ദുര്യോധനന്‍- ശിഖണ്ഡി റഫറന്‍സാണ് ഷൈനിന്റെ പീറ്റര്‍; പറയാതെ പറയുന്ന അമല്‍ നീരദ് മാജിക്
Entertainment news
ദുര്യോധനന്‍- ശിഖണ്ഡി റഫറന്‍സാണ് ഷൈനിന്റെ പീറ്റര്‍; പറയാതെ പറയുന്ന അമല്‍ നീരദ് മാജിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th March 2022, 9:21 am

റിലീസ് ചെയ്ത് ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷകരുടെ മനസിലിടം പിടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ഒരു നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് അണിയിച്ചൊരുക്കിയ ചിത്രം കൂടിയാണ് ഭീഷ്മ പര്‍വ്വം.

ഭീഷ്മയിലെ മമ്മൂട്ടിയുടേയും സൗബിന്റേയും ഷൈന്‍ ടോം ചാക്കോയുടേയും പ്രകടനം ഒരുപോലെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിന് മഹാഭാരതവുമായി ബന്ധമുണ്ടെന്നും സിനിമയിലേ ഓരോ കഥാപാത്രങ്ങളും മഹാഭാരതത്തിലുള്ളവരാണെന്നൊക്കെ ഉള്ള അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

18 ദിവസം നീണ്ടുനിന്ന മഹാഭാരത യുദ്ധത്തില്‍ ഭീഷ്മര്‍ നയിച്ച 10 ദിവസമാണ് ഭീഷ്മ പര്‍വ്വത്തിന്റേയും ഇതിവൃത്തം. ഓരോ കഥാപാത്രങ്ങളും ഓരോ ഇതിഹാസ നായകന്മാരായെത്തുമ്പോള്‍, ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച പീറ്റര്‍ ദുര്യോധനനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് നേരത്തെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്നത് ഷൈനിന്റെ പീറ്റര്‍ ശിഖണ്ഡി- ദുര്യോധനന്‍ റഫറന്‍സ് ആണെന്നാണ്.

ഷൈനിന്റെ കഥാപാത്രത്തെ കാണുമ്പോള്‍ സ്വവര്‍ഗാനുരാഗിയായി തോന്നുന്നു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍.

തന്റെ ഭാര്യയില്‍ ഒട്ടും താല്‍പര്യമില്ലാത്ത പീറ്റര്‍ രതിപുഷ്പം എന്ന പാട്ടില്‍ കൂടെ ഡാന്‍സ് ചെയ്യുന്ന യുവാവിനോട് കാണിക്കുന്ന പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്.

തന്റെ ഭാര്യയില്‍ ഒട്ടും സാറ്റിസ്‌ഫൈഡല്ല എന്ന് തോന്നിക്കുന്ന പെരുമാറ്റമാണ് പീറ്ററിന്റേത്. ഭാര്യയോട് ദേഷ്യം, വെറുപ്പ്, അവളെ തന്റെ ചൊല്‍പടിക്ക് നിര്‍ത്താനുള്ള അമര്‍ഷം ഇതൊക്കെ പല സന്ദര്‍ഭങ്ങളിലായി പീറ്റര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഭാര്യയുമായിട്ടുള്ള ലൈംഗിക ബന്ധത്തിലും ആ ദാമ്പത്യ ജീവിതത്തിലും തീരെ സാറ്റിസ്‌ഫൈഡ് അല്ലാത്തതു കൊണ്ടായിരിക്കാം ഇത്തരത്തിലുള്ള അമര്‍ഷവും വെറുപ്പുമൊക്കെ പ്രകടിപ്പിക്കുന്നത് എന്നാണ് പീറ്ററിലൂടെ മനസിലാകുന്നത്.

എന്നാല്‍ രതിപുഷ്പത്തിലേക്കെത്തുമ്പോള്‍ താന്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തില്‍ ഡാന്‍സ് ചെയ്യാനെത്തുന്ന യുവാക്കളോട് ഇയാള്‍ കാണിക്കുന്ന താല്‍പര്യം ശിഖണ്ഡിയെ ഓര്‍മപ്പെടുത്തുന്നതാണ്. കൂടെ ഡാന്‍സ് ചെയ്യുന്ന യുവാവില്‍ ആകൃഷ്ടനാവുന്നത് നേരിട്ട് കാണിക്കുന്നില്ലെങ്കിലും പരോക്ഷമായി ആ ഒരു താല്‍പര്യത്തെ കൊണ്ടുവരാന്‍ അമല്‍ നീരദ് ശ്രദ്ധിച്ചിട്ടുണ്ട്.

പീറ്ററിന്റെ നിര്‍ദേശപ്രകാരം ഡാന്‍സറുടെ ചെസ്റ്റ് കാണാന്‍ പാകത്തിലുള്ള ഷര്‍ട്ടായിരുന്നു പാട്ടിന് വേണ്ടി തയ്പ്പിച്ചിരുന്നത്. ഡാന്‍സ് കളിക്കുമ്പോള്‍ ഡാന്‍സറുടെ പ്രിഷ്ട ഭാഗത്തില്‍ തന്നെ നോക്കുന്ന പീറ്ററിനേയും നമുക്ക് കാണാം.

ഡാന്‍സര്‍ക്ക് ഒരു സെക്‌സി സ്റ്റെപ്പ് അദ്ദേഹം തന്നെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. സ്റ്റെപ് പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ഡാന്‍സറുടെ പുറക് വശത്ത് ഒരു അടിയും പീറ്റര്‍ കൊടുക്കുന്നുണ്ട്.

ഭാര്യയോട് വെറുപ്പും ദേഷ്യവും കാണിക്കുന്ന അതേ പീറ്റര്‍ തന്നെയാണ് ഡാന്‍സറുടെ അടുത്ത് കൂളായി അയാളുടെ ലൈംഗിക ഭാഗങ്ങളെ നിരീക്ഷിച്ച് നില്‍ക്കുന്നത്. രണ്ട് ഇമോഷന്‍സിനേയും ഒരുപോലെ കൈകാര്യം ചെയ്യാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് സാധിച്ചിട്ടുണ്ട്.


Content Highlights: Shine Tom Chacko as Shikhandi in Bheeshma Parvam