പന്ത് മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ അവനെ പിന്തുണക്കേണ്ടേ? സഞ്ജു ഇനിയും കാത്തിരിക്കണം; തുറന്നടിച്ച് ധവാന്‍
Sports News
പന്ത് മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ അവനെ പിന്തുണക്കേണ്ടേ? സഞ്ജു ഇനിയും കാത്തിരിക്കണം; തുറന്നടിച്ച് ധവാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st December 2022, 2:13 pm

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ മൂന്നാം മത്സരവും മഴ കൊണ്ടുപോയതോടെ 1-0നായിരുന്നു കിവീസിന്റെ വിജയം.

പരമ്പരയിലുടനീളം വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ റിഷബ് പന്തിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചിരുന്നത്. ഈ സമയമെല്ലാം തന്നെ പുറത്ത് പന്ത് vs സഞ്ജു സംവാദവും കൊടുമ്പിരി കൊള്ളുകയായിരുന്നു.

മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്തും മുന്‍ താരങ്ങളായ ആശിഷ് നെഹ്‌റ, മുരളി കാര്‍ത്തിക് തുടങ്ങി പല സൂപ്പര്‍ താരങ്ങളും സഞ്ജുവിനായി വാദിച്ചപ്പോള്‍ ബോര്‍ഡും സെലക്ടര്‍മാരും പന്തിനൊപ്പം നില്‍ക്കുകയായിരുന്നു.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ എല്ലാ മത്സരത്തിലും ഒന്നൊഴിയാതെ പരാജയമായ പന്ത് താന്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റിന് പറ്റിയവനല്ല എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.

പരമ്പരയിലെ ഒറ്റ മത്സരത്തില്‍ മാത്രമായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി വിനിയോഗിച്ച സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുകയും ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തിരുന്നു.

മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷവും സഞ്ജുവിനെ ബെഞ്ചിലിരുത്തുകയും ഫ്‌ളോപ്പായ പന്തിന് വീണ്ടും അവസരം നല്‍കുകയുമാണ് ടീം ചെയ്തത്.

ഈ വിഷയത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍.

‘ഒരു മാച്ച് വിന്നര്‍ ആരാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഒരു ലാര്‍ജര്‍ ക്യാന്‍വാസിലേക്ക് നോക്കുകയും ആ ചിത്രം മനസിലാക്കുകയും വേണം. നിങ്ങള്‍ വിശകലനം നടത്തണം. നിങ്ങളുടെ തീരുമാനം അതിനെ അടിസ്ഥാനമാക്കിയാകണം.

സഞ്ജു തീര്‍ച്ചയായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങളിലെല്ലാം തന്നെ മികച്ച രീതിയിലാണ് സഞ്ജു കളിക്കുന്നത്.

എന്നാല്‍ അവസരങ്ങള്‍ക്കായി നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കും. കാരണം അവന്‍ (റിഷബ് പന്ത്) മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു മാച്ച് വിന്നര്‍ എന്ന നിലയില്‍ അവന്റെ സ്‌കില്ലുകള്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവന്‍ മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ അവനെ പിന്തുണക്കുകയാണ് വേണ്ടത്,’ ധവാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം അവസാനിച്ച ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയില്‍ കിവീസിന് മുമ്പില്‍ പരമ്പര അടിയറ വെച്ച് ഇന്ത്യക്ക് പരാജയം സമ്മതിക്കേണ്ടി വന്നിരുന്നു. പരമ്പരയിലെ അവസാന മത്സരവും മഴകൊണ്ടുപോയതോടെയാണ് ഇന്ത്യ കിവീസിന് മുമ്പില്‍ കാലിടറി വീണത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ മൂന്ന് വിക്കറ്റിന് ഓള്‍ ഔട്ടാവുകയായിരുന്നു. 64 മത്സരത്തില്‍ നിന്നും 51 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 49 റണ്‍സ് നേടിയ ശ്രേയസ് അയ്യരായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിന് കരുത്തായ മറ്റൊരു താരം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 18 ഓവറില്‍ 104ന് ഒന്ന് എന്ന നിലയില്‍ നില്‍ക്കവെ മഴയെത്തുകയും കളി ഉപേക്ഷിക്കേണ്ട സാഹചര്യം വരികയുമായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് ന്യൂസിലാന്‍ഡ് സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ മഴ കൊണ്ടുപോയതോടെയാണ് ന്യൂസിലാന്‍ഡ് പരമ്പര സ്വന്തമാക്കിയത്.

 

Content Highlight: Shikhar Dhawan’s response to Team India picking Rishabh Pant over Sanju Samson