:28 am

ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന വിചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബര്‍ 14ന് എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് താരങ്ങള്‍. അഭിമുഖത്തിനിയിലുള്ള ഷൈന്‍ ടോം ചാക്കോയുടെ കൗണ്ടറുകള്‍ ശ്രദ്ധ നേടുകയാണ്.

മൂവി കഫേക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ തല്ലുമാലയിലേത് പോലെ വിചിത്രത്തിന്റെ സമയത്ത് എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് മറുപടിയായി ‘ഞാന്‍ സൂപ്പര്‍ മാന്‍ സിനിമയില്‍ അഭിനയിക്കണ സമയത്ത്’ എന്ന് പറഞ്ഞ് ഷൈന്‍ ഇടംകണ്ണിട്ട് നോക്കുകയായിരുന്നു.

വീണ്ടും വിചിത്രത്തിന്റെ സമയത്ത് അപകടങ്ങള്‍ ഉണ്ടായിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അപകടം സംഭവിക്കാനും മാത്രമൊന്നുമുണ്ടായില്ല എന്നാണ് ഷൈന്‍ പറഞ്ഞത്. പുരപ്പുറത്ത് കേറുന്നുണ്ടെന്നും ഷൈന്‍ പറഞ്ഞു. അത് ഡ്യൂപ്പാണോ അതോ താങ്കള്‍ തന്നെയാണോ ചെയ്യുന്നതെന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. എനിക്ക് എന്നെപ്പോലെ മൂന്ന് ഡ്യൂപ്പുണ്ട്. രണ്ട് പേരെ വീട്ടിലിരുത്തിയിട്ടുണ്ട്, ഒരാളെ മലേഷ്യയിലേക്ക് വിട്ടിരിക്കുകയാണ്, എന്നാണ് ഷൈന്‍ പറഞ്ഞത്.

വിചിത്രം സിനിമയെ പറ്റിയും ഷൈന്‍ അഭിമുഖത്തില്‍ സംസാരിച്ചു. ‘ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന തൃശ്ശൂരുള്ള ഫാമിലിയുടെ കഥയാണ് ഇത്. ഫുട്‌ബോള്‍ കളിക്കാരാനായ അപ്പന്‍, ആ അപ്പനുണ്ടാവുന്ന അഞ്ച് ആണ്‍മക്കള്‍. അവരും ഫുട്‌ബോള്‍ കളിക്കാര്‍. അങ്ങനത്തെ ഫാമിലീസ് തൃശ്ശൂരുണ്ട്. ഈ പടത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കഥാപാത്രമാണ് ഇവരുടെ അമ്മയായ ജോളി ചേച്ചിയുടേത്. ഈ പിളേളരുടെ അപ്പന്‍ മരിച്ചു. അമ്മക്ക് ഒരു സങ്കടം പറയാനോ ഒരു കാര്യം പറയാനോ ആരുമില്ല,’ ഷൈന്‍ പറഞ്ഞു.

ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് വിചിത്രം നിര്‍മിക്കുന്നത്. ലാല്‍, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: shine tom chacko says he have three dupes like him