സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
‘ധവാനെ ബലിയാടാക്കുകയാണ്, ഭുവിയെ പുറത്താക്കി ഇശാന്തിനെ എന്തിന് ടീമിലെടുത്തു’; കടുത്ത വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കറും രംഗത്ത്; വിവാദം ആളിക്കത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday 13th January 2018 6:15pm

മുംബൈ: രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ടീമിനെ വിടാതെ പിടികൂടി വിവാദം. ആദ്യ ടെസ്റ്റില്‍ അജിന്‍ക്യാ രഹാനെയെ ടീമിലെടുക്കാതിരുന്നതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയതെങ്കില്‍ ഇത്തവണ ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കിയതാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനെ പുറത്താക്കിയതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ് ധവാനെ ടീമിലെടുക്കാത്തതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ധവാനെ ബലിയാടാക്കുകയാണെന്നായിരുന്നു ഗവാസ്‌കറുടെ പ്രതികരണം.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാന് പകരം കെ.എല്‍ രാഹുലും ഭുവനേശ്വര്‍ കുമാറിന് പകരം ഇശാന്ത് ശര്‍മ്മയും ടീമിലിടം നേടിയപ്പോള്‍ സാഹയ്ക്ക് പകരക്കാരനായി പാര്‍ത്ഥീവ് പട്ടേലും ടീമിലെത്തിയിട്ടുണ്ട്. അതേസമയം, രഹാനെയെ ഇന്നും ടീമിലെടുത്തിട്ടില്ല.

‘ധവാന്‍ ബലിയാടാണെന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ തലയെന്നും അറവ് കത്തിയ്ക്ക് തയ്യാറായിരിക്കുകയാണ്. ഒരു മോശം ഇന്നിംഗ്‌സ് മതി, ടീമില്‍ നിന്നും പുറത്താകും.’ ഗവാസ്‌കര്‍ പറയുന്നു. ഭുവനേശ്വറിനെ ഒഴിവാക്കിയതിലും ഗവാസ്‌കര്‍ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

‘ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം തന്നെ മൂന്ന് വിക്കറ്റെടുത്ത ഭുവിയെ ഒഴിവാക്കി പകരം ഇശാന്തിനെ ടീമിലെടുത്തതും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഇശാന്തിന് പകരം ഷമിയോ ബുംറയോ ആണെങ്കിലും കുഴപ്പമില്ലായിരുന്നു. എനിക്കൊന്നും മനസിലാകുന്നില്ല’. എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും പേസ് ഇതിഹാസവുമായ അലന്‍ ഡൊണാള്‍ഡ് രംഗത്തെത്തിയിരുന്നു. നിങ്ങളെന്താ തമാശയാക്കുകയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലെ പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം തന്റെ വിയോജിപ്പ് അറിയിച്ചത്.

Advertisement